Various Methods of Farming | Study Material | Download in PDF
Different types of Farming in India play a major role in improving the livelihood of two third of the people reciting in India. Today, India ranks second in agricultural production in the world and produces diverse crops and raw materials for industries compared to other countries in the world. Thanks to the modifications in technologies and farming equipment over time that have led our farmers contribute to the development of their people and nation. Moreover, various Sociocultural practices, climatic conditions, and other aspects have also contributed to the advancement of Different types of agriculture systems in India in 2023. Presently India practices traditional as well as modern methods of farming.


Cuniculture

ക്യുനികൾച്ചർ (Cuniculture)

ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന ഒരു കൃഷിയാണ് മുയൽ വളർത്തൽ. മുയലുകളെ അലങ്കാരത്തിനും ഇറച്ചിക്കും വേണ്ടിയാണ് വളർത്തുന്നത്. അഞ്ചു മുതൽ എട്ട് വർഷം വരെയാണ് മുയലുകളുടെ ശരാശരി ആയുസ്സ്. മുയലുകൾക്കുള്ള ഒരു പ്രത്യേകതയാണ് അവയുടെ പല്ല്. മുയലുകളുടെ പല്ല് ജീവിതകാലം മുഴുവൻ വളർന്നുകൊണ്ടിരിക്കുന്നു. മാംസത്തിനും രോമത്തിനും വേണ്ടി മുയലുകളെ വളർത്തുന്നതിനെയാണ് ക്യുനികൾച്ചർ എന്നു പറയുന്നത്. മനുഷ്യൻ ഇണക്കി വളർത്തിയ മൃഗങ്ങളിൽ അലങ്കാരത്തിനും ഇറച്ചിക്കും ഒരുപോലെ ഉപകരിക്കുന്ന ജീവിയാണ് മുയൽ. കുറഞ്ഞ മുതൽമുടക്ക്, കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കാനുള്ള കഴിവ്, കുറഞ്ഞ തീറ്റച്ചെലവ്, പോഷകമൂല്യമേറിയ ഇറച്ചി എന്നിവയാണ് മുയൽവളർത്തലിന്റെ ഗുണങ്ങൾ. ചിലയിനം മുയലുകളുടെ രോമവും വിപണനസാധ്യതയുള്ളതാണ്. ഉൽപാദനക്ഷമത കുറഞ്ഞ നാടൻ മുയലുകൾക്കു പകരം അത്യുൽപാദന ശേഷിയുള്ള വിദേശ, സങ്കരയിനം മുയലുകളാണ് കൂടുതൽ ആദായകരം. കേരളത്തിലെ പല സർക്കാർ ഏജൻസികളും സന്നദ്ധ സംഘടനകളും മുയൽക്കുഞ്ഞുങ്ങളെ വിൽക്കുന്നുണ്ട്. മണ്ണുത്തിയിലെ മുയൽ വളർത്തൽ കേന്ദ്രം, പാലക്കാട് ജില്ലയിലെ ഐ.ആർ.ടി.സി മുയൽ ഫാം എന്നിവ ഇവയിൽ ചിലതാണ്.
Apiculture

എപ്പികൾച്ചർ (Apiculture)

തേനീച്ചവളർത്തലിന് പറയുന്ന പേരാണ് എപ്പികൾച്ചർ. തേനീച്ചകളാണ് തേൻ ഉൽപാദിപ്പിക്കുന്നത്. പല പ്രമുഖ മതഗ്രന്ഥങ്ങളിലും തേനിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഭക്ഷണമായും മരുന്നായും തേൻ ഉപയോഗിക്കാമെന്ന് പ്രാചീനകാലത്തെ കണ്ടെത്തിയിരുന്നു. എപ്പിസ് എന്ന സ്പീഷിസിൽപ്പെട്ട ഷഡ്പദങ്ങളാണ് തേനീച്ചകൾ. അതിൽ നിന്നാണ് എപ്പികൾച്ചർ എന്ന പദം രൂപപ്പെട്ടത്. തേനിന് ആവശ്യക്കാർ കൂടിയതോടെ കൃത്രിമമാർഗങ്ങൾ ഉപയോഗിച്ച് തേനീച്ചകളെ വളർത്തുന്ന രീതിയാണിത്. തേനീച്ചവളർത്തലും തേനുൽപാദനവും വൻ ലാഭമുള്ള വ്യവസായമാണിന്ന്. പരാഗണത്തിനായെത്തുന്ന വിരുന്നുകാരെ കാത്താണ് പൂക്കൾ പൂന്തേൻ ഒരുക്കുന്നത്. നെക്ടറീസ് എന്നറിയപ്പെടുന്ന ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന ദ്രാവകമാണ് പൂന്തേൻ. ഇത് താരതമ്യേന മധുരം കുറഞ്ഞതും സങ്കീർണ ഘടനയുള്ള ഡൈസാക്കറൈഡ് വിഭാഗത്തിൽപ്പെട്ട സുക്രോസ് അടങ്ങിയതുമാണ്. ജലാംശം കൂടുതലുള്ള പൂന്തേൻ പെട്ടെന്ന് കേടാകും. തേനീച്ചകൾ പൂന്തേൻ വലിച്ചെടുത്ത് ഉമി നീരുമായി കൂട്ടിക്കലർത്തി വയറിനുള്ളിൽ സംഭരിച്ച് കൂട്ടിലേക്കെത്തുന്നു. ഇതിനിടയിൽ ഒരു ജൈവരാസപ്രവർത്തനം നടന്ന് സുക്രോസ് ലഘു പഞ്ചസാരകളായ ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയായി മാറുന്നു. ഇത് വയറ്റിൽ നിന്ന് പുറത്തു കൊണ്ടുവന്ന് തേനറകളിൽ സംഭരിക്കുന്നു. തേനറകളിലാണ് നിറവും ഗന്ധവും ഗുണവുമുള്ള തേൻ ഉണ്ടാകുന്നത്.
Vermiculture

