Wonder Islands of the World | Kerala PSC GK | Study Material

ലോകത്തിലെ അത്ഭുത ദ്വീപുകൾ

മനുഷ്യരിൽ പത്തിലൊന്നും വസിക്കുന്നത് ദ്വീപുകളിലാണ്. ഒരു ലക്ഷത്തിലേറെയുണ്ട് ദ്വീപുകൾ. അവയോരോന്നും വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ്. അക്കൂട്ടത്തിൽ അത്ഭുതകരമായ സവിശേഷതകളുള്ള ചിലതിനെക്കുറിച്ചാണ് വിവരിച്ചിട്ടുള്ളത്.
ഓരോ ദ്വീപും ഓരോ അത്ഭുതമാണ്. വ്യത്യസ്തയിനം ജന്തുജാലങ്ങളും സസ്യങ്ങളും നിറഞ്ഞ പ്രകൃതിയുടെ  വൈവിധ്യലോകമാണിത്. പൂർണമായും വെള്ളത്താൽ ചുറ്റപ്പെട്ടതാണ് ദ്വീപുകൾ. ഭൂമിയിൽ ഒരു ലക്ഷത്തിലധികം ദ്വീപുകൾ ഉള്ളതായി കണക്കാക്കുന്നു. പല രൂപത്തിലും വലുപ്പത്തിലും ഉള്ളവ. അതിൽ ജനവാസമുള്ളതും ഇല്ലാത്തവയുമുണ്ട്. ഇനിയും മനുഷ്യൻ ചെന്നെത്തിയിട്ടില്ലാത്തവ പോലുമുണ്ട്. പുതിയ ദ്വീപുകൾ ഉണ്ടാവുകയും ചിലവ ഇല്ലാതാവുകയും ചെയ്യുന്നു. 70 കോടിയിലധികം ജനങ്ങൾ ദ്വീപുകളിൽ ജീവിക്കുന്നു. അതായത് ഭൂമിയിലെ 10 പേരിൽ ഒരാൾ ദ്വീപ് നിവാസിയാണ്. ഏറ്റവും കൂടുതൽ ദ്വീപുകളുള്ള സമുദ്രം ശാന്തസമുദ്രമാണ്. ഇവിടെ ഏകദേശം 25000 -ത്തോളം ദ്വീപുകളുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഗ്രീൻലാൻഡാണ്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ പെടുന്നതാണിത്. പസിഫിക് സമുദ്രത്തിലെ ന്യൂഗിനിയാണ് ഏറ്റവും ഉയരമുള്ള ദ്വീപ്. ഏറ്റവും താഴ്ന്ന ദ്വീപ് രാഷ്ട്രം മാലിദ്വീപാണ്‌. കാലാവസ്ഥാവ്യതിയാനം മൂലം കടൽ നിരപ്പ് ഉയരുന്നതിനാൽ മിക്ക ദ്വീപുകളും എപ്പോൾ വേണമെങ്കിലും മുങ്ങിപ്പോകുന്ന അവസ്ഥയാണിന്നുള്ളത്.

അണ്വായുധങ്ങളുടെ ദ്വീപ്

പസിഫിക്ക് സമുദ്രത്തിൽ ഓസ്‌ട്രേലിയയ്ക്കും ഹവായ് ദ്വീപുകൾക്കുമിടയിൽ കിടക്കുന്ന ദ്വീപസമൂഹമാണ് ബിക്കിനി ദ്വീപ സമൂഹം. 23 ദ്വീപുകളുടെ കൂട്ടമാണിത്.1946 -നും 1958-നുമിടയിൽ 67 ആണവ പരീക്ഷണങ്ങളാണ് അമേരിക്ക ഇവിടെ നടത്തിയത്. അനുവദനീയമായതിന്ടെ ആയിരക്കണക്കിന് മടങ്ങ് ആണവ വികിരണം കൊണ്ട് ദ്വീപ് നിറഞ്ഞു. 

