ആദ്യ പക്ഷിസങ്കേതം 

തട്ടേക്കാട് പക്ഷിസങ്കേതത്തെക്കുറിച്ചുള്ള അറിവുകളിലൂടെ 

കേരളത്തിലെ ആദ്യ പക്ഷിസങ്കേതമാണ് എറണാകുളം ജില്ലയിലെ തട്ടേക്കാട്. 'പക്ഷിനിരീക്ഷകരുടെ പറുദീസ' എന്ന് ഇവിടം വിശേഷിപ്പിക്കപ്പെടുന്നു.

1983 ഓഗസ്റ്റിലാണ് തട്ടേക്കാടിനെ പക്ഷി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്.

ഇന്ത്യയിൽ കണ്ടു വരുന്ന ആയിരത്തി ഇരുനൂറോളം ഇനം പക്ഷികളിൽ 25 ശതമാനത്തോളം തട്ടേക്കാട് ഉണ്ടെന്നു പക്ഷി നിരീക്ഷകരും ഗവേഷകരും പറയുന്നു. അത്യപൂർവ ഇനങ്ങളും വംശനാശ ഭീഷണി നേരിടുന്നവയും അടക്കം 322 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 40 ശതമാനത്തോളം ദേശാടനപ്പക്ഷികളാണ്.

222 ഇനം പ്രാണികൾ, 46 ഇനം മൃഗങ്ങൾ, 32 ഇനം ഇഴജന്തുക്കൾ, 29 ഇനം തവളകൾ എന്നിവയും തട്ടേക്കാട് ഉള്ളതായി സർവേകൾ വ്യക്തമാക്കുന്നു, സങ്കേതത്തോട് ചേർന്നൊഴുകുന്ന പെരിയാറിൽ 55 ഇനം മത്സ്യങ്ങളെയും കണ്ടെത്തിയിട്ടുണ്ട്.

'മാക്കാച്ചിക്കാട' എന്നറിയപ്പെടുന്ന സിലോൺ ഫ്രോഗ് മൗത്ത് എന്ന അപൂർവയിനം പക്ഷി, മലമുഴക്കി വേഴാമ്പൽ, കോഴിവേഴാമ്പൽ, നീലത്തത്ത, കാട്ടുകോഴി, തീക്കാക്ക, മലവരമ്പൻ, റിപ്ലി മൂങ്ങ, വെള്ളിമൂങ്ങ, മീൻകൂമൻ, കാലൻകോഴി, ചെവിയൻ നത്ത്, പുള്ളുനത്ത് , വിവിധയിനം തത്തകൾ, കുരുവികൾ, പ്രാവുകൾ തുടങ്ങിയ പക്ഷികളുടെ ഇഷ്ടതാവളമാണ് തട്ടേക്കാട്.

പശ്ചിമഘട്ടത്തിലെ അത്യപൂർവ്വയിനം തവളയായ പാതാളത്തവളയെ (പർപ്പിൾ ഫ്രോഗ്) ആദ്യം കണ്ടെത്തിയതു തട്ടേക്കാടാണ്. മാളങ്ങളിൽ വസിക്കുകയും വർഷത്തിലൊരിക്കൽ മാത്രം പുറത്തു വരികയും ചെയ്യുന്ന ഇതിനെ സംസ്ഥാനത്തിന്ടെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കാനുള്ള നടപടികൾ നടന്നു വരികയാണ്.

മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന്ടെ ഭാഗമായ തട്ടേക്കാട് സങ്കേതത്തിന് 25.16 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം. ഇതിൽ 16 കി.മീ. മാത്രമാണ് വനം. തെക്കും തെക്കു കിഴക്കും മലയാറ്റൂർ റിസർവ് വനങ്ങളും വടക്ക് ഇടമലയാറും കിഴക്കും വടക്കു കിഴക്കും കുട്ടമ്പുഴ ഗ്രാമവും പടിഞ്ഞാറും തെക്കു പടിഞ്ഞാറും പെരിയാറുമാണ് സങ്കേതത്തിന്ടെ അതിർത്തികൾ. ജൈവ വൈവിധ്യത്തിന്ടെ കലവറ കൂടിയായ ഇവിടെ വർഷത്തിൽ 2500 മില്ലിമീറ്റർ മഴ ലഭിക്കുന്നു.

തട്ടേക്കാട് സങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റർ വിസ്തൃതിയിൽ പരിസ്ഥിതിലോല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം ഈയിടെ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി.

1933-ൽ തിരുവിതാംകൂർ - കൊച്ചി പക്ഷി സർവേക്ക് വേണ്ടി തിരുവിതാംകൂർ മഹാരാജാവിന്ടെ ക്ഷണം സ്വീകരിച്ചു തട്ടേക്കാടെത്തിയ പ്രശസ്ത പക്ഷി നിരീക്ഷകൻ ഡോ.സലിം അലിയുടെ നിർദേശ പ്രകാരമാണ് ഇവിടമൊരു പക്ഷി സങ്കേതമായി പ്രഖ്യാപിച്ചത്. ഒട്ടേറെ ഇനം പക്ഷികളെ അദ്ദേഹം ഇവിടെ കണ്ടെത്തി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏറ്റവുമധികം പക്ഷികളെ കാണാവുന്ന മേഖല' എന്ന് തട്ടേക്കാടിനെ വിശേഷിപ്പിച്ച ഡോ.സലിം അലി കിഴക്കൻ ഹിമാലയ മേഖലയോടാണ് ഇതിനെ താരതമ്യം ചെയ്തത്. 'സലിം അലി ബേർഡ് സാങ്ച്വറി' എന്നാണ് ഇപ്പോൾ തട്ടേക്കാട് പക്ഷി സങ്കേതം അറിയപ്പെടുന്നത്.