വെർമികൾച്ചർ (Vermiculture)

കർഷകന്റെ ഏറ്റവും വലിയ മിത്രമാണ് മണ്ണിര. മണ്ണിരകളെ ഉപയോഗിച്ച് മണ്ണിരക്കബോസ്റ്റ് ഉണ്ടാക്കുന്ന രീതിക്കാണ് വെർമികൾച്ചർ എന്ന് പറയുന്നത്. മണ്ണിന് ഏറ്റവും അനുയോജ്യമായ ഒരു ജൈവവളമാണ് മണ്ണിരക്കബോസ്റ്റ്. വീട്ടിനുള്ളിൽ പോലും നിർമിക്കാവുന്ന വളമാണ് മണ്ണിരക്കബോസ്റ്റ്. ഭക്ഷണാവശിഷ്ടങ്ങളും മൃഗമാലിന്യങ്ങളുമൊക്കെ ഒഴിവാക്കാനുള്ള ഫലപ്രദമായ ഒരു മാർഗം കൂടിയാണിത്. കൃത്യമായി രൂപപ്പെടുത്തിയ സ്ഥലത്ത് മണ്ണിട്ട് അതിൽ മണ്ണിരകളെ നിക്ഷേപിക്കുകയും അതിലേക്ക് മാലിന്യങ്ങൾ ഇട്ടുകൊടുക്കുകയുമാണ് ചെയ്യുന്നത്. മണ്ണിരകൾ ഇവ ഭക്ഷിച്ച് വിസർജ്ജിക്കുന്നു. ഇതാണ് വളമായി ഉപയോഗിക്കുന്നത്. പൂന്തോട്ടങ്ങൾക്കും പച്ചക്കറിത്തോട്ടങ്ങൾക്കുമൊക്കെ ഉപയോഗിക്കാൻ ഏറ്റവും ഉചിതമാണ് മണ്ണിരക്കബോസ്റ്റ്.
Floriculture

ഫ്ളോറികൾച്ചർ (Floriculture)

അലങ്കാരത്തിനായി പണ്ടുമുതൽക്കേ മനുഷ്യൻ പൂക്കൾ ഉപയോഗിച്ചിരുന്നു. മനുഷ്യന് പൂക്കളോടുള്ള താൽപര്യം അത് കൃഷിചെയ്യാനും അവനെ പ്രേരിപ്പിച്ചു. അങ്ങനെയാണ് ഫ്ളോറികൾച്ചർ അഥവാ പുഷ്പകൃഷി വ്യാപകമാകുന്നത്. ഇന്ത്യയിൽ മുഗൾ രാജാക്കന്മാരുടെ വരവാണ് പൂന്തോട്ട വികസനത്തിന് വഴിതെളിച്ചത്. തോട്ടങ്ങളേയും പൂക്കളേയും സ്നേഹിച്ചിരുന്ന ബാബർ മുഗൾ സാമ്രാജ്യം പടുത്തുയർത്തിയതോടുകൂടി പുഷ്പകൃഷി അഭിവൃദ്ധി പ്രാപിച്ചു. തുടർന്നു വന്ന ഭരണാധികാരികളും ഈ രീതി തുടർന്നു. ആഭ്യന്തര ഉപഭോഗത്തിനായി മാത്രം ഇന്ത്യയിൽ പുഷ്പകൃഷിയുണ്ട്. പുഷ്പകൃഷി രംഗത്ത് കർണാടകം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് മുമ്പിൽ. കേരളത്തിൽ പുഷ്പകൃഷി വികസിക്കുന്നതിൽ തടസമായി നിൽക്കുന്നത് സൂര്യപ്രകാശത്തിന്റെ ലഭ്യതക്കുറവ്, ഉയർന്ന അന്തരീക്ഷ ആർദ്രത, കനത്ത മഴ, തുറസ്സായ സ്ഥല ദൗർലഭ്യം എന്നിവയാണ്. എന്നാൽ ജമന്തി, മുല്ല, പിച്ചി, അരളി, ട്യൂബ് റോസ്, പനിനീർപ്പൂവ്, താമര, ഓർക്കിഡ്, ആന്തൂറിയം, ഗ്ലാഡിയോലസ്, ആസ്റ്റർ, ലില്ലി, ഡാലിയ, കോഴിപ്പൂവ് എന്നിവ വളരാൻ യോഗ്യമായ കാലാവസ്ഥയാണ് കേരളത്തിലേത്. അയൽസംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന പൂക്കളാണ് ഇന്ന് കേരളത്തിലെ പുഷ്പവിപണിയുടെ 90 ശതമാനവും കൈയടക്കിയിരിക്കുന്നത്.
Medicinal Plant Cultivation

