Downloads: loading...
Total Downloads: loading...
തിരുവിതാംകൂറിലെ രാഷ്ട്രീയ ചലനങ്ങൾ
തിരുവിതാംകൂറിലെ പ്രധാന പ്രക്ഷോഭങ്ങളെയും അതിനു നേതൃത്വം കൊടുത്ത പ്രസ്ഥാനങ്ങളെയും നേതാക്കളെയും പ്രധാന പ്രസിദ്ധീകരണങ്ങളെയും കുറിച്ചുള്ള കുറിപ്പുകളുടെ രണ്ടാം ഭാഗമാണിത്. കെ.എ.എസ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, എച്ച്.എസ്.എ മുതലായ പരീക്ഷകൾക്ക് പ്രയോജനപ്പെടുത്താവുന്ന വിവരങ്ങളാണിതിലുള്ളത്.നായർ സർവീസ് സൊസൈറ്റി
- 1914 ഒക്ടോബർ 31 ന് ചങ്ങനാശ്ശേരി പെരുന്നയിൽ ഉള്ള മന്നത്ത് ഭവനത്തിൽ വെച്ച് നായർ ഭൃത്യ ജനസംഘം രൂപം കൊണ്ടു. കണ്ണൻ മേനോനാണ് ഈ പേര് നൽകിയത്.
- മന്നത്ത് പദ്മനാഭനായിരുന്നു ഇതിന്ടെ സ്ഥാപകൻ.
- നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ രൂപമാണിത്.
- എൻ.എസ്.എസ് എന്ന പേര് നൽകിയത് കെ.പരമുപിള്ള.
- മന്നത്തു പദ്മനാഭനൊപ്പം 13 സുഹൃത്തുക്കളും ചേർന്നു.
- എൻ.എസ്.എസിന്റെ ആദ്യ പ്രസിഡന്റ് കെ.കേളപ്പനായിരുന്നു ആദ്യ സെക്രട്ടറി മന്നത്ത് പദ്മനാഭൻ.
- ജാതിവ്യത്യാസം ഇല്ലാതാക്കുക, നായന്മാർക്കിടയിൽ പ്രചാരത്തിലുള്ള താലികെട്ട് കല്യാണം, തിരണ്ടുകുളി തുടങ്ങിയ ആചാരങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.
- എൻ.എസ്.എസിന്റെ കീഴിൽ ആരംഭിച്ച ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം കോട്ടയം ജില്ലയിൽ കറുകച്ചാലിൽ ആരംഭിച്ച പ്രൈമറി സ്കൂളാണ്.
- ഭാരത കേസരി എന്ന് വിശേഷിപ്പിക്കപ്പെട്ട മലയാളി മന്നത്ത് പദ്മനാഭനാണ്.
- കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നതും മന്നത്ത് പദ്മനാഭനാണ്. സർദാർ കെ.എം.പണിക്കരാണ് ഇങ്ങനെ വിശേഷിപ്പിച്ചത്.
പെരിനാട് ലഹള
- 1915 ഒക്ടോബർ 24 -ന് അയ്യൻകാളിയുടെ ആഹ്വാനമനുസരിച്ച് പുലയ സ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിഞ്ഞു നടത്തിയ സമരം.
- കല്ലുമാല സമരം എന്നും ഇതറിയപ്പെടുന്നു.
- കൊല്ലം ജില്ലയിലെ പെരിനാട് എന്ന സ്ഥലത്തു വെച്ചായിരുന്നു ശക്തമായ ഈ പ്രതിഷേധം.
- പെരിനാട്ടിൽ ചെറുമൂട് എന്ന സ്ഥലത്ത് സാധുജന പരിപാലന സംഘം ഒരു യോഗം വിളിച്ചു കൂട്ടി.
- ഗോപാല ദാസായിരുന്നു അധ്യക്ഷൻ. സമ്മേളനത്തെ സവർണ വർഗക്കാർ ആക്രമിച്ചു. പുലയ വിഭാഗക്കാർ തിരിച്ചടിച്ചു.ഒരാഴ്ചയോളം സംഘർഷാവസ്ഥ തുടർന്നു.
- ഡിസംബർ 10 ന് അയ്യൻകാളിയുടെ ശ്രമഫലമായി പെരിനാട് സർവ സമുദായ സമ്മേളനം വിളിച്ചു കൂട്ടി. ഈ സമ്മേളനത്തിന്ടെ അധ്യക്ഷൻ ചങ്ങനാശേരി പരമേശ്വരൻ പിള്ളയായിരുന്നു.
ഊരൂട്ടമ്പലം ലഹള
- പുലയ സമുദായത്തിൽപ്പെട്ട കുട്ടികൾക്ക് തിരുവനന്തപുരത്തിനടുത്ത് ഊരൂട്ടമ്പലം സ്കൂളിൽ പ്രവേശനം നൽകാതിരുന്നതിനെത്തുടർന്ന് അയ്യൻകാളിയുടെ നേതൃത്വത്തിൽ 1915 -ൽ നടന്ന പ്രക്ഷോഭമാണ് ഊരൂട്ടമ്പലം ലഹള എന്നറിയപ്പെടുന്നത്.
