കലാക്ഷേത്രങ്ങൾ

ഉന്നതമായ കലാപാരമ്പര്യമുണ്ട് കേരളത്തിന്, കലാപ്രോത്സാഹനത്തിനായി നിരവധി സ്ഥാപനങ്ങളുണ്ടിവിടെ. വ്യക്തികളും സംഘങ്ങളും സർക്കാരുമൊക്കെ തുടങ്ങിയവ, അവയിൽ പ്രമുഖമായവയെ കുറിച്ച് അറിയാം.

സമ്പന്നമായ സാംസ്കാരിക പൈതൃകമാണ് കേരളത്തിനുള്ളത്. കഥകളിയും കൂത്തും കൂടിയാട്ടവും ചിത്രകലയും വാസ്തു വിദ്യയുമെല്ലാം ചേർന്ന് മഹത്തരമാക്കിയ സാംസ്കാരിക ലോകമാണത്. മഹാന്മാരായ കലാകാരന്മാർ മൺമറഞ്ഞു പോയിട്ടും അവരുടെ സ്മരണകൾ നിലനിർത്താനും കലാരൂപങ്ങളെ അനശ്വരമാക്കി നിലനിർത്താനും നമ്മുടെ സാംസ്കാരിക സ്ഥാപനങ്ങൾ ശ്രമിക്കുന്നു. പുതിയ കലാകാരന്മാർക്ക് പ്രോത്സാഹനം നൽകാനും കലയുടെ തെളിമയുള്ള ഉറവകളായി ഒഴുകാനും ഈ കലാക്ഷേത്രങ്ങൾക്ക് കഴിയുന്നു. കേരളത്തിന്റെ സാംസ്കാരിക ഉന്നതിയ്ക്കായി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളെ പരിചയപ്പെടാം.

kerala kalamandalam
കേരള കലാമണ്ഡലം
ഗുരുകുല സമ്പ്രദായത്തിൽ ഭാരതീയ നൃത്തകലകൾ അഭ്യസിപ്പിക്കുന്ന സ്ഥാപനമാണ് കേരള കലാമണ്ഡലം. തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിയിലാണ് ഈ കലാക്ഷേത്രം 1930 ൽ മഹാകവി വള്ളത്തോൾ നാരായണമേനോനും മൺകുളം മുകുന്ദരാജയും ചേർന്നാണ് കലാമണ്ഡലം സ്ഥാപിച്ചത്. രവീന്ദ്രനാഥ ടാഗോറുമായുള്ള അടുപ്പമാണ് വള്ളത്തോളിന് കലാമണ്ഡലം സ്ഥാപിക്കാൻ പ്രേരണയായത്. കഥകളി പരിപോഷിപ്പിക്കാൻ അദ്ദേഹം കുന്നംകുളത്ത് സ്ഥാപിച്ച കഥകളി വിദ്യാലയമാണ് പിൽക്കാലത്ത് കേരള കലാമണ്ഡലമായി മാറിയത്. കോഴിക്കോട്ടാണ് കലാമണ്ഡലം ആദ്യം രജിസ്റ്റർ ചെയ്തത്. വള്ളത്തോളിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തുമായി വിവിധയിടങ്ങൾ സന്ദർശിച്ച് കഥകളിക്ക് പ്രചുരപ്രചാരം നേടിക്കൊടുത്തു.

കഥകളി,മോഹിനിയാട്ടം,ഭരതനാട്യം,കുച്ചിപ്പുഡി,കൂടിയാട്ടം, തുള്ളൽ, ചെണ്ട, മദ്ദളം, മൃദംഗം,തിമില, കർണാടക സംഗീതം,കേരളീയ വാദ്യങ്ങൾ തുടങ്ങിയവ കലാമണ്ഡലത്തിൽ അഭ്യസിപ്പിക്കുന്നുണ്ട്. ആദ്യകാലത്ത് ഡിപ്ലോമ കോഴ്‌സുകളാണ് കലാമണ്ഡലത്തിൽ ഉണ്ടായിരുന്നത്. കലാരംഗത്തെ പ്രശസ്തമായ അദ്ധ്യാപകരുടെ പരിശീലനം ഇവിടെ ലഭ്യമായിരുന്നു. പരിശീലനം കഴിഞ്ഞിറങ്ങിയ വിദ്യാർഥികൾ സ്ഥാപനത്തിന്റെ പ്രശസ്തി ലോകമെങ്ങുമെത്തിച്ചു. ഇപ്പോൾ ഹൈസ്കൂൾ തലം മുതൽ ബിരുദ, ബിരുദാനന്തര പഠന സൗകര്യം വരെ ഇവിടെയുണ്ട്. ഗവേഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേരളീയ കലകളെ അടുത്തറിയാൻ ആധുനിക സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . 2007 ൽ കലാമണ്ഡലത്തിന് കല്പിത സർവകലാശാല പദവി ലഭിച്ചു. കലാരംഗത്തെ പ്രമുഖരുടെ ശിക്ഷണത്തിലാണ് കലാമണ്ഡലത്തിലെ പഠനം. ഡോ.കെ.ജി.പൗലോസ് ആയിരുന്നു കലാമണ്ഡലത്തിന്റെ ആദ്യ വൈസ് ചാൻസിലർ.ഡോ.ടി.കെ.നാരായണനാണ് ഇപ്പോഴത്തെ വൈസ് ചാൻസലർ.