ഔഷധ സസ്യ കൃഷി (Medicinal Plant Cultivation)

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ചികിത്സാവിധികളിലൊന്നാണ് നമ്മുടെ തനതു ചികിത്സാ രീതിയായ ആയുർവേദം. നമ്മുടെ നാട് ഔഷധ സസ്യങ്ങളുടെ കലവറയായിരുന്നത് കൊണ്ടാണ് ആയുർവേദം ഭാരതത്തിൽ വളർന്ന് പന്തലിച്ചത്. വേദങ്ങളും ഉപനിഷത്തുകളും ഉണ്ടായ കാലം മുതൽ ഈ സസ്യസമ്പത്ത് തിരിച്ചറിഞ്ഞ പൂർവികർ മാരകമായ രോഗങ്ങൾക്കെതിരേയും ആരോഗ്യ സംരക്ഷണത്തിനായും ഇവ ഉപയോഗിച്ചിരുന്നു. പക്ഷേ, കാലം കഴിഞ്ഞതോടെ പല ഔഷധസസ്യങ്ങളുടെയും ലഭ്യത നമ്മുടെ നാട്ടിൽ കുറഞ്ഞു. ഇതാണ് ഔഷധ സസ്യ കൃഷി എന്ന പുതിയ കൃഷിമേഖല വികസിക്കാൻ കാരണമായത്. വളരെയേറെ വാണിജ്യ സാധ്യതയുള്ള കൃഷിയാണ് ഔഷധസസ്യങ്ങളുടേത്. കേരളത്തിലെ ധാരാളം കർഷകർ അവരുടെ തോട്ടങ്ങളിൽ ഇപ്പോൾ ഔഷധ സസ്യ കൃഷിയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. ആയുർവേദം, സിദ്ധവൈദ്യം, യുനാനി എന്നീ ചികിത്സാ സമ്പ്രദായങ്ങളിലെല്ലാം ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നു. വാണിജ്യ പ്രാധാന്യമുള്ള ഔഷധച്ചെടികൾ കേരളത്തിൽ തോട്ടം അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർ ധാരാളമുണ്ട്. കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഔഷധ സസ്യ കൃഷി നടത്തുന്നവർക്ക് വേണ്ട സഹായങ്ങൾ നൽകുന്നു.
Mushroom Culture

മഷ്‌റൂം കൾച്ചർ (Mushroom Culture)

പ്രാചീനകാലം മുതലേ മനുഷ്യന്റെ ഭക്ഷണത്തിൽ ഇടംപിടിച്ചതാണ് കൂൺ. ഭക്ഷ്യയോഗ്യമായ കൂണുകളെ അനുകൂല ചുറ്റുപാടിൽ വളർത്തിയെടുക്കുന്ന രീതിയാണ് മഷ്‌റൂം കൾച്ചർ. ചിപ്പിക്കൂണുകൾ എന്നയിനമാണ് പ്രധാനമായും ഇങ്ങനെ വളർത്താറുള്ളത്. ആഗോളതലത്തിൽ ആദ്യമായി കൂൺകൃഷി ആരംഭിച്ചത് പതിനാറാം നൂറ്റാണ്ടിൽ ഫ്രാൻസിലാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലും ഇന്ത്യയിലും കൂൺകൃഷിയും ഗവേഷണങ്ങളും ആരംഭിച്ചു. ഇന്ന് ചെറുകിടകൃഷി എന്ന രീതിയിൽ കേരളത്തിലും ഇത് വ്യാപകമാണ്. ഭൂമിയിൽ ഏകദേശം 45,000 കൂണിനങ്ങൾ ഉണ്ടെങ്കിലും അവയിൽ 2000 ഇനങ്ങൾ മാത്രമാണ് ഭക്ഷ്യയോഗ്യമായവ. ഇതിൽ തന്നെ 20 - 25 ഇനങ്ങൾ മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുള്ളൂ. ഇന്ത്യയിൽ ആദ്യമായി കൂൺകൃഷിയെപ്പറ്റി പഠനം നടത്തിയത് 1908ൽ സർ.ഡേവിഡ് ബ്രെയിൻ എന്ന ശാസ്ത്രജ്ഞനായിരുന്നു. എന്നാൽ വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യയിൽ കൂൺ കൃഷി ആരംഭിച്ചത് 1960 ലാണ്. പ്രധാനമായും വൈറ്റ് ബട്ടൺ കൂൺ, വൈക്കോൽ കൂൺ, ചിപ്പിക്കൂൺ എന്നീ ഇനങ്ങളാണ് ഇന്ത്യയിൽ കൃഷിചെയ്യുന്നത്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ കൂൺകൃഷി ഗവേഷണം 1950 കളിൽ തന്നെ തുടങ്ങിയിരുന്നു. ഇന്ത്യയിലെ ഒരു പ്രധാന ഭക്ഷ്യവിഭവമായ കൂൺ കയറ്റുമതിക്കായും കൃഷി ചെയ്യുന്നുണ്ട്.
Pisciculture