- തൊണ്ണൂറാമാണ്ട് ലഹള എന്നും ഇതറിയപ്പെടുന്നു.
ദേശാഭിമാനി വാരിക
- 1915 -ൽ കൊല്ലത്തു നിന്ന് ദേശാഭിമാനി പത്രം വാരികയായി ആരംഭിച്ചു. (കൊല്ലവർഷം 1090 മേടം നാല്).
- ടി.കെ മാധവനും കെ.പി.കയ്യാലയ്ക്കും ഉടമസ്ഥർ ടി.കെ.നാരായണൻ ആദ്യ പത്രാധിപർ.
- 'ഈഴവ സമുദായത്തിന്ടെ പ്രതിനിധി' എന്ന പ്രസ്താവനയോടെ ആരംഭിച്ച വാരിക.
- 1917 -ൽ വാരികയുടെ പത്രാധിപത്യം ടി.കെ.മാധവൻ ഏറ്റെടുത്തു.
- 1930 -ൽ വാരികയുടെ പ്രവർത്തനം നിലച്ചു.
സമദർശി
- 1918 -ൽ കുളകുന്നത്ത് രാമൻ മേനോന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരത്തു നിന്ന് സമദർശി വാരിക ആരംഭിച്ചു.
- ആദ്യ പത്രാധിപർ കുന്നത്ത് ജനാർദ്ദന മേനോൻ, 1922 -ൽ തിരുവിതാംകൂറിൽ ദിവാൻ രാഘവയ്യയുടെ പട്ടാളവും പോലീസും വിദ്യാർത്ഥി സമരത്തെ നേരിട്ടതിനെ പത്രാധിപർ എതിർത്തത് ഉടമസ്ഥന് ഇഷ്ടപ്പെട്ടില്ല.
- പത്രാധിപർ രാജിവെച്ചതിനെ തുടർന്ന് എ.ബാലകൃഷ്ണപിള്ള (പിൽക്കാലത്ത് കേസരി ബാലകൃഷ്ണപിള്ള) പത്രാധിപരായി. 1926 -ൽ അദ്ദേഹം രാജി വെച്ചു.
ശ്രീ നാരായണഗുരുവിന്ടെ ശ്രീലങ്കൻ പര്യടനം
- 1918 ഒക്ടോബർ 5 -ന് ശ്രീ നാരായണ ഗുരു ശ്രീലങ്കയിലെത്തി.
- ശ്രീ നാരായണ ഗുരുവിന്ടെ ആദ്യത്തെ വിദേശ പര്യടനമായിരുന്നു അത്.
- അനുചരന്മാരായ ബോധാനന്ദൻ, രാമാനന്ദൻ, ശങ്കരാനന്ദൻ, സത്യവ്രതൻ, ഹനുമാൻ ഗിരി എന്നിവരും ഗുരുവിനൊപ്പം ശ്രീലങ്കയിലെത്തി.
- ശ്രീ നാരായണഗുരു ആദ്യമായി കാവി ധരിക്കുന്ന സന്ദർഭമായിരുന്നു ഇത്.
- ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി വിജ്ഞാനോദയയോഗം സംഘടിപ്പിച്ച് സ്വാമി സത്യവ്രതനെ അവിടെ നിയോഗിച്ചു.
- ശ്രീ നാരായണഗുരു 12 ദിവസത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചു. മൂന്നു കൊല്ലം സ്വാമി സത്യവ്രതൻ ശ്രീലങ്കയിൽ പ്രവർത്തിച്ചു.
പൗരസമത്വവാദ പ്രക്ഷോഭം
- തിരുവിതാംകൂറിലെ എല്ലാ ജനങ്ങൾക്കും ജാതിമതഭേദമന്യേ സമത്വം നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ 1919 - 22 കാലയളവിൽ സംഘടിപ്പിച്ച പൗരസമത്വവാദ പ്രക്ഷോഭം തിരുവിതാംകൂറിലെ ആദ്യകാല രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ പ്രധാനപ്പെട്ടതാണ്.
- ആദ്യകാലത്ത് ദേവസ്വങ്ങൾ റവന്യു വകുപ്പിന്ടെ ഭാഗമായിരുന്നു. റവന്യൂ വകുപ്പിൽ അഹിന്ദുക്കൾക്കും അവർണ ഹിന്ദുക്കൾക്കും നിയമനം നൽകിയിരുന്നില്ല. ഇതിനെതിരേ അവർണ ഹിന്ദുക്കൾ, ക്രൈസ്തവ, മുസ്ലീം സമുദായങ്ങൾ ഒന്നിച്ചു.