കൂത്തമ്പലം,വള്ളത്തോൾ മ്യൂസിയം, ആർട്ട് ഗാലറി തുടങ്ങിയവയാണ് കലാമണ്ഡലത്തിലെ പ്രധാന ആകർഷണങ്ങൾ.
സാഹിത്യ അക്കാദമി
സാഹിത്യ അക്കാദമി
മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പരിപോഷണം ലക്ഷ്യമിട്ട് 1956 ൽ തിരുവനന്തപുരത്താണ് കേരള സാഹിത്യ അക്കാദമി സ്ഥാപിക്കപ്പെട്ടത്. രണ്ടു വർഷത്തിന് ശേഷം അക്കാദമിയുടെ ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റി. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ രാജാവായിരുന്നു അക്കാദമയിയുടെ ഉത്‌ഘാടകൻ. സർദാർ കെ.എം.പണിക്കരായിരുന്നു ആദ്യ അധ്യക്ഷൻ. സാഹിത്യ ഗ്രന്ഥസൂചി, മികച്ച സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്കും തിരിച്ചും പരിഭാഷപ്പെടുത്തൽ, സാഹിത്യകോശം, സർവ്വവിജ്ഞാന കോശം,മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്ക് ഉതകുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കൽ എന്നിവയാണ് കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപിത ലക്ഷ്യങ്ങൾ. സാഹിത്യ ചക്രവാളം മാസിക, സാഹിത്യലോകം, ത്രൈമാസിക, മലയാളം ലിറ്റററി സർവ്വേ, ഇംഗ്ലീഷ് ത്രൈമാസിക തുടങ്ങിയവ സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണങ്ങളാണ്. വിപുലമായ പുസ്തകശേഖരമുള്ള അക്കാദമിയിൽ സാഹിത്യ സാംസ്‌കാരിക നായകന്മാരുടെ ശബ്ദം റെക്കോർഡ് ചെയ്ത സൂക്ഷിച്ചിട്ടുള്ള ഓഡിയോ വീഡിയോ ലൈബ്രറിയും മൈക്രോ ഫിലിം ലൈബ്രറിയും ഉണ്ട്. ഇത്തരഭാഷകളിലെ ക്ലാസ്സിക്കുകളുടെ പരിഭാഷകളും അക്കാദമിയുടെ നേതൃത്വത്തിൽ നിർവഹിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശേഖരം അക്കാദമിയിലുണ്ട്. ആദ്യകാലത്ത് മാസികകളുടെ ശേഖരമുണ്ട്.വൈശാഖനാണ്‌ ഇപ്പോഴത്തെ പ്രസിഡന്റ്.
സംഗീത നാടക അക്കാദമി
സംഗീത നാടക അക്കാദമി
കേരളീയ നൃത്തരൂപങ്ങൾ, നാടകം,സംഗീതം, മാജിക്, ക്ഷേത്ര അനുഷ്ഠാന കലകൾ എന്നിവയുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് തൃശൂർ ആസ്ഥാനമായുള്ള സംഗീത നാടക അക്കാദമി.