പിസികൾച്ചർ (Pisciculture)

മനുഷ്യന്റെ ഭക്ഷണത്തിൽ പണ്ടുമുതലേ ഇടംപിടിച്ചവയാണ് മത്സ്യങ്ങൾ. ഏതാണ്ട് 4000 വർഷങ്ങൾക്കു മുമ്പേ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്ന രീതി ചൈനയിൽ ഉണ്ടായിരുന്നു. ചരിത്രാതീത കാലം മുതൽ ഇന്ത്യയുടെ വടക്കു-കിഴക്കൻ പ്രദേശങ്ങളിൽ മത്സ്യം വളർത്തിയിരുന്നു എന്ന് ചരിത്രം പറയുന്നു. കാലംകഴിഞ്ഞതോടെ മത്സ്യകൃഷി കൂടുതൽ ശാസ്ത്രീയമായി. ശാസ്ത്രീയമായ മത്സ്യകൃഷിയെയാണ് പിസികൾച്ചർ എന്നു പറയുന്നത്. മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്ന ഹാച്ചറി നിർമിക്കുക, ശാസ്ത്രീയമായ രീതിയിൽ പ്രജനനം നടത്തുക, വളരാനാവശ്യമായ ചുറ്റുപാടുകൾ സൃഷ്ടിക്കുക എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. ഫിഷ് ഫാമിങ് എന്നും ഫിഷ് കൾച്ചർ എന്നും പിസികൾച്ചർ അറിയപ്പെടുന്നു. മത്സ്യകൃഷി ഇന്ന് വൻ വ്യവസായമാണ്. ഇന്ത്യൻ ജലാശയങ്ങളിൽ ആയിരത്തിലേറെ മത്സ്യയിനങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യൻ ഇനങ്ങളെ കൂടാതെ വിദേശമത്സ്യങ്ങളായ കാർപ്പ്, തിലോപ്പിയ, ഗൗരാമി, പുൽമീൻ, സിൽവർ മീൻ തുടങ്ങിയവയെയും നമ്മുടെ നാട്ടിൽ കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലെ പ്രധാന മത്സ്യകൃഷികളാണ് കരിമീൻകൃഷി, ചെമ്മീൻകൃഷി, അലങ്കാര മത്സ്യകൃഷി എന്നിവ.
Aquaculture

അക്വാകൾച്ചർ (Aquaculture)

മത്സ്യങ്ങൾ, മോളസ്‌കുകൾ, ജലസസ്യങ്ങൾ തുടങ്ങി വെള്ളത്തിൽ വളരുന്ന ജീവികളെ ശാസ്ത്രീയമായി വളർത്തുന്നതാണ് അക്വാകൾച്ചർ. അക്വാകൾച്ചറിന് അക്വാഫാമിങ് എന്നും പേരുണ്ട്. 'അക്വ' എന്ന ലാറ്റിൻ വാക്കിന് ജലം എന്നാണ് അർത്ഥം. നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ മനുഷ്യൻ അക്വാകൾച്ചർ ആരംഭിച്ചിരുന്നു. വളരെ പണ്ടേ ഓസ്‌ട്രേലിയയിൽ ഈൽ മത്സ്യത്തെയും ജപ്പാനിൽ പായൽച്ചെടികളെയും കൃഷി ചെയ്തതിനു തെളിവുകളുണ്ട്. ഇന്ന് അക്വാകൾച്ചർ ഉൽപന്നങ്ങളുടെ കാര്യത്തിൽ ചൈനയാണ് മുന്നിൽ. ഇന്തോനേഷ്യ, വിയറ്റ്നാം, ഫിലിപ്പീൻസ്, കൊറിയ, ബംഗ്ലാദേശ്, തായ്‌ലൻഡ്, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലും അക്വാകൾച്ചർ വ്യാപകമാണ്. ഉപ്പുജലത്തിലേയും ശുദ്ധജലത്തിലേയും അതേ അവസ്ഥ നിലനിർത്തിയാണ് അക്വാകൾച്ചർ നടത്തുന്നത്.