- 1919- ൽ ഇ.ജെ.ജോണിന്റെയും ടി.കെ.മാധവന്റെയും നേതൃത്വത്തിൽ പൗരാവകാശ ലീഗ് സ്ഥാപിതമായി.
- 1922 -ൽ ഏപ്രിലിൽ അവശതാ പരിഹാരത്തിനായി സംഘടന സർക്കാരിന് നിവേദനം നൽകി.
- പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിച്ച സർക്കാർ ലാൻഡ് റവന്യൂ വകുപ്പിനെ റവന്യൂ ദേവസ്വം എന്നിങ്ങനെ രണ്ടു വകുപ്പുകളായി വിഭജിച്ച് രാജകീയ വിളംബരം പുറപ്പെടുവിച്ചു.
- അതിന്ടെ ഫലമായി അവർണ ഹിന്ദുക്കളും അഹിന്ദുക്കളും പുതിയ റവന്യൂ വകുപ്പിൽ നിയമനങ്ങൾക്ക് അർഹരായി. അങ്ങനെ പൗരസമത്വവാദ പ്രക്ഷോഭത്തിലൂടെ ഉദ്യോഗങ്ങളിൽ ഒരു പരിധി വരെ അവസരസമത്വം നേടിയെടുക്കാൻ സാധിച്ചു.
സാംബവർ സംഘം
- 1919 -ൽ തിരുവിതാംകൂറിൽ സാംബവർ സംഘം രൂപവത്കരിച്ചു.
- പാഴൂർ രാമൻ ചേന്നന്റെ നേതൃത്വത്തിലാണ് സാംബവർ സംഘം രൂപം കൊണ്ടത്.
- നാഗർകോവിൽ സ്വദേശിയായ ജ്ഞാന ജോഷ്യായുടെ സഹായത്തോടെ കാവാരിക്കുളം കണ്ടൻ കുമാരൻ, പാഴൂർ രാമൻ ചേന്നൻ തുടങ്ങിയ പറയ സമുദായ നേതാക്കൾ പറയൻ എന്ന ജാതിപ്പേര് മാറ്റി തമിഴ്‌നാട്ടിലെ ശിവഭക്തരായ പറയർക്കുള്ള സാംബവർ എന്ന പേര് അനുവദിക്കണമെന്ന് 1918 -ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന് നിവേദനം സമർപ്പിച്ചു.
- രാമൻ ചേന്നൻ തന്റെ പേര് പാഴൂർ ശിവസുബ്രഹ്മണ്യ സാംബവർ എന്നാക്കി മാറ്റി.
സർവീസ്
- നായർ സർവീസ് സൊസൈറ്റിയുടെ ആശയാദർശങ്ങൾ പ്രചരിപ്പിക്കുന്നതിനായി കോട്ടയം ജില്ലയിലെ കറുകച്ചാലിൽ നിന്ന് 'സർവീസ് മാസിക പ്രസിദ്ധീകരണമാരംഭിച്ചു.
- ഉടമസ്ഥൻ പെരുമ്പഴുതൂർ ഗോവിന്ദപ്പിള്ള ആദ്യ പത്രാധിപർ കണ്ണൻ നായർ.
- പിന്നീട് ചങ്ങനാശ്ശേരിയിലേക്കും 1921 -ൽ തിരുവനന്തപുരത്തേക്കും പ്രസിദ്ധീകരണം മാറ്റി.
- നായർ റെഗുലേഷന് അനുകൂലമായ അഭിപ്രായം സംഘടിപ്പിക്കുന്നതിനും നായന്മാർക്കിടയിലെ ഉപജാതി വ്യത്യാസമില്ലാതാക്കാനും സർവീസ് ഗണ്യമായ പങ്കു വഹിച്ചു.
മദ്യവർജനം
- 1920 -ൽ ശ്രീ നാരായണഗുരുവിന്റെ ജന്മദിന സന്ദേശത്തിൽ "മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്,കുടിക്കരുത്" എന്ന ഉപദേശം നൽകി.
- തുടർന്ന് ടി.കെ.മാധവന്റെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ മദ്യവർജന പ്രക്ഷോഭം നടത്തി.
നിയമസഭാ പരിഷ്‌കാരം
- തിരുവിതാംകൂർ സർക്കാർ നിയമസഭ പരിഷ്കരിച്ചു കൊണ്ട് 1920 -ൽ രാജകീയ വിളംബരം പുറപ്പെടുവിച്ചു.
- ലെജിസ്ലേറ്റീവ് കൗൺസിലിന്ടെ കൂടിയ അംഗ സംഖ്യ ഇരുപത്തഞ്ചും കുറഞ്ഞത് പതിനഞ്ചുമാക്കി ഉയർത്തി.
- നാമമാത്രമായ ഈ പരിഷ്ക്കരണം ജനങ്ങളെ തൃപ്തിപ്പെടുത്തിയില്ല.