1958 -ലാണ് അക്കാദമി രൂപം കൊണ്ടത്.അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവായിരുന്നു അക്കാദമി ഉത്‌ഘാടനം ചെയ്തത്. 1957 -ൽ ഐക്യ കേരളത്തിലെ പ്രഥമ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഇത് സ്ഥാപിക്കാൻ മുൻ കൈയെടുത്തത് . ആദ്യ കാലത്ത് സാഹിത്യ അക്കാദമിയോട് ചേർന്നായിരുന്നു. സംഗീത നാടക അക്കാദമിയുടെ പ്രവർത്തനം. പിന്നീട് തൃശൂർ നഗര മധ്യത്തിൽ സ്വരാജ് റൗണ്ടിനടുത്തും നായ്ക്കനാലിനടുത്തും ഉള്ള കെട്ടിടങ്ങളിൽ മാറിമാറി അഞ്ചു വർഷങ്ങളോളം പ്രവർത്തിച്ചു.അതിനു ശേഷമാണു അക്കാദമിക്ക് വേണ്ടി നിർമിച്ച മോഡൽ റീജിയണൽ തിയേറ്ററിന്റെ ബാൽക്കണിയിൽ ഓഫീസ് പ്രവർത്തിച്ചു തുടങ്ങിയത്. 1966 മുതൽ 16 വർഷം അവിടെ പ്രവർത്തിച്ചതിനു ശേഷം 1982 ൽ ഇന്നുള്ള കാര്യാലയത്തിലേക്ക് മാറി. തിയേറ്ററുകൾ,നാട്യഗൃഹം, കലാകാരന്മാർക്കുള്ള കോട്ടേജ്,ഗ്രന്ഥാലയം, മ്യുസിയം എന്നിവയെല്ലാം ഇവിടെയുണ്ട്.

സംഗീതജ്ഞനായ മങ്കു തമ്പുരാനായിരുന്നു അക്കാദമിയുടെ ആദ്യ അധ്യക്ഷൻ. പി.കെ.നമ്പ്യാർ ആദ്യ സെക്രട്ടറിയും.കെ.പി.എ.സി ലളിതയാണ് ഇപ്പോഴത്തെ അധ്യക്ഷ. കേളിയാണ് അക്കാദമിയുടെ മുഖപത്രം. എസ്.എൽ.പുരം സദാനന്ദൻ നാടകപുരസ്കാരം. സംസ്ഥാന അമച്വർ നാടക പുരസ്‌കാരം, പ്രൊഫഷണൽ നാടക പുരസ്‌കാരം തുടങ്ങിയവയും സ്വാതി പുരസ്കാരവും നിരവധി ഫെലോഷിപ്പുകളും അക്കാദമി നൽകിവരുന്നുണ്ട്.