പരീക്ഷണങ്ങൾക്കായി ദ്വീപ് നിവാസികളെ പിന്നീട് തിരിച്ചു കൊണ്ടുവരാം എന്ന ഉറപ്പിൽ അമേരിക്ക തന്ത്രപൂർവ്വം മറ്റിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു.പക്ഷേ, അവർക്ക് ഒരിക്കലും തിരിച്ചു വരാൻ കഴിഞ്ഞില്ല. ഇവിടത്തെ കാറ്റിന് പോലും മരണത്തിന്റെ ഗന്ധമുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും റേഡിയേഷൻ ഇപ്പോഴും ദ്വീപിലുണ്ടെന്നാണ് ശാസ്ത്രീയമായ  കണ്ടെത്തൽ.

ഇന്ത്യയുടെ മിസൈൽ ദ്വീപ്

ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്തോട് ചേർന്ന് ഭദ്രക്ക് ജില്ലയിലെ ചെറുദ്വീപായ വീലർ ദ്വീപ് ഇന്ത്യയിലെ മിസൈൽ ദ്വീപ് എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ പ്രധാന ദീർഘദൂര മിസൈലുകളെല്ലാം പരീക്ഷിച്ചിട്ടുള്ളത് ഇവിടെയാണ്. എ.പി.ജെ.അബ്ദുൾ  കലാമിന്റെ അഭ്യർത്ഥന മാനിച്ച് ഈ ദ്വീപ് ഒഡീഷ സർക്കാർ പ്രതിരോധവകുപ്പിന് പിന്നീട് കൈമാറി.

2015-ൽ അബ്ദുൾ കലാമിന്റെ മരണശേഷം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചു കൊണ്ട് ദ്വീപിന് എ.പി.ജെ.അബ്ദുൾ കലാം ദ്വീപ് എന്ന് ഒഡീഷ സർക്കാർ നാമകരണം ചെയ്തു. 

മണ്ണൊലിപ്പ് നേരിടുന്ന ദ്വീപ് കൂടിയാണിത്. ഇത് നേരിടാൻ 20 ലക്ഷം വൃക്ഷങ്ങളാണ് നട്ടു വളർത്തിയിട്ടുള്ളത്. യുദ്ധ തന്ത്ര പ്രധാനമായ ദ്വീപാണ്. ജനവാസമില്ല.

വിത്തുകൾ സൂക്ഷിക്കുന്ന ദ്വീപ്

നോർവേയിലെ സ്വാൽബാർഡ് എന്ന സ്ഥലത്ത് മഞ്ഞ് മൂടിക്കിടക്കുന്ന ദ്വീപാണ് സ്പിറ്റ്സ് ബെർജൻ. ഇവിടെ സ്ഥാപിച്ചിട്ടുള്ള വമ്പൻ വിത്ത് നിലവറയാണ് ഡൂംസ് ഡേ (Dooms day) സീഡ് ബാങ്ക്.

നോർവേ സർക്കാരിന്റെ മേൽനോട്ടത്തിൽ 2008 -ലാണ് വിത്ത് നിലവറ പ്രവർത്തനം തുടങ്ങിയത്. 5,100 സ്‌പീഷീസുകളിൽപ്പെട്ട 90 ലക്ഷത്തിലധികം വിത്തുകൾ ബാങ്ക് ലോക്കറിലെന്നവണ്ണം ഇവിടെ സൂക്ഷിച്ചിരിക്കുന്നു. നിലവറയുടെ പ്രവർത്തനം കമ്പ്യൂട്ടറുകളാണ് നിയന്ത്രിക്കുന്നത്. ജീവനക്കാർ ആരുമില്ല. ഇന്ത്യയടക്കം ഒട്ടുമിക്ക ലോകരാജ്യങ്ങളിൽ നിന്നുള്ള വിത്തുശേഖരം ഈ നിലവറയിലുണ്ട്.

വെള്ളപ്പൊക്കം വന്നാലും തകരാത്തവിധം ഉയരത്തിലാണ് നിലവറയുടെ  സ്ഥാനം. നൂറു വർഷത്തേക്ക് വൈദ്യുതി പോയാൽ പോലും ഒന്നും സംഭവിക്കില്ല. 