- ചങ്ങനാശേരി പരമേശ്വര പിള്ളയുടെ നേതൃത്വത്തിൽ പ്രക്ഷോഭമാരംഭിച്ചു.
- പുതിയ നിയമസഭയുടെ ഉദ്‌ഘാടന ദിവസം സംഘടിപ്പിക്കാനിരുന്ന പ്രതിഷേധ പ്രകടനം നിരോധനാജ്ഞ വഴി സർക്കാർ തടഞ്ഞു.
- പ്രക്ഷോഭങ്ങളുടെ ഫലമായി ശ്രീമൂലം പ്രജാസഭ പുനഃ സംഘടിപ്പിച്ചു. അംഗസംഖ്യ 25-ൽ നിന്ന് 50 ആക്കി ഉയർത്തി.
- വോട്ടവകാശം 25 രൂപ വാർഷിക നികുതി നൽകുന്നവർക്ക് മാത്രം എന്നത് മാറ്റി അഞ്ചു രൂപ എന്നാക്കി കുറച്ചു.
- സ്ത്രീകൾക്കും വോട്ടവകാശം നൽകാൻ തീരുമാനമായി.
സ്വരാട്
- കൊല്ലത്തു നിന്ന് എ.കെ.പിള്ള 1921 -ൽ 'സ്വരാട്' എന്ന പേരിൽ ദ്വൈവാരിക ആരംഭിച്ചു.
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സന്ദേശവും സ്വാതന്ത്ര്യ സമര പ്രചാരണവും തിരുവിതാംകൂറിലെങ്ങുമെത്തിച്ച ആദ്യ പ്രസിദ്ധീകരണമാണ് 'സ്വരാട്.
- 1926 -ൽ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റി. പിന്നീട് ദിനപ്പത്രമായി.
- സാമ്പത്തിക ഞെരുക്കവും പത്രമാരണ നിയമവും കാരണം സ്വരാടിന്റെ പ്രവർത്തനം നിലച്ചു.
മഹാസന്ദേശം
- 1921 മേയ് 15 -ന് ആലുവ അദ്വൈതാശ്രമത്തിൽ സമസ്ത കേരള സഹോദര സമ്മേളനം നടന്നു.
- ശ്രീ നാരായണഗുരുവായിരുന്നു സമ്മേളനത്തിന്ടെ അധ്യക്ഷൻ.
- "മനുഷ്യരുടെ മതം, ഭാഷ. വേഷം മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതു കൊണ്ടാണ് അന്യോന്യം വിവാഹവും പന്തി ഭോജനവും ചെയ്യുന്നതിന് ഒരു ദോഷവുമില്ല" എന്ന ഗുരുവിന്ടെ
- ഉപദേശം 'മഹാസന്ദേശം' എന്ന പേരിൽ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
വിദ്യാർത്ഥി മർദ്ദനം
- ദിവാൻ രാഘവയ്യയുടെ നിർദേശ പ്രകാരം സംസ്ഥാന വരുമാനം കൂട്ടുന്നതിന്ടെ ഭാഗമായി 1922 -ൽ ഫീസ് വർദ്ധിപ്പിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി.
- വിദ്യാർത്ഥികളെ അടിച്ചമർത്താൻ നിയോഗിച്ച പോലീസും കുതിരപ്പട്ടാളവും യൂണിവേഴ്സിറ്റി കോളേജ് വളപ്പിന് അകത്തു കടന്ന് വിദ്യാർത്ഥികളെ വേട്ടയാടി.
- കേരളത്തിൽ ആദ്യമായി വിദ്യാർത്ഥി സമരത്തിന് നേരെ സർക്കാർ മർദ്ദനമുണ്ടായി.
- വിദ്യാർത്ഥി മർദ്ദനത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധവും പ്രക്ഷോഭവും നടന്നു.
ടാഗോർ ശിവഗിരിയിൽ
- 1922 നവംബർ 22 -ന് രവീന്ദ്രനാഥ ടാഗോർ വർക്കല ശിവഗിരിയിലെത്തി ശ്രീ നാരായണ ഗുരുവിനെ സന്ദർശിച്ചു.
- ദീനബന്ധു സി.എഫ്.ആൻഡ്രുസും ടാഗോറിനൊപ്പം ഉണ്ടായിരുന്നു.
- ടാഗോർ-ഗുരു സംഭാഷണം തത്സമയം പരിഭാഷപ്പെടുത്തിയത് കുമാരനാശാനായിരുന്നു.
- സന്ദർശനത്തെക്കുറിച്ച് ടാഗോർ പിന്നീട് എഴുതി, "ഞാൻ ലോകത്തിന്ടെ നാനാഭാഗങ്ങളിലും സഞ്ചരിച്ചു വരുകയാണ്. ഇതിനിടയിൽ പല സിദ്ധന്മാരെയും മഹർഷിമാരെയും സന്ദർശിച്ചിട്ടുണ്ട്. എന്നാൽ, ശ്രീ നാരായണ ഗുരുവിനേക്കാൾ മികച്ചതോ അദ്ദേഹത്തിനു തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല.