വിവിധ കലകളുടെ ഉന്നമനത്തിനായി സെമിനാറുകൾ, സോദാഹരണ പ്രഭാഷണങ്ങൾ, ക്യാമ്പുകൾ തുടങ്ങിയവ അക്കാദമി സംഘടിപ്പിച്ചു വരുന്നു.കലകളെപ്പറ്റി വിശദമായി പഠിക്കുന്നതിന് സി.ഡി.കൾ, പുസ്തകങ്ങൾ, എന്നിവയും തയ്യാറാക്കുന്നു. പ്രഗല്ഭ കലാകാരന്മാരെ ആദരിക്കുന്നതിനും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങൾ പരിചയപ്പെടുത്തുന്നതിനും അക്കാദമി അവസരമൊരുക്കുന്നു.
lalit kala academy kerala
ലളിതകലാ അക്കാദമി
കാർട്ടൂൺ, ചിത്രകല, ശില്പകല, ഫോട്ടോഗ്രാഫി, ഗ്രാഫിക്സ് തുടങ്ങിയ കലകളുടെ വികസനത്തിനായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള ലളിതകലാ അക്കാദമി. പ്രശസ്തരും മണ്മറഞ്ഞവരുമായ ചിത്രകാരന്മാരുടെ ചിത്രങ്ങൾ ഇവെയ്ഡ് സംരക്ഷിച്ചു പോരുന്നുണ്ട്. വിവിധ ജില്ലകളിൽ അക്കാദമിയുടെ ആർട്ട് ഗാലറികളുണ്ട്. 1962-ൽ സ്ഥാപിതമായ അക്കാദമിയുടെ ആദ്യ ചെയർമാൻ രാജാരവിവർമ്മയുടെ മകൻ എം.രാമവർമരാജ ആയിരുന്നു. ദൃശ്യാ കല പഠനം,ഗവേഷണം,പരിശീലനം തുടങ്ങിയവയ്ക്കുള്ള സൗകര്യം അക്കാദമി ഒരുക്കുന്നുണ്ട്. ചിത്രവർത്തയാണ് അക്കാദമിയുടെ മുഖപത്രം.നേമം പുഷ്പരാജാണ് അക്കാദമിയുടെ അധ്യക്ഷൻ.
ഫോക്‌ലോർ അക്കാദമി
ഫോക്‌ലോർ അക്കാദമി
കാലഹരണപ്പെടുന്ന നാടനാ കലകളുടെ സംരക്ഷണത്തിനായി 1996 ലാണ് കണ്ണൂർ ആസ്ഥാനമായി കേരള ഫോക്‌ലോർ അക്കാദമി സ്ഥാപിക്കപ്പെട്ടത്. നടൻ കലകളുടെ പ്രചാരണം, കലാകാരന്മാർക്ക് പ്രോത്സാഹനം നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ അക്കാദമി നടത്തി വരുന്നു. നാടൻ കലകളെ പരിചയപ്പെടുത്തുന്നതിനുള്ള ഫോക്‌ലോർ മ്യുസിയവും ഇവിടെയുണ്ട്. നാടൻ കലകളെപ്പറ്റിയുള്ള പഠനങ്ങളും ഗവേഷണങ്ങളുമെല്ലാം ഉൾക്കൊള്ളിച്ച് 'പൊലി' എന്ന പേരിൽ മാസിക പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. സി.ജെ.കുട്ടപ്പനാണ് ഇപ്പോഴത്തെ ചെയർമാൻ.
Moyinkutty Vaidyar Mappila Kala Academy
മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി
മാപ്പിളപ്പാട്ട് മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ മഹാകവി മോയിൻകുട്ടി വൈദ്യരുടെ സ്മരണാർത്ഥം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. അറബിമലയാള ഗവേഷണ കേന്ദ്രം,മാപ്പിളകലാ ഗവേഷണകേന്ദ്രം, എന്നിവ ഇവിടെ പ്രവർത്തിച്ചു വരുന്നു. 1999 ലാണ് അക്കാദമി പ്രവർത്തനമാരംഭിച്ചത്.
chalachitra academy
ചലച്ചിത്ര അക്കാദമി
ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് രാജ്യത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ട സാംസ്കാരിക സ്ഥാപനമാണ് കേരള ചലച്ചിത്ര അക്കാദമി. തിരുവനന്തപുരമാണ് അക്കാദമിയുടെ ആസ്ഥാനം. അന്തർദേശീയ ചലച്ചിത്രോത്സവം, ദേശീയ ചലച്ചിത്രോത്സവം, യൂറോപ്യൻ യൂണിയൻ ചലച്ചിത്രോത്സവം, അന്തർദേശീയ ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രോത്സവം തുടങ്ങിയവ സംഘടിപ്പിക്കുന്നത് അക്കാദമിയാണ്. ജെ.സി.ഡാനിയേൽ പുരസ്കരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ടെലിവിഷൻ പുരസ്‌കാരം ജെ.സി.ഡാനിയേൽ പുരസ്കരം എന്നിവ അക്കാദമിയുടെ നേതൃത്വത്തിൽ നൽകിവരുന്നു. ഷാജി എൻ.കരുൺ ആയിരുന്നു അക്കാദമിയുടെ ആദ്യ ചെയർമാൻ.

ചലച്ചിത്ര ആസ്വാദന കോഴ്‌സുകൾ,ചലച്ചിത്ര പ്രദർശനങ്ങൾ, സഞ്ചരിക്കുന്ന സിനിമാശാല തുടങ്ങി സിനിമാ സംബന്ധിയായ പഠനത്തിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ അക്കാദമി നടത്തുന്നു.സംവിധായകൻ കമൽ ആണ് ഇപ്പോൾ അക്കാദമിയുടെ ചെയർമാൻ.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരത്തെ നളന്ദയാണ് 1968 ൽ സ്ഥാപിക്കപ്പെട്ട കേരള ഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ ആസ്ഥാനം. കോളേജ് തലത്തിലുള്ള പാഠ പുസ്തക പ്രസാധനവും പ്രാദേശിക ഭാഷാ ഗ്രന്ഥങ്ങൾ, നിഘണ്ടു എന്നിവ പ്രസിദ്ധപ്പെടുത്തൽ എന്നീ ലക്ഷ്യങ്ങളാണ് ഇൻസ്റ്റിട്യൂട്ടിന്റെ പ്രവർത്തനലക്ഷങ്ങൾ. വിജ്ഞാന ശബ്ദാവലി, മാനവിക ശബ്ദാവലി തുടങ്ങിയ നിഘണ്ടുക്കൾ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്.പ്രൊഫ.വി.കാർത്തികേയൻ നായരാണ് ഇപ്പോഴത്തെ ഡയറക്ടർ.