സെയിന്റ് ഹെലേന എന്ന ചരിത്ര ദ്വീപ്

1502-ൽ പോർച്ചുഗീസ് നാവികർ ദക്ഷിണ അറ്റ്ലാന്റിക്ക് സമുദ്രത്തിൽ കണ്ടെത്തിയ ഒറ്റപ്പെട്ട ദ്വീപാണിത്. ജനസംഖ്യ ഇപ്പോൾ 4534. വിസ്തീർണ്ണം 35.7 ചതുരശ്ര കിലോമീറ്റർ.

1659 മുതൽ ബ്രിട്ടന്റെ അധീനതയിലാണ്. 1815 -ൽ വാട്ടർ ലൂ യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ടിനെ ബ്രിട്ടീഷുകാർ നാട് കടത്തിയത് ഈ ദ്വീപിലേക്കായിരുന്നു. ആറു വർഷത്തിന് ശേഷം അദ്ദേഹം മരിച്ചു. 

നെപ്പോളിയന്റെ അന്ത്യ നിമിഷങ്ങൾക്ക് സാക്ഷിയായ ദ്വീപ് എന്ന നിലയിൽ ഇത് ചരിത്ര ദ്വീപ് എന്നാണ് അറിയപ്പെടുന്നത്. ധാരാളം വിനോദ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. കപ്പലുകൾ ആണ് ആശ്രയം അടുത്തിടെ വിമാന സർവീസ് തുടങ്ങി.

ഒഴുകുന്ന കൃത്രിമ ദ്വീപ് 

ഓസ്ട്രിയയിലെ ഗ്രാസ് നഗര മധ്യത്തിലൂടെ ഒഴുകുന്ന മൂർ നദിയിലാണ് മനുഷ്യ നിർമിതമായ ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. സ്റ്റീൽ കൊണ്ടാണ് ഈ ദ്വീപ് ഉണ്ടാക്കിയിരിക്കുന്നത്. ന്യൂയോർക്കിലെ ആർട്ടിസ്റ്റ് 'വിറ്റോ അക്കോൻഡി' രൂപകൽപന ചെയ്ത ഈ കൃത്രിമ ദ്വീപിന് കടൽചിപ്പിയുടെ ആകൃതിയാണ്. മേൽക്കൂര ഗ്ലാസുകൊണ്ടു നിർമിച്ചിരിക്കുന്നു. ദ്വീപിനകത്ത് ഒരു കഫേയും ഒരു കളിസ്ഥലവുമുണ്ട്.

കാണാതായ ദ്വീപും ഉയർന്നു വന്ന ദ്വീപും

പാകിസ്ഥാനിൽ 2018 ഭൂകമ്പത്തിന്റെ ഫലമായി പുതിയൊരു ദ്വീപ് ഉയർന്നു വന്നു. ഗ്വാഡർ തീരപ്രദേശത്തെ ജൻഡയിലാണ് അരമൈൽ ദൈർഖ്യമുള്ള  ദ്വീപ് പൊങ്ങി വന്നത്. എന്നാൽ ലക്ഷദ്വീപിലെ ദ്വീപസമൂഹത്തിൽപ്പെട്ട ഒരു ദ്വീപ് കഴിഞ്ഞ 20 വർഷമായി കാണാനില്ല. അത് കടലിൽ താഴ്ന്നു പോയെന്നാണ്‌ അനുമാനം. ഈയിടെയാണ് ഇത് പുറം ലോകമറിയുന്നത്. ജനവാസമില്ലാത്ത ദ്വീപായിരുന്നു.

അപ്രത്യക്ഷമാകാൻ പോകുന്ന ദ്വീപ സമൂഹം

ലോകത്തെ നാലാമത്തെ ചെറുരാജ്യമായ ടുവാലു ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകാൻ പോകുന്നു. ഇവിടത്തെ പ്രധാനമന്ത്രി എനിലെ സ്പോഗ സഹായം അഭ്യർത്ഥിച്ച് യൂറോപ്യൻ യൂണിയനെ സമീപിച്ചിരിക്കുകയാണ്. ഇവിടത്തെ ഏറ്റവും ഉയർന്ന പ്രദേശത്തിന് സമുദ്രനിരപ്പിൽ നിന്നും 4 മീറ്റർ പൊക്കമേയുള്ളൂ. 10,000 ത്തോളം പേരാണ് ഇവിടെ പാർക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ദ്വീപ് സമീപ ഭാവിയിൽ മുങ്ങിപ്പോകുന്നതിന് കാരണം.