മാരികൾച്ചർ

മാരികൾച്ചർ അക്വാകൾച്ചറിന്റെ ഉപശാഖയാണ്. കടൽജീവികളായ ചിപ്പികളെയും മറ്റും വളർത്തുന്നതിനെയാണ് മാരികൾച്ചർ എന്നു പറയുന്നത്. കൃത്രിമമാർഗങ്ങളിലൂടെയാണ് ഇവയുടെ ഉത്പാദനം. ഭക്ഷ്യയോഗ്യമായതും അല്ലാത്തതുമായ ചിപ്പികളെ ഇങ്ങനെ വളർത്തുന്നുണ്ട്. അലങ്കാര - ആഭരണ മേഖലയുമായി ഇത് ബന്ധപ്പെട്ടുകിടക്കുന്നു.
Sericulture

സെറികൾച്ചർ (Sericulture)

സെറി എന്നാൽ ഗ്രീക്കുഭാഷയിൽ സിൽക്ക് എന്നാണർഥം. സിൽക്ക് നാരുകൾ ഉൽപാദിപ്പിക്കുന്ന പുഴുക്കളെ വളർത്തുന്ന കൃഷി രീതിയാണ് സെറികൾച്ചർ. തുണിത്തരങ്ങളിലെ രാജ്ഞിയായ പട്ടിനുവേണ്ടിയുള്ള ഈ കൃഷിരീതി ഏതാണ്ട് 4500 വർഷങ്ങൾക്കു മുമ്പേ മനുഷ്യൻ കണ്ടെത്തിയിരുന്നു. ഈ വേറിട്ട കൃഷിരീതി ചൈനയിൽ ആരംഭിച്ച് പിന്നീട് ലോകമെങ്ങും വ്യാപിച്ചു. വാസ്തവത്തിൽ പുഴുക്കളാണ് നൂൽനൂൽക്കുന്നത്. ശലഭമാകുന്നതിനു മുമ്പുള്ള സമാധിഘട്ടത്തിൽ പുഴുക്കൾക്കു കഴിയാൻ വേണ്ടി അവയുണ്ടാക്കുന്ന കൂടാണ് കൊക്കൂൺ. മൾബെറിയുടെ ഇലകൾ ഭക്ഷണമാക്കിയ സിൽക്ക് വേം എന്നയിനം ശലഭപ്പുഴുക്കൾ കൊക്കൂൺ ഉണ്ടാക്കാനായി പ്രത്യേകതരം സ്രവങ്ങൾ ഉൽപാദിപ്പിക്കുന്നു. വായുസമ്പർക്കമേൽക്കുന്നതോടെ ഈ ജൈവനാരുകൾ ഉറച്ച് കട്ടിയാകുന്നു. ഇതാണ് പട്ടുനൂൽ. പട്ടുനൂലുകൾ യഥാർഥത്തിൽ സങ്കീർണമായ ജൈവപ്രക്രിയയിലൂടെയാണ് ഉണ്ടാകുന്നത്. മൾബെറിയില ഭക്ഷിച്ചു വളരുന്ന സിൽക്ക് വേം എന്ന ശലഭപ്പുഴുവിന്റെ രണ്ടു ഗ്രന്ഥികളിൽ നിന്നും പുറത്തുവരുന്ന പ്രകൃതിദത്ത മാംസ്യനാരുക്കൾ വായുസമ്പർക്കത്താൽ ഉറച്ച് കട്ടിയാകുന്നു. ഒരു പുഴുവിന് 300 മീറ്ററോളം നീളമുള്ള നൂലുകൾ ഉണ്ടാക്കാനാകുമത്രേ. സെറിസിൻ, ഫൈബ്രോയിൻ എന്നീ രണ്ടു പ്രോട്ടീനുകൾ ചേർന്നതാണ് പട്ടുനൂൽ. ഇവയെക്കൂടാതെ Glyline, അമിനോ ആസിഡുകൾ എന്നിവയും പ്രകൃതിദത്ത പട്ടിലെ ഘടകങ്ങളാണ്. ഒരു ഗ്രാമവ്യവസായമായും കൃഷിയായും ഇന്ന് സെറികൾച്ചർ കർണാടകയിലും പശ്ചിമബംഗാളിലും കശ്മീരിലും മാറിക്കഴിഞ്ഞു. സിൽക്ക് ബോർഡിന്റേയും സെറിഫെഡിന്റേയും സഹകരണത്തോടെ കേരളത്തിലെ പട്ടുനൂൽക്കൃഷിയും പുരോഗമനത്തിന്റെ പാതയിലാണ്.