രണ്ട് മരണങ്ങൾ
- 1924 ജനുവരി 16 -ന് കൊല്ലത്തു നിന്ന് ആലപ്പുഴയിലേക്ക് വരുകയായിരുന്ന റെഡീമർ ബോട്ട് കരുനാഗപ്പള്ളി പല്ലനയാറ്റിൽ മറിഞ്ഞ് മഹാകവി കുമാരനാശാൻ അന്തരിച്ചു.
- 1924 മേയ് അഞ്ചിന് സന്യാസിയും പണ്ഡിതനും കേരളത്തിന്റെ സാമൂഹിക പുരോഗതിക്ക് വേണ്ടി പ്രവർത്തിച്ച സമുദായ പരിഷ്കർത്താവുമായ വിദ്യാധിരാജ ശ്രീ പരമഭട്ടാരക ചട്ടമ്പിസ്വാമികൾ പന്മനയിൽ അന്തരിച്ചു.
അയിത്തോച്ചാടന കമ്മിറ്റി
- 1924 ജനുവരി 24 -ന് കെ.പി.സി.സി യോഗം എറണാകുളത്ത് ചേരുകയും അയിത്തോച്ചാടനം അടിയന്തര വിഷയമായിക്കണ്ടു അതിലേക്കായി കെ.കേളപ്പൻ, ടി,കെ,മാധവൻ, കെ.വേലായുധമേനോൻ തുടങ്ങിയവരടങ്ങിയ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.
- 1924 ഫെബ്രുവരി 19 ന് കൊല്ലത്ത് സമ്മേളിച്ച അയിത്തോച്ചാടന കമ്മിറ്റി എല്ലാ ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം ലഭിക്കണം' എന്ന ആവശ്യം ഉന്നയിച്ചു.
- കൊല്ലത്ത് സ്വരാട് വാരികയുടെ ഓഫീസിൽ ആയിരുന്നു ഈ യോഗം ചേർന്നത്.
വൈക്കം സത്യാഗ്രഹം
- 1924 മാർച്ച് 30 -ന് വൈക്കം ക്ഷേത്ര റോഡിൽ അവർണ ഹിന്ദുക്കൾക്കും പ്രവേശിക്കാനുള്ള അനുവാദത്തിനു വേണ്ടി സത്യാഗ്രഹ സമരം ആരംഭിച്ചു.
- 1924 -ലെ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ കേരളത്തിന്റെ അയിത്താചാരത്തിന്ടെ ദുരിതങ്ങളെക്കുറിച്ച് ടി.കെ .മാധവൻ നടത്തിയ നിവേദന പ്രകാരം കോൺഗ്രസ് കമ്മിറ്റികൾ അയിത്തോച്ചാടനം പ്രധാന വിഷയമായെടുത്ത് പ്രവർത്തിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു.
- ക്ഷേത്ര നിരത്തിലൂടെ അവർണ്ണർക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്റെ നേതൃത്വത്തിൽ യോഗം നടന്നു.
- ടി.കെ.മാധവൻ സമരം സംഘടിപ്പിക്കാൻ മുൻകൈയെടുത്ത് കോൺഗ്രസ് പിന്തുണച്ചു. ടി.കെ.മാധവൻ, കെ.കേളപ്പൻ,കെ.പി.കേശവമേനോൻ, കുറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്, മന്നത്ത് പദ്മനാഭൻ, കണ്ണത്തോട് വേലായുധമേനോൻ, ടി.ആർ.കൃഷ്ണസ്വാമി അയ്യർ തുടങ്ങിയവരായിരുന്നു സത്യാഗ്രഹ സമരത്തിലെ പ്രമുഖർ.
- ഓരോ ദിവസവും സവർണരും അവർണ്ണരുമായ മൂന്നു പേർ 'അവർണ്ണർക്ക് പ്രവേശനമില്ല' എന്നെഴുതിയ ബോർഡിന്റെ പരിധി കടന്ന് ക്ഷേത്രത്തിലേക്ക് പോകുക എന്നതായിരുന്നു സമര രീതി.
- ശ്രീ നാരായണഗുരുവിന്റെ വൈക്കത്തുള്ള വെല്ലൂർ മഠമായിരുന്നു സത്യാഗ്രഹാശ്രമമായി ഉപയോഗിച്ചത്.
- സത്യാഗ്രഹത്തിന്റെ ആദ്യ ദിനത്തിൽ പുലയ യുവാവായ കുഞ്ഞിപ്പിയും ഈഴവ യുവാവായ ,ബാഹുലേയനും നായർ യുവാവായ ഗോവിന്ദപ്പണിക്കരും സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തു ഇവരെ അറസ്റ്റു ചെയ്ത് ആറു മാസത്തേക്ക് തടവിന് ശിക്ഷിച്ചു.