തെക്ക് പടിഞ്ഞാറൻ ശാന്ത സമുദ്രത്തിലെ ഒൻപത് ദ്വീപുകളുടെ സമൂഹമാണ് ടുവാലു. പവിഴപ്പുറ്റുകളാൽ നിർമിതമാണിത്. 26 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം.

കടൽത്തീരമില്ലാത്ത ദ്വീപ്

നീലക്കടലും നീലഗുഹകളുമുള്ള ചെറിയൊരു ദ്വീപായ കസ്‌റ്റലോറിസ (Kastelloriza) ഗ്രീസിന്റെ ഭാഗമാണ്. പ്രകൃതി സ്നേഹികളുടെയും വിനോദ സഞ്ചാരികളുടെയും സ്വപ്നഭൂമിയാണിത്. കടൽത്തീരമില്ല എന്നതാണ് പ്രത്യേകത.കാലെടുത്ത് വയ്ക്കുന്നത് കടലിലേക്കാണ്. ആകെ ജനസംഖ്യ 300. വിസ്തീർണം പത്ത് ചതുരശ്ര കിലോമീറ്റർ. മത്സ്യബന്ധനവും ടൂറിസവുമാണ് ജനങ്ങളുടെ പ്രധാന തൊഴിൽ. 

കുഞ്ഞൻ ദ്വീപ് 

ഗിന്നസ് ബുക്കിൽ ഇടം നേടിയ ലോകത്തിലെ ഏറ്റവും കുഞ്ഞൻ ദ്വീപാണ് ബിഷപ്പ് റോക്ക്. ബ്രിട്ടന് ചുറ്റുമുള്ള 1040 ചെറു ദ്വീപുകളിൽ ഒന്നാണിത്.49 മീറ്റർ ഉയരമുള്ള ഒരു ലൈറ്റ് ഹൗസ് മാത്രമാണ് ബിഷപ്പ് റോക്കിൽ ആകെയുള്ളത്. ആൾത്താമസമില്ല. 

കേരളത്തിലെ ദ്വീപ് വിശേഷങ്ങൾ

ദ്വീപിന്റെ പേരിൽ കലണ്ടർ പുതുവൈപ്പ് എന്ന വാക്കിന്റെ അർഥം പുതിയ നിക്ഷേപം എന്നാണ്. കൊച്ചിയിലെ വൈപ്പിൻ ദ്വീപുമായി ബന്ധപ്പെട്ടതാണ് ഈ പേർ. കിഴക്ക് കായലുകളുടെയും പടിഞ്ഞാറ് അറബിക്കടലിന്ടെയും വടക്കും തെക്കും കൊടുങ്ങല്ലൂരിന്റെയും കൊച്ചിയുടെയും ഇടയ്ക്കായിട്ടാണ് ഈ ദ്വീപ് കടലിലും കായലിലും പതിക്കുന്ന ചെളി നദി വലിച്ചു കൊണ്ട് വന്നതിന്ടെ നിക്ഷേപം മൂലം പിൽക്കാലത്ത് ഉണ്ടായതാണ് ഈ ദ്വീപ്. 

1341 മുതൽ മനുഷ്യവാസം തുടങ്ങി ഇതിന്ടെ ഓർമയ്ക്കായിട്ടാണ് അതേ കൊല്ലം ഒരു പുതിയ വർഷം ആരംഭിച്ചു. അതാണ് പുതുവൈപ്പ് വർഷം. 

മനുഷ്യനിർമിത ദ്വീപ് : കൊച്ചി തുറമുഖത്തെ മനുഷ്യ നിർമിത ദ്വീപാണ് വെല്ലിങ്ടൺ ഐലൻഡ്. ഏകദേശം 780 ഏക്കർ വിസ്തീർണമുണ്ടിതിന്. 