പട്ടിന്റെ ഉപയോഗം

തുണികളുടെ രാജ്ഞിയായ പട്ടിന് വിവിധ സംസ്കാരങ്ങളും ആചാരങ്ങളുമായും അടുത്ത ബന്ധമുണ്ട്. ഒരുകാലത്ത് രാജകീയവസ്ത്രമായി പേരെടുത്ത പട്ട് പിൽക്കാലത്ത് വിശേഷാവസരങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി. പട്ടുറുമാൽ, സാരി, തൊപ്പി, ഷോൾ എന്നുതുടങ്ങി ഒട്ടേറെ ഉപയോഗങ്ങൾ ഇന്ന് അതിനുണ്ട്. ചെമ്പട്ടുചുറ്റിയ ദേവബിംബങ്ങൾ, പട്ടുകുട, കൊടി എന്നിങ്ങനെ ആചാരങ്ങളിലും പട്ട് കടന്നുവരുന്നു. കശ്മീരിപ്പട്ട്, കാഞ്ചീപുരം പട്ട് എന്നിവ പ്രശസ്തമാണെങ്കിലും ചൈനപ്പട്ടാണ് ഇന്നും മേന്മയിൽ മുന്നിൽ. ചില പ്രോട്ടീനുകൾ നീക്കം ചെയ്‌ത പട്ടുനാരുകൾ കൊണ്ടുണ്ടാക്കുന്ന തുണികൾ ശസ്ത്രക്രിയകൾക്കായും മുറിവു കെട്ടുന്നതിനായും ഉപയോഗിക്കാറുണ്ട്.

മോറികൾച്ചർ

ചെറിയ മരമായി വളരുന്ന സസ്യമാണ് മൾബെറി. മൾബെറിച്ചെടികളെ ശാസ്ത്രീയമായി വളർത്തുന്ന കൃഷിരീതി 'മോറികൾച്ചർ' എന്നറിയപ്പെടുന്നു. മൊറാസിയേ കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ Morus alba, Morus indica എന്നീ രണ്ടിനം സ്പീഷീസുകളെയാണ് പട്ടുനൂൽപ്പുഴുക്കളുടെ തീറ്റയ്ക്കായി കൃഷി ചെയ്യുന്നത്. ബി.സി 280 മുതൽ ഹിമാലയത്തിൽ മൾബെറിക്കൃഷി ചെയ്തുവരുന്നതായി കരുതപ്പെടുന്നു. ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന മൾബെറിച്ചെടികൾ എക്കൽ മണ്ണിലാണ് ഏറ്റവും നന്നായി വളരുക.
Aviculture

ഏവികൾച്ചർ (Aviculture)

കോഴികളെ മുതൽ പതിനായിരങ്ങൾ വിലയുള്ള അലങ്കാരപ്പക്ഷികളെ വരെ വളർത്തുന്നതിനെയാണ് ഏവികൾച്ചർ എന്നു പറയുന്നത്. കാടക്കോഴി, എമു, ഗിനിക്കോഴി, ടർക്കി കോഴി, പേത്ത തുടങ്ങിയ പക്ഷികളും മറ്റ് അലങ്കാര പക്ഷികളും കേരളത്തിൽ കൃഷിചെയ്തു വരുന്നു.

കാടക്കൃഷി

'ആയിരം കോഴിക്ക് അരക്കാട' നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണിത്. കാടമുട്ടയുടേയും മാംസത്തിന്റെയും പോഷകമൂല്യവും ഔഷധഗുണവുമൊക്കെ പണ്ടേ നമ്മൾ മനസ്സിലാക്കിയിരുന്നു. കാട്ടിൽ ജീവിച്ചിരുന്ന കാടപ്പക്ഷികളെ മെരുക്കി വളർത്തു പക്ഷിയായി വ്യവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിനു തുടക്കമിട്ടത് ജപ്പാൻകാരാണ്. വളരെ ചെറിയ ജീവിതകാലവും കുറഞ്ഞ സ്ഥലസൗകര്യവും വളർത്താനുള്ള കുറഞ്ഞ ചെലവുമാണ് കാടക്കൃഷിയുടെ ഏറ്റവും വലിയ സവിശേഷത. അടയിരിക്കുന്ന സ്വഭാവം കാടകൾക്കില്ല. അതിനാൽ കൃത്രിമ മാർഗത്തിലൂടെയാണ് ഇവയുടെ മുട്ടകൾ വിരിയിക്കാറ്.