- ഏപ്രിൽ ഒന്നിന് ഗാന്ധിജിയുടെ നിർദേശപ്രകാരം സത്യാഗ്രഹം താത്കാലികമായി നിർത്തി വെച്ചു. സവർണഹിന്ദുക്കളുമായി സന്ധി സംഭാഷണം നടത്തി. എന്നാൽ, അത് ഫലപ്രദമായില്ല. ഏപ്രിൽ ഏഴിന് സത്യാഗ്രഹം വീണ്ടും തുടങ്ങി.
- തമിഴ്‌നാട്ടിൽ നിന്ന് ഇ.വി.രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തിൽ ഒരു സംഘവും പഞ്ചാബിൽ നിന്ന് ലാൽ സിങ്ങിന്റെ നേതൃത്വത്തിൽ അകാലികളും സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തി.
- ഇ.വി.രാമസ്വാമി നായ്കർ പെരിയോർ, തന്തെ പെരിയോർ, വൈക്കം വീരർ എന്നിങ്ങനെ അറിയപ്പെടുന്നു. തന്തെ പെരിയോർ സ്മാരകം വൈക്കത്ത് സ്ഥിതി ചെയ്യുന്നു.
- പഞ്ചാബിൽ നിന്നെത്തിയ അകാലികൾ സത്യാഗ്രഹ ക്യാമ്പിൽ സൗജന്യ ഭക്ഷണശാല തുറന്നു.
- സെപ്റ്റംബർ ഏഴിന് ശ്രീ നാരായണഗുരു സത്യാഗ്ര ഹാശ്രമം സന്ദർശിച്ചു.
- നവംബർ ഒന്നിന് ക്ഷേത്ര റോഡിൽ അവർണ്ണർക്ക് പ്രവേശനം ആവശ്യപ്പെട്ടു കൊണ്ട് മന്നത്തു പത്മനാഭൻ, എസ്.പത്മനാഭമേനോൻ, എസ്.കെ.നാരായണപിള്ള, ചങ്ങനാശേരി പരമേശ്വരപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സവർണജാഥ വൈക്കത്തു നിന്ന് കാൽനടയായി തിരുവനന്തപുരത്തേക്ക് തിരിച്ചു.
- അന്നേ ദിവസം തമിഴ്‌നാട്ടിലെ ശുചീന്ദ്രത്തു നിന്ന് എം.ഇ.നായിഡു, ശിവതാണുപിള്ള എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു ജാഥ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
- നവംബർ 13 -ന് രണ്ടു ജാഥകളും തിരുവനന്തപുരത്ത് സന്ധിച്ച് ചങ്ങനാശേരി പരമേശ്വര പിള്ളയുടെ നേതൃത്വത്തിൽ ഒരു നിവേദ സംഘം പൂജപ്പുര സീതൽ മൗണ്ട് കൊട്ടാരത്തിലെത്തി 23,000 ആളുകൾ ഒപ്പിട്ട ഒരു ഭീമഹർജി റീജന്റ് മഹാറാണി സേതുലക്ഷ്മി ബായിക്ക് നൽകി.
- 1925 ഫെബ്രുവരി ഏഴിന് വൈക്കം ക്ഷേത്ര റോഡും മറ്റ് റോഡുകളും ജാതിമത ഭേദമന്യേ എല്ലാ ജനവിഭാഗത്തിനും സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എൻ.കുമാരൻ തിരുവിതാംകൂർ പ്രജാസഭയിൽ അവതരിപ്പിച്ച പ്രമേയം 21 ന് എതിരെ 22 വോട്ടുകൾക്ക് പരാജയപ്പെട്ടു.
- ഫെബ്രുവരി 19 ന് യങ് ഇന്ത്യയിൽ ഗാന്ധിജി എഴുതി, "വൈക്കം സത്യാഗ്രഹികൾ സ്വരാജിനെക്കാൾ അപ്രധാനമല്ലാത്ത ഒരു കാര്യത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്. മതത്തിന്ടെ മുഖം മൂടിയണിഞ്ഞ മതാഭാസത്തിനും പാണ്ഡിത്യത്തിന്ടെ വേഷം ധരിച്ച അന്ധതയ്ക്ക് എതിരെ നടത്തേണ്ടി വരുന്ന ഒട്ടേറെ സമരങ്ങളിൽ ഒന്ന് മാത്രമാണിത്."
ഗാന്ധിജിയുടെ രണ്ടാം സന്ദർശനം
- 1925 മാർച്ച് എട്ടിന് എറണാകുളത്ത് എത്തിയ ഗാന്ധിജി 10 -ആം തീയതി അവിടെ നിന്ന് ബോട്ടു മാർഗം വൈക്കത്തെത്തി. ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനമായിരുന്നു ഇത്.