ഇൻസ്റ്റിട്യൂട്ടിന്റെ വൈജ്ഞാനിക പ്രസിദ്ധീകരണമാണ് വിജ്ഞാന കൈരളി.
സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ്
കേരളീയ സാംസ്‌കാരിക പൈതൃക സംരക്ഷണമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഹിൽ പാലസിലുള്ള സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് ൻടെ ലക്‌ഷ്യം. വിവിധ വിഷയങ്ങളിൽ പഠനത്തിനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
കുട്ടികളുടെ വൈജ്ഞാനിക വികാസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് 1981 -ൽ സ്ഥാപിതമായ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ സ്ഥാപനമാണിത്. തിരുവനന്തപുരം സംസ്കൃത കോളേജ് ക്യാമ്പസിൽപ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട്, തളിര് എന്ന പേരിൽ മാസികയും പ്രസിദ്ധീകരിച്ചു വരുന്നു.
കുമാരനാശാൻ സ്മാരക ദേശീയ ഇൻസ്റ്റിറ്റ്യൂട്ട്
മഹാകവി കുമാരനാശാന്റെ സ്മരണാർത്ഥം തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഏഷ്യയിലെ ഏറ്റവും വലിയ ചുമർ ചിത്രകലാ മ്യുസിയം ഇവിടെയാണ്. ആശാന്റെ കൃതികളെആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് മ്യുസിയത്തിലുള്ളത്.1958 ലാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. വിവേകോദയം എന്ന പേരിലുള്ള പ്രസിദ്ധീകരണവും സ്ഥാപനത്തിന്റെതാണ്.
കുഞ്ചൻ നമ്പ്യാർ സ്മാരകം
തുള്ളലിന്റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുടെ പേരിൽ രണ്ടു സ്മാരകങ്ങളാണുള്ളത്. അദ്ദേഹത്തിന്റെ ജന്മനാടായ കിള്ളിക്കുറിശി മംഗലത്തും അമ്പലപ്പുഴയിലും തുള്ളലിന്റെ പ്രചാരവും പഠനവും ഗവേഷണവുമാണ് സ്ഥാപനങ്ങളുടെ പ്രവർത്തനലക്ഷ്യം. മേയ് അഞ്ചു കുഞ്ചൻ ദിനമായി ആചരിക്കുകയും ചെയ്യുന്നുണ്ട്.കിള്ളിക്കുറിശ്ശി മംഗലത്തെ കലക്കത്ത് ഭവനം ദേശീയ സ്മാരകമാണ്.അമ്പലപ്പുഴയിൽ 1961 ലാണ് കുഞ്ചന് സ്മാരകം ഉയർന്നത്.
വൈലോപ്പിള്ളി സംസ്കൃതി ഭവൻ
കേരളീയ കലകൾ അവതരിപ്പിക്കുന്നതിന് തലസ്ഥാന നഗരത്തിലുള്ള ഇടമാണ് നന്ദൻകോട് നളന്ദയിലെ വൈലോപ്പിള്ളി സംസ്കൃതി ഭവൻ. 2001-ലാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. കലാപഠനത്തിനും കലാസംബന്ധിയായ രേഖകൾ സൂക്ഷിക്കുന്നതിനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗവേഷണ പഠന സൗകര്യവും ഉണ്ട്. മുദ്ര എന്ന പേരിൽ ദേശീയ നൃത്തോത്സവവും സംഘടിപ്പിച്ചു വരുന്നു.
ഉണ്ണായിവാര്യർ സ്മാരക കലാനിലയം
കഥകളി പരിശീലനവും പ്രോത്സാഹനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് തൃശൂർ ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാര്യർ സ്മാരക കലാനിലയം 1955 ഡിസംബർ അഞ്ചിന് പ്രവർത്തനം തുടങ്ങി. കഥകളിയിൽ ബിരുദകോഴ്‌സുകൾ അടക്കം ഇവിടെ പഠിക്കുന്നതിനുള്ള സൗകര്യമുണ്ട്.ഉണ്ണായി വാരിയർ പുരസ്‌കാരം നൽകുന്നത് കലാനിലയമാണ്.
Kannassa Smarakam, Niranam, Pathanamthitta
കണ്ണശ്ശ സ്മാരകം
കണ്ണശ്ശ കവികൾ എന്നും നിരണം കവികൾ എന്നും അറിയപ്പെടുന്ന മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ ,രാമപ്പണിക്കർ എന്നിവരുടെ സ്മരണകൾ നിലനിർത്തുന്നതിനുവേണ്ടി ആണ് കണ്ണശ്ശ സ്മാരകം പ്രവർത്തിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് നിരണത്തെ കണ്ണശ്ശൻ പറമ്പിലാണ് ഈ സ്മാരകം. കണ്ണശ്ശ കൃതികളുടെ പ്രസിദ്ധീകരണവും സാംസ്കാരിക പഠന കളരികൾ സംഘടിപ്പിക്കലുമാണ് സമിതിയുടെ പ്രവർത്തന ലക്‌ഷ്യം.
Thunchan Memorial, Tirur, Malappuram
തുഞ്ചൻ സ്മാരകം
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻടെ സ്മരണകൾ ഉറങ്ങുന്ന തുഞ്ചൻ പറമ്പിലാണ് തുഞ്ചൻ സ്മാരക ട്രസ്റ്റും ഗവേഷണകേന്ദ്രവും മലപ്പുറം ജില്ലയിലെ തിരൂരിലാണിത്. 1964 ജനുവരി 15 ന് ഉത്‌ഘാടനം ചെയ്യപ്പെട്ട ട്രസ്റ്റിന്റെ അധ്യക്ഷനായി 1993 മുതൽ എം.ടി.വാസുദേവൻ നായർ പ്രവർത്തിച്ചു വരുന്നു.