കൊച്ചി തുറമുഖത്ത് വലിയ കപ്പലുകൾ വരുന്നതിനു വേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും തുറമുഖത്തെ ആഴക്കടലുമായി ബന്ധിപ്പിച്ചു കൊണ്ട് 450 അടി വീതിയിലും മൂന്നര മൈൽ നീളത്തിലും കപ്പൽ ചാൽ നിർമിച്ചപ്പോൾ  എടുത്തു  മാറ്റിയ മണ്ണുമാണ് വെല്ലിങ്ടൺ ഐലന്ഡിന് രൂപം കൊടുത്തത്. അന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി  ആയിരുന്ന വെല്ലിങ്ടൺ പ്രഭുവിന്റെ പേരിലാണ് ദ്വീപ് അറിയപ്പെടുന്നത്. 

തടവറയായ ദ്വീപ്

അമേരിക്കയിലെ കാലിഫോർണിയയിലെ സാൻഫ്രാൻസിസ്‌ കോബെയിൽ കടലിലെ കൊച്ചുദ്വീപാണ്‌ അൽകാട്രാസ്. 1868 മുതൽ അമേരിക്കൻ ആഭ്യന്തര തടവുകാരെ ഇവിടെ പാർപ്പിച്ചു വരുന്നു. 1934 മുതൽ അമേരിക്കൻ സർക്കാരിന്റെ അതീവ സുരക്ഷാ ജയിലാക്കി. തടവുകാർക്കെതിരെ കൊടും ക്രൂരതകളാണ് ഇവിടെ നടന്നിരിക്കുന്നത്. 

1963-ൽ ഈ ദ്വീപ് ജയിലിനെതിരെ ലോകമെമ്പാടും വൻ പ്രതിഷേധം ഉയർന്നതോടുകൂടി താത്കാലികമായി അടച്ചു പൂട്ടി. ഇപ്പോഴും രഹസ്യമായി പ്രവർത്തിക്കുന്നതായി ലോക മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 

നാലായിരത്തോളം ദ്വീപുള്ള രാജ്യം

നാലായിരത്തോളം ദ്വീപുകളുടെ കൂട്ടമാണ് ജപ്പാൻ. പസിഫിക് സമുദ്രത്തിലാണിത്. ഹോൺഷൂ, ഹൊക്കൈ, ഡോ.ഷിക്കോകമ, ക്യൂഷു എന്നിവയാണ് പ്രധാന ദ്വീപുകൾ. ഏറ്റവും വലിയ ദ്വീപായ  ഹോൺഷൂവിലാണ് 80 ശതമാനം ജനങ്ങളും താമസിക്കുന്നത്. 

അഗ്നിപർവ്വതങ്ങളുടെ നാട് കൂടിയാണ് ജപ്പാൻ. പ്രധാന ദ്വീപുകളിലെല്ലാം അഗ്നിപർവ്വതങ്ങളുണ്ട്. ഇവയെല്ലാം എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അപകട മേഖലയിലാണ്. 

കുഴിച്ചെടുക്കാൻ പെട്രോളിയമോ, ധാതുക്കളോ ഇല്ലാതിരുന്നിട്ടും ജപ്പാൻ വികസനത്തിൽ അതിവേഗത്തിലാണ് ലോക രാജ്യങ്ങളുടെ മുന്നിലെത്തിയത്. 

ഔദ്യോഗിക നാമം : നിപ്പൺ. സൂര്യൻ ഉദിക്കുന്ന സ്ഥലം എന്നാണ് ഈ ജപ്പാൻ വാക്കിന്റെ അർഥം. ആകെ വിസ്തൃതി 3,77,765 ചതുരശ്ര കിലോമീറ്റർ.