- തിരുവനന്തപുരം പോലീസ് കമ്മീഷണർ പിറ്റുമായി ചർച്ച നടത്തി. പൊതുയോഗത്തിൽ പ്രസംഗിച്ചു. അടുത്ത ദിവസം വൈക്കം വിട്ടു.
- മാർച്ച് 12 -ന് ശിവഗിരിയിലെത്തിയ ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ചു.
- കോട്ടയം ജില്ലാ ജഡ്ജിയായിരുന്ന എൻ.കുമാരൻ സംഭാഷണം പരിഭാഷപ്പെടുത്തി.
- ഗാന്ധിജിയുടെ അഭിപ്രായങ്ങളും നിർദേശങ്ങളുമനുസരിച്ച് പ്രവൃത്തിക്കാൻ ശ്രീ നാരായണഗുരു സദസ്സിനെ ഉപദേശിച്ചു.
- വർക്കല കൊട്ടാരത്തിലെത്തിയ ഗാന്ധിജി തിരുവിതാംകൂർ റീജന്റ് റാണി സേതു ലക്ഷ്മി ഭായിയുമായും തിരുവിതാംകൂർ ദിവാനുമായും ചർച്ചകൾ നടത്തി. ഇതിന്ടെ ഫലമായി സത്യാഗ്രഹ സ്ഥലത്തെ പോലീസ് ഇടപെടൽ അവസാനിച്ചു.
- മാർച്ച് 18 -ന് പറവൂർ വഴി ആലുവയിലെത്തി അദ്വൈതാശ്രമം സന്ദർശിച്ചു. തൃശൂരിൽ യോഗക്ഷേമ സഭയുടെ യോഗത്തിൽ പ്രസംഗിച്ചു. മാർച്ച് 23 -ന് ഗാന്ധിജി മദ്രാസിലെത്തി.
സമരത്തിന്റെ വിജയം
- 1925 നവംബർ 23 -ന് വൈക്കം ക്ഷേത്രത്തിന്ടെ കിഴക്കേ നട ഒഴികെയുള്ള നിരത്തുകൾ ജാതിമത ഭേദമന്യേ എല്ലാവർക്കുമായി തുറന്നു കൊടുക്കാൻ തിരുവിതാംകൂർ സർക്കാർ തീരുമാനിച്ചു.
- 20 മാസം നീണ്ടു നിന്ന വൈക്കം സത്യാഗ്രഹത്തിന് 603 -ആം ദിവസം വിജയകരമായ സമാപനം.
മരുമക്കത്തായത്തിന് അന്ത്യം
- തിരുവിതാംകൂറിൽ രണ്ടാം നായർ ആക്ട് സ്വത്തിനു ആളോഹരി വ്യവസ്ഥ പ്രദാനം ചെയ്തു.
- മാതുലന്മാർക്കും മരുമക്കൾക്കും സ്വത്തിലുണ്ടായിരുന്ന അവകാശം ഇല്ലാതാക്കി.
- മരുമക്കത്തായ വ്യവസ്ഥയുടെ അന്ത്യമായി, ബഹുഭാര്യത്വം അവസാനിച്ചു.
- ഇതേ നിയമങ്ങൾ ഉൾക്കൊള്ളുന്ന ഈഴവ ആക്ടും 1925 -ൽ നിലവിൽ വന്നു.
ശുചീന്ദ്രം സത്യാഗ്രഹം
- അയിത്തം, തൊട്ടു കൂടായ്മ, എന്നിവയ്‌ക്കെതിരെ തിരുവിതാംകൂറിൽ നടന്ന ജനമുന്നേറ്റമാണ് ശുചീന്ദ്രം സത്യാഗ്രഹം. ശുചീന്ദ്രം ഇപ്പോൾ തമിഴ് നാട്ടിലാണ്.
- ശുചീന്ദ്രത്തെ അനീതിയ്‌ക്കെതിരെ രംഗത്തെത്തിയ കാട്ടാറിലെ ഭിഷഗ്വരനായ ഡി.എം.ഇ.നായിഡുവാണ് ശുചീന്ദ്രം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്.
- ശുചീന്ദ്രത്തെ അവസ്ഥയെക്കുറിച്ച് ശ്രീമൂലം അസ്സംബ്ലിയിൽ കുമാരനാശാൻ മുൻപ് ഒരിക്കൽ നടത്തിയ പ്രസംഗം ചരിത്ര രേഖയാണ്.
- ഇതോടനുബന്ധിച്ച് നാഗർകോവിൽ സന്ദർശിച്ച് ഗാന്ധിജി ചെയ്ത പ്രസംഗം ശുചീന്ദ്രം സമരഭടന്മാർക്ക് ആശ്വാസമായി.