2008 ൽ മലയാളത്തിലെ ആദ്യ സാഹിത്യ മ്യുസിയം ഇവിടെ പ്രവർത്തനമാരംഭിച്ചു.എല്ലാവർക്കും വിവിധ ദേശങ്ങളിൽ നിന്നുള്ള പ്രശസ്തമായ എഴുത്തുകാരെ പങ്കെടുപ്പിച്ച് തുഞ്ചൻ ഉത്സവം നടത്താറുണ്ട്.
gurugopinath natanagramam
ഗുരു ഗോപിനാഥ് നടനഗ്രാമം
ഗുരു ഗോപിനാഥിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനമാണിത്. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് ആസ്ഥാനമായുള്ള സ്ഥാപനത്തിൽ സംഗീതം, നൃത്തം, വാദ്യങ്ങൾ എന്നിവ പരിശീലിപ്പിക്കുന്നുമുണ്ട്.

കേരളീയ കലകളും സംസ്ഥാനങ്ങളിലെ കലാരൂപങ്ങളും ചേർത്ത് തയ്യാറാക്കിയ നാഷണൽ ഡാൻസ് മ്യുസിയം ഇവിടത്തെ പ്രത്യേകതയാണ്.ചിലമ്പൊലി എന്ന പേരിൽ ഡാൻസ് ട്രൂപ്പും പ്രവർത്തിക്കുന്നുണ്ട്.
തകഴി സ്മാരകം
തകഴി സ്മാരകം
കുട്ടനാടിന്റെ കഥാകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ സ്മരണാർത്ഥം തകഴിയിലുള്ള അദ്ദേഹത്തിന്റെ വീടായ ശങ്കരമംഗലമാണ് തകഴി സ്മാരകമാക്കിയിട്ടുള്ളത്. 2001- ലാണ് മ്യുസിയം പ്രവർത്തനം തുടങ്ങിയത്.

തകഴിയുടെ രചനകൾ,മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനങ്ങൾ, പുരസ്‌കാരങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
Vasthu Vidya Gurukulam, Aranmula
വാസ്തുവിദ്യാ ഗുരുകുലം
വസ്തുവിദ്യാകല പ്രചരിപ്പിക്കുന്നതിനും അവബോധമുണ്ടാക്കുന്നതിനും ചുമർ ചിത്രകല പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാസ്തുവിദ്യ ഗുരുകുലം സ്ഥാപിക്കപ്പെട്ടത്.

ഇന്ത്യയിൽ സർക്കാർ മേഖലയിലുള്ള ആദ്യ സംരംഭമാണിത്.കേരളത്തിലെ പ്രസിദ്ധങ്ങളായ ചുമർ ചിത്രങ്ങൾ സർവേ നടത്തി ഡോക്യുമെന്ററി ചെയ്തു സംരക്ഷിക്കുന്ന ആദ്യ പദ്ധതിയും ഗുരുകുലത്തിൻടേതാണ്.

വാസ്തു വിദ്യയിലും ചുമർ ചിത്ര രചനയിലും വിവിധ പഠന കോഴ്‌സുകളും ഗുരുകുലം നടത്തി വരുന്നു.