അഗ്നിപർവ്വതങ്ങളുടെ ദ്വീപ്

അഗ്നി പർവതങ്ങളുടെ മടിത്തട്ടിലാണ് അമേരിക്കയിലെ ഹവായ് ദ്വീപ് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. ദിനംപ്രതി നൂറിലധികം പേർ ഇവിടെയെത്തുന്നു. എവറസ്റ്റ് കൊടുമുടിയേക്കാൾ വലുപ്പമുള്ള പർവ്വതത്തിന്ടെ മുകളിലാണ് ഈ ദ്വീപിന്റെ സ്ഥാനം. 

ലോകത്തിലെ ഏറ്റവും വലിയ രണ്ട് അഗ്നിപർവ്വതങ്ങൾ എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന വിധത്തിൽ ഇവിടെയുണ്ട്. മോണലോവ, കിളോവ എന്നിവയാണിവ.

പാവകൾക്കൊരു ദ്വീപ്

ഒരു ദ്വീപ് നിറയെ പാവകൾ, വികൃതമായ രൂപത്തിൽ നോക്കുന്നിടത്തെല്ലാം കാണാം. മെക്സിക്കോയിലെ പോച്ചി മിലിക്കോവിൽ ദ്വീപിലാണിത്. ഈ ദ്വീപിൽ പ്രേതങ്ങൾ വസിക്കുന്നുണ്ടെന്നാണ് വിശ്വാസം. പ്രേതബാധ അകറ്റാൻ പാവകൾക്ക് കഴിയുമെന്നുള്ള വിശ്വാസമാണ് ആളുകളെ ഈ ദ്വീപിലേക്ക് ആകർഷിച്ചത്. 

വന്നവർ പാവകളെ വികൃതമാക്കി ഇവിടത്തെ മരങ്ങളിൽ തൂക്കിയിടും. അതോടെ തങ്ങളെ പ്രേതങ്ങൾ ശല്യം ചെയ്യില്ലെന്നാണ് വിശ്വാസം. വർഷങ്ങളായി ഇത് തുടരുകയാണ്.

പവിഴപ്പുറ്റുകളുടെ ദ്വീപ്

ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ മുത്തുമാല പോലെ പൊങ്ങിക്കിടക്കുന്ന ദ്വീപ സമൂഹമാണ് മാലിദ്വീപുകൾ. ഏകദേശം 1300 ഓളം ദ്വീപുകളുണ്ട്. ഈ ദ്വീപസമൂഹത്തിൽ 200 ഓളം ദ്വീപുകളിൽ ജനവാസമില്ല. പവിഴപ്പുറ്റുകൾ വളർന്നുണ്ടായതാണ് ഈ ദ്വീപെന്നാണ് ഭൗമ ശാസ്ത്രജ്ഞരുടെ അഭിപ്രായം ഭൂമിയിലെ ഏറ്റവും താഴ്ന്ന ദ്വീപുകളാണിവ. 

ആകെ വിസ്തീർണം 298 ചതുരശ്ര കിലോമീറ്ററാണ്. ജനസംഖ്യ മൂന്നു ലക്ഷത്തോളം വരും.

അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ ദ്വീപ്

കടലിന്റെ അടിത്തട്ടിലുള്ള അഗ്നിപർവതം സ്‌ഫോടനത്തിനു ശേഷം ലാവ കടൽപ്പരപ്പിലേക്ക് ഒഴുകിയിറങ്ങി. തണുത്തുറഞ്ഞുണ്ടായ ദ്വീപാണ് സർട്ട് സി. 900 മീറ്റർ നീളവും 650 മീറ്റർ വീതിയുമുള്ള ഈ പുതിയ ദ്വീപിന്റെ ജനനം 1963 നവംബർ 15-നായിരുന്നു.ഐസ് ലാൻഡിലാണിത്.

പാമ്പുകളുടെ ദ്വീപ്

പാമ്പുകൾ മാത്രമുള്ള ദ്വീപ്. ബ്രസീലിലാണ് ക്യൂമെഡാ ഗ്രാന്റേ എന്ന സ്നേക്ക് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ടൂറിസ്റ്റുകൾ ഒരിക്കലും പോകാൻ പാടില്ലാത്ത ഇടമായി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രസീലിയൻ സർക്കാർ സന്ദർശകരെ ഇവിടെ വിലക്കിയിട്ടുണ്ട്. പോയവരാരും തിരിച്ചു വരാറില്ല. എന്നത് തന്നെ കാരണം. 