- എം.ഇ.നായിഡുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം 1926 ജനുവരി 29 -ന് സത്യാഗ്രഹത്തിന് തീരുമാനിച്ചു.
- താണു മലയപ്പെരുമാൾ, സുബ്രഹ്മണ്യപിള്ള, പെരുമാൾ പണിക്കർ, ഗാന്ധിദാസ്, സി.മുത്തുസ്വാമി എന്നിവരായിരുന്നു സത്യാഗ്രഹത്തിലെ മറ്റു പ്രമുഖർ.
- പി.രാമസ്വാമി നായ്കർ സത്യാഗ്രഹികളെ സന്ദർശിച്ചു ഊർജ്ജം പകർന്നു.
പത്രമാരണ നിയമം
- 1926 മെയ് 22 -ന് തിരുവിതാംകൂർ വർത്തമാന പത്ര നിയമം (അഞ്ചാം റെഗുലേഷൻ) പത്രങ്ങൾക്കിടയിൽ നിയന്ത്രണം കർശനമാക്കി.
- ഇത് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് ചേർന്ന പൗര മഹായോഗം പ്രമേയം പാസാക്കി.
- രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കാനായി പി.കെ.നാരായണ പിള്ള അധ്യക്ഷനും എ.ബാലകൃഷ്ണപിള്ള, എ.നാരായണപിള്ള, എ.കെ.പിള്ള തുടങ്ങിയവർ അംഗങ്ങളുമായി ഒരു കമ്മിറ്റി രൂപവത്കരിച്ചു.
രണ്ടാം ശ്രീലങ്കൻ യാത്ര
- 1926 ഒക്ടോബർ 30 ന് ശ്രീനാരായണ ഗുരു രണ്ടാം വട്ടം ശ്രീലങ്കയിലെത്തി.
- ശിഷ്യന്മാരായ വിദ്യാനന്ദൻ, സുഗുണാനന്ദൻ, എന്നിവരോടൊപ്പം ഗുരു കൊളംബോ തുറമുഖത്തിറങ്ങി.
- 1926 ഡിസംബർ 22 -ന് തിരികെ മധുരയിലെത്തി.
- 1927 ജനുവരി ഒന്നിന് നാരായണ ഗുരു വർക്കലയിലെത്തി.
ഗാന്ധിജി വീണ്ടും കേരളത്തിൽ
- 1927 ഒക്ടോബർ ഒൻപതിന് ഗാന്ധിജി വീണ്ടും കേരളത്തിലെത്തി.
- നാഗർകോവിൽ വഴി തിരുവനന്തപുരത്ത് എത്തിയ ഗാന്ധിജി തിരുവിതാംകൂർ മഹാരാജാവിനെയും റാണിയെയും കണ്ട് തിരുവാർപ്പ് ക്ഷേത്ര റോഡിൽ അയിത്തജാതിക്കാരെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തി.
- ഒക്ടോബർ 11 -ന് തിരുവനന്തപുരം വിട്ടു. കൊല്ലം,ആലപ്പുഴ വഴി ഒക്ടോബർ 13 -ന് എറണാകുളത്ത് എത്തി.
- ഒല്ലൂർ, തൃശൂർ വഴി ഒക്ടോബർ 15 -ന് പാലക്കാട് എത്തി. അവിടെ വെച്ച് കാഞ്ചി കാമകോടി പീഠത്തിലെ ശങ്കരാചാര്യരുമായി സംഭാഷണം നടത്തി.
ശ്രീനാരായണ ഗുരു സമാധി
- 1928 സെപ്റ്റംബർ 20 ന് ശ്രീനാരായണ ഗുരു വിട പറഞ്ഞു.
- മരിക്കുന്നതിന് ഏതാനും മാസം മുൻപ് 1928 ജനുവരി ഒൻപതിനാണ് ശ്രീനാരായണ ധർമ സംഘത്തിൻടെ നിയമാവലി തൃശൂർ രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തത്.
- തന്റെ സർവ സ്വത്തും ധർമസംഘം ട്രസ്റ്റിനായി ശ്രീ നാരായണഗുരു എഴുതി വെച്ചു.
- ബോധാനന്ദൻ, ഗോവിന്ദാനന്ദൻ, ആത്മാനന്ദൻ, ശങ്കരാനന്ദൻ, രാമാനന്ദൻ, ധർമ്മതീർത്ഥൻ, നീലകണ്‌ഠ ബ്രഹ്മചാരി, വിദ്യാനന്ദൻ, പി.നടരാജൻ, ഏണസ്റ്റ് കർക്ക് എന്നിവരായിരുന്നു ആരംഭത്തിൽ ധർമ്മസംഘം ട്രസ്റ്റിൽ ഉണ്ടായിരുന്നത്.
- ശ്രീനാരായണ ഗുരുവിന്റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യനാണ് ഏണസ്റ്റ് കർക്ക്.
0 Comments