എമു

പക്ഷികളിൽ വലുപ്പം കൊണ്ട് രണ്ടാമനാണ് ഓസ്‌ട്രേലിയൻ സ്വദേശിയായ എമു. മുട്ട, ഇറച്ചി, എണ്ണ എന്നിവയ്ക്കും അലങ്കാരത്തിനുവേണ്ടിയുമാണ് എമുവിനെ വളർത്തുന്നത്. പറക്കാൻ കഴിവില്ലാത്ത പക്ഷിയാണ് എമു. പൂർണവളർച്ചയെത്തിയ എമുവിന് 70 കിലോഗ്രാമോളം തൂക്കവും ആറടിയിലധികം ഉയരവുമുണ്ടാകും. ആന്ധ്രാപ്രദേശിലെ കരിം നഗർ, പുതുച്ചേരി, ബാംഗ്ലൂർ, സേലം, നാമക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ത്യൻ എമു അസോസിയേഷൻ ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ പാലക്കാട് ജില്ലയിലാണ് പ്രധാനമായും എമു ഫാമുകളുള്ളത്.

ഗിനിക്കോഴി

പടിഞ്ഞാറേ ആഫ്രിക്കയിലെ ഗിനിയിൽ ജന്മം കൊണ്ട പക്ഷിയാണ് ഗിനിക്കോഴി. മികച്ച രോഗപ്രതിരോധശേഷിയുള്ള ഇവയെ ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി വളർത്തുന്നു. പാമ്പുകളേയും മറ്റ് ഇഴജന്തുക്കളേയും പിടികൂടാൻ വിരുതരായ ഇവ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പക്ഷിയാണ്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഗിനിക്കോഴിഫാമുകളുണ്ട്.

ടർക്കി കോഴി

ഇന്ത്യയിൽ ടർക്കി കോഴികളുടെ ഉൽപാദനം കുറഞ്ഞതോതിൽ മാത്രമേ നടക്കുന്നുള്ളൂ. കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊല്ലത്തെ കുരീപ്പുഴ ടർക്കി ഫാമും ബാംഗ്ലൂരിലെ ഹെബ്ബാളിലുള്ള കാർഷിക സർവകലാശാലയും ഹരിയാനയിലെ ഹിസാർ കാർഷിക സർവകലാശാലയുമാണ് ടർക്കികോഴികളെ ഉൽപാദിപ്പിക്കുന്ന പ്രധാന കേന്ദ്രങ്ങൾ.

പേത്ത

പേത്ത എന്നു വിളിക്കുന്ന ബ്രസീൽ വംശജരായ മസ്‌കവി താറാവുകളെയും കേരളത്തിൽ വളർത്തുന്നുണ്ട്. നല്ല രോഗപ്രതിരോധശേഷിയുള്ള പേത്തകളെ അലങ്കാരത്തിനും മുട്ടയ്ക്കുമാണ് പ്രധാനമായും വളർത്തുന്നത്.

അലങ്കാരപ്പക്ഷി വളർത്തൽ

വിവിധ നിറങ്ങളിലുള്ള തൂവലുകളും വളഞ്ഞ ചുണ്ടുകളുമൊക്കെയുള്ള അലങ്കാരപ്പക്ഷികളെ വിനോദത്തിനു മാത്രമല്ല, പണം സമ്പാദിക്കുന്നതിനുള്ള മാർഗമായും വളർത്തുന്നുണ്ട്. വാണിജ്യമൂല്യമുള്ള അലങ്കാരപ്പക്ഷികളെ വളർത്തി വിൽക്കുന്ന ഏജൻസികളും പെറ്റ് ഷോറൂമുകളും കേരളത്തിലെ പ്രധാന നഗരങ്ങളിൽ പ്രവർത്തിക്കുന്നു. പലതരം തത്തകളും പ്രാവുകളും വിദേശ ഇനം അലങ്കാരപ്പക്ഷികളും കൂട്ടിലടച്ചു വളർത്താവുന്ന പക്ഷികളും ഇവിടങ്ങളിൽ ലഭ്യമാണ്.
Polyhouse Farming

പോളിഹൗസ് കൃഷി (Polyhouse Farming)