110 ഏക്കറോളം പരന്നു കിടക്കുന്ന ഈ ദ്വീപ് കൂറ്റൻ മരങ്ങളാലും പാറക്കെട്ടുകളാലും മനോഹരമാണ്. പണ്ട് ജനങ്ങൾ ഇവിടെ പാർത്തിരുന്നതായി തെളിവുകളുണ്ട്. സർക്കാരിന്റെ അനുവാദമില്ലാതെ പാമ്പിൻ വിഷം ശേഖരിക്കാൻ ചിലർ ഇവിടെ വരാറുണ്ട്. ഇവരിൽ ഭൂരിഭാഗവും പാമ്പുകടിയേറ്റ് മരിക്കാറുണ്ട്. 

വൃക്ഷങ്ങളുടെ ദ്വീപ്

500 വർഷത്തിൽ കൂടുതൽ പഴക്കമുള്ള എഴുന്നൂറില്പരം മരങ്ങൾ കൊണ്ട് അപൂർവമായൊരു ദ്വീപ്.  അറബിക്കടലിലെ, യമന് സമീപമുള്ള സൊക്കോട്രോ ദ്വീപ്. മറ്റെങ്ങും കാണാത്ത വൃക്ഷങ്ങളാണിവിടെയുള്ളത്. ഗ്രീക്ക് ചരിത്രകാരൻ  ഹെറോഡോട്ടസ്  ഈ ദ്വീപിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെയുള്ള മരങ്ങളിൽ പ്രധാനമാണ് ഡ്രാഗൺ വൃക്ഷങ്ങൾ. മുറിക്കുമ്പോൾ ചുവന്ന ദ്രാവകം വരുന്നത് കൊണ്ടാണ് ഇതിനു ഡ്രാഗൺ എന്ന പേര് കിട്ടിയത്. 50,000 ത്തോളം പേര് ഇവിടെ അധിവസിക്കുന്നുണ്ട്.

ഓസ്‌ട്രേലിയ എന്ന ദ്വീപ് ഭൂഖണ്ഡം

ഭൂഖണ്ഡങ്ങളിൽ ഏറ്റവും ചെറുതാണ് ഓസ്‌ട്രേലിയ. ദ്വീപ് ഭൂഖണ്ഡം എന്നാണിത് അറിയപ്പെടുന്നത്. ഓസ്‌ട്രേലിയ ഒരേസമയം രാജ്യത്തിന്റെയും വൻകരയുടെയും പേരാണ്. അജ്ഞാതമായ തെക്കൻ കര എന്നാണ് ഓസ്‌ട്രേലിയയുടെ അർഥം. ഒരു കുടിയേറ്റ വൻകരയാണ്. ഇവിടെയുള്ള  ബഹുഭൂരിപക്ഷം പേരും മറ്റു രാജ്യങ്ങളിൽ ജനിച്ചവരാണ്. കംഗാരുവിന്ടെ നാടാണ്. ലോകത്തെ യുറേനിയം നിക്ഷേപത്തിന്റെ 30 ശതമാനം ഓസ്‌ട്രേലിയയിലാണ്.

ക്രിസ്മസ് ദ്വീപ്

ഇന്ത്യൻ മഹാസമുദ്രത്തിലെ ചെറു ദ്വീപാണ് ക്രിസ്മസ് ദ്വീപ്. 1500 ഓളം പേർ മാത്രമാണ് താമസം. 1643 -ൽ ക്രിസ്മസ് ദിനത്തിലാണ് ഈ ദ്വീപ് കണ്ടു പിടിക്കപ്പെട്ടത്. ജൈവവൈവിധ്യത്തിന്ടെ ഈറ്റില്ലമാണിവിടം. വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന സ്ഥലം മഴക്കാടുകൾ കൊണ്ടും സമ്പന്നമാണ് ക്രിസ്മസ് ദ്വീപ്. 

സുഗന്ധ വ്യഞ്ജനങ്ങൾ നിറഞ്ഞ ദ്വീപ്

വെനസ്വേലയ്ക്ക് അടുത്ത് കരീബിയൻ കടലിൽ കിടക്കുന്ന ദ്വീപാണ് ഗ്രെനഡ. സുഗന്ധവ്യഞ്ജനങ്ങളാണ് പ്രധാന കൃഷി. അത് കൊണ്ടാണ് ഈ പേര് വന്നത് .അഗ്നിപർവ്വതങ്ങളുടെ രാജ്യം കൂടിയാണിത്. 1498-ൽ ക്രിസ്റ്റഫർ കൊളംബസ് ആണ്. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ ഗ്രെനഡ കണ്ടെത്തിയത്. 2004-ലെ വീശിയടിച്ച 'ഇവ' കൊടുങ്കാറ്റിൽ ദ്വീപിലെ 90 ശതമാനം വീടുകളും തകർന്നു.

നഗ്നരുടെ ദ്വീപ്

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ജപ്പാനിലെ ഒകിനോഷിമ ദ്വീപാണ് നഗ്നരുടെ ദ്വീപ് എന്ന് അറിയപ്പെടുന്നത്. ആണുങ്ങളുടെ ദ്വീപ് എന്നും ഇതറിയപ്പെടുന്നു. വിശ്വാസികൾ കടലിൽ സ്നാനം ചെയ്തശേഷം നഗ്നരായാണ് ഈ ദ്വീപിൽ പ്രവേശിക്കുക. ഇവിടത്തെ ടിന്റോ എന്ന ദേവാലയത്തിൽ നഗ്നർക്ക് മാത്രമേ പ്രാർത്ഥിക്കാൻ അനുവാദമുള്ളു. പുരുഷന്മാർ മാത്രമാണ് സന്ദർശകർ. 

കൊറിയയിലെ പെനിൻസുലയ്ക്കും തെക്കു പടിഞ്ഞാറൻ ദ്വീപായ ക്യൂഷുവിനും ഇടയിലാണ് ഒകിനോഷ്‌മ ദ്വീപ് സ്ഥിതി ചെയ്യുന്നത്. വിദേശരാജ്യങ്ങളിൽ നിന്നും കൊണ്ട് വന്ന നിരവധി പ്രാർത്ഥന ദ്രവ്യങ്ങളും കാഴ്ച വസ്തുക്കളും ദ്വീപിലുണ്ട്.

ഞായറാഴ്ച ദ്വീപ്

കരീബിയൻ കടലിലെ ഒരു ദ്വീപാണ് ഡൊമനിക്ക. ലാറ്റിൻ ഭാഷയിൽ ഈ വാക്കിനർത്ഥം ഞായറാഴ്ച എന്നാണ്. 1492 ഡിസംബറിൽ ഒരു ഞായറാഴ്ചയാണ് ക്രിസ്റ്റഫർ കൊളംബസ് ഡൊമനിക്കൽ തീരത്തെത്തിയത്. അതുകൊണ്ടാണ് ഈ  പേര് വന്നത്. വിസ്തീർണം 750 ചതുരശ്ര കിലോമീറ്റർ. ജനസംഖ്യ 70,000. 

പ്ലാസ്റ്റിക് ദ്വീപ്

വടക്ക് പസഫിക് സമുദ്രത്തിൽ ഉയർന്നു വന്ന ദ്വീപാണിത്.സമുദ്രത്തിൽ വന്നടിയുന്ന പ്ലാസ്റ്റിക് വസ്തുക്കൾ അടിഞ്ഞു കൂടിയായിരുന്നു ഇങ്ങനെയൊരു ദ്വീപ് ഉണ്ടായത്. ഇന്ത്യയിലെ ഉത്തർപ്രദേശും മധ്യപ്രദേശത്തും കൂട്ടിയിണക്കിയാലുണ്ടാവുന്നത്രയും വിസ്തീർണമുണ്ട്. കൃത്രിമ ഉപഗ്രഹം വഴിയായിരുന്നു ഇത് കണ്ടെത്തിയത്.