പുറത്തുള്ള കാലാവസ്ഥയിൽ വളരാൻ സാധിക്കാത്ത വിളകൾ കൃത്രിമമായി സൃഷ്ടിച്ചെടുത്ത അന്തരീക്ഷത്തിൽ വളർത്തുന്നതിനുള്ള മാർഗമാണ് ഹരിതഗൃഹങ്ങൾ അഥവാ ഗ്രീൻഹൗസ്. ഗ്രീൻഹൗസുകളിലെ ഒരു വിഭാഗമാണ് പോളിഹൗസ്. പോളിഎഥിലീൻ ഉപയോഗിച്ച് നിർമിക്കുന്നതിനാലാണ് ഈ പേര്. ഗ്ലാസ്ഹൗസ്, ഷെയ്ഡ്ഹൗസ് എന്നിങ്ങനെ പോളിഹൗസുകൾ തന്നെ പലതരമുണ്ട്. പൂർണമായും ഓട്ടോമാറ്റിക്, ഭാഗികമായി ഓട്ടോമാറ്റിക്, മനുഷ്യ നിയന്ത്രണത്തിലുള്ളവ എന്നിങ്ങനെയും തരം തിരിവുകളുണ്ട്. കൃഷി ചെയ്യാൻ കൃഷി സ്ഥലം പ്രത്യേകം വേണ്ട എന്നതാണ് പോളിഹൗസുകളുടെ പ്രധാന പ്രത്യേകത. വീടിന്റെ ടെറസ്സിൽ വേണമെങ്കിലും നമുക്ക് കൃഷി തുടങ്ങാം. കാർബൺ ഡയോക്സൈഡ്, താപനില, പ്രകാശം, ആർദ്രത, വായു പ്രവാഹം, ജലം, മൂലകങ്ങൾ എന്നീ ഘടകങ്ങളെ നിയന്ത്രിച്ചുകൊണ്ടാണ് പോളിഹൗസുകളിൽ കൃഷി നടത്തുന്നത്. സാധാരണ കൃഷി സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങളെ കീടങ്ങളും കാലാവസ്ഥാ മാറ്റങ്ങളും ദോഷകരമായി ബാധിക്കും. എന്നാൽ, പോളിഹൗസുകളിൽ ഇവയെല്ലാം തന്നെ നിയന്ത്രിക്കാനാകും. കേരളത്തിലും പോളിഹൗസുകൾ ഇന്ന് പ്രചാരം നേടുന്നുണ്ട്. ചെലവ് കൂടുതലാണെന്നതും വളരെ ശ്രദ്ധയോടെ പരിപാലിക്കണം എന്നുള്ളതുമാണ് പലരെയും ഈ കൃഷിരീതിയിൽ നിന്നും അകറ്റുന്നത്.
Hydroponic Farming

ഹൈഡ്രോപോണിക്‌സ് കൃഷി (Hydroponic Farming)

മണ്ണ് വേണ്ടാത്ത ഒരു പ്രധാന ഹൈ - ടെക് കൃഷിരീതിയാണ് ഹൈഡ്രോപോണിക്‌സ്. സസ്യങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളും പോഷകങ്ങളും അടങ്ങിയ ജലമാണ് മണ്ണിന് പകരം ഈ കൃഷിരീതിയിൽ ഉപയോഗിക്കുന്നത്. ഗ്രീക്ക് ഭാഷയിൽ 'ഹൈഡ്രോ' എന്നാൽ ജലം എന്നും 'പോണോസ്' എന്നാൽ ജോലി എന്നുമാണ് അർഥം. സസ്യങ്ങളുടെ വേരുകൾ പ്രത്യേകം ഒരുക്കിയ കുഴലുകളിലൂടെ കടന്നുപോകുന്ന പോഷകജലത്തിൽ മുക്കിവയ്ക്കും. വീടുകളിലെ അക്വേറിയത്തിൽ നിന്നും മറ്റും പുറന്തള്ളുന്ന മലിനജലം ഇത്തരത്തിൽ കൃഷിക്കായി ഉപയോഗിക്കുന്നതിന് അക്വാപോണിക്‌സ് എന്നാണ് പേര്. പൂച്ചെടികളും പച്ചക്കറികളുമൊക്കെയാണ് പ്രധാനമായും ഹൈഡ്രോപോണിക്‌സ് ഉപയോഗിച്ച് കൃഷി ചെയ്യുന്നത്.
Aeroponics Farming

എയ്‌റോപോണിക്‌സ് കൃഷി (Aeroponics Farming)

മണ്ണ് വേണ്ടാത്ത ഒരു പ്രധാന ഹൈ - ടെക് കൃഷിരീതിയാണ് എയ്‌റോപോണിക്‌സ്. മണ്ണിന് പകരം വായുവിലൂടെ നേരിട്ട് ആവശ്യമായ പോഷകങ്ങൾ ചെടികൾക്ക് നൽകുന്ന കാർഷികരീതിയാണ് എയ്‌റോപോണിക്‌സ്. ചെടികളുടെ വേരുകളിലേക്ക് പോഷകങ്ങൾ സ്പ്രേ ചെയ്യുന്ന രീതിയാണിത്. അതായത് വേരുകൾ മണ്ണിലോ, വെള്ളത്തിലോ മുക്കിവയ്ക്കുന്നില്ല. പകരം വായുവിലങ്ങനെ നിൽക്കും. പല എയ്‌റോപോണിക്‌സ് ഫാമുകളിലും സൂര്യപ്രകാശത്തിന് പകരം എൽ.ഇ.ഡി ബൾബുകളിൽ നിന്നോ മറ്റോ ഉള്ള പ്രകാശമാവും ഉണ്ടാവുക. ആവശ്യമായ അളവിൽ പ്രകാശത്തെ നിയന്ത്രിക്കാനും സാധിക്കും.