Kerala PSC | Forts of Kerala | കേരളത്തിലെ കോട്ടകൾ | Study Notes
കേരളത്തിലെ നിരവധി കോട്ടകൾ സംസ്ഥാനത്തിന്റെ മഹത്തായ ചരിത്ര ഭൂതകാലത്തിന്റെ തെളിവാണ്. ഈ അവശിഷ്ടങ്ങൾ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുകയും വിനോദസഞ്ചാരികൾക്ക് പഴയ കാലത്തേക്ക് യാത്ര ചെയ്യാനും എല്ലാ മഹത്വവും അനുഭവിക്കാനും അവസരം നൽകുന്നു.
Bekal Fort
ബേക്കൽ കോട്ട
കാസർകോട് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലാണ് കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കൽ കോട്ട. അറബി കടലിന്ടെ തീരത്താണ് ഈ കോട്ടയുടെ സ്ഥാനം.
  1. വിജയ നഗര സാമ്രാജ്യം തകർന്നതിനെ തുടർന്ന് അധികാരത്തിലെത്തിയ ബെദനൂരിലെ കേലഡി നായക രാജാവായ ശിവപ്പ നായിക് ആണ് ഈ കോട്ട പണികഴിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. ആദ്യ കാലത്തു ബേക്കൽ ഫ്യുഫൽ എന്നാണ് അറിയപ്പെട്ടിരുന്നത്.
  2. മൈസൂർ രാജാവായ ഹൈദരാലി ഇക്കേരി രാജാക്കന്മാരെ പരാജയപ്പെടുത്തി കോട്ടയുടെ ആധിപത്യം ഏറ്റെടുത്തു ടിപ്പു സുൽത്താന്റെ പ്രധാന സൈനിക താവളമായിരുന്ന കോട്ട നാലാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പുവിന്റെ മരണത്തെ തുടർന്ന് ബ്രിട്ടീഷ് ആധിപത്യത്തിലായി.
  3. ബേക്കൽ കോട്ട ഏകദേശം 40 ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയോട് ചേർന്ന് ഒരു ഹനുമാൻ ക്ഷേത്രവും നിലകൊള്ളുന്നു. 1992 ൽ ടൂറിസം കേന്ദ്രമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കോട്ട ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.
Thalassery Fort
തലശ്ശേരി കോട്ട
കണ്ണൂർ ജില്ലയിൽ തലശ്ശേരി നഗരത്തോട് ചേർന്നാണ് തലശ്ശേരി കോട്ട സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരാണ് കോട്ടയുടെ നിർമാണത്തിന് പിന്നിൽ.
  1. കേരളത്തിൽ യൂറോപ്യന്മാർ നിർമിച്ച രണ്ടാമത്തെ കോട്ടയാണിത്‌. ബ്രിട്ടീഷ് വാസ്തുശിൽപ രീതിയിൽ ചതുരാകൃതിയിലാണ് തലശ്ശേരി കോട്ടയുടെ നിർമിതി.
  2. 1705 ൽ നിർമാണമാരംഭിച്ച കോട്ടയുടെ പണി പൂർത്തിയായത് 1708 ലാണ്. നിലവിൽ കേന്ദ്ര പുരാവസ്തു വകുപ്പിന്ടെ കീഴിലാണ് തലശ്ശേരി കോട്ട.
  3. ബ്രിട്ടീഷുകാരുടെ കാലത്ത് ഈ കോട്ടയ്‌ക്കെതിരെ നടന്ന ഏറ്റവും വലിയ ആക്രമണ ടിപ്പുവിന്റെ സൈന്യം നടത്തിയതായിരുന്നു. 1780 ൽ ടിപ്പുവിന്റെ സൈന്യാധിപൻ സർദാർ ഖാന്റെ നേതൃത്വത്തിലുള്ള മൈസൂർ സൈന്യം കോട്ടയ്ക്ക് ഉപരോധം തീർത്തു. 1782 ൽ സർദാർ ഖാനെ തടവിലാക്കുന്നതു വരെ ഈ പോരാട്ടം തുടർന്നു.
Kannur Fort
കണ്ണൂർ കോട്ട
കണ്ണൂർ നഗരത്തോട് ചേർന്നുള്ള സെന്റ് ആഞ്ചലോ കോട്ടയാണ് കണ്ണൂർ കോട്ട എന്നറിയപ്പെടുന്നത്. ത്രികോണാകൃതിയിലാണ് കണ്ണൂർ കോട്ടയുടെ നിർമിതി.
  1. 1505 ൽ പോർച്ചുഗീസ് വൈസ്രോയി ഫ്രാൻസിസ്‌കോ ഡി അൽമേഡയാണ് ഇന്ന് കാണുന്ന രീതിയിലുള്ള കണ്ണൂർ കോട്ട പണി കഴിപ്പിച്ചത് ലോറൻസോ ബ്രിട്ടോ ആയിരുന്നു കോട്ടയിലെ ആദ്യത്തെ പോർച്ചുഗീസ് ക്യാപ്റ്റൻ.
  2. യൂറോപ്യൻ സാങ്കേതിക വിദ്യയിൽ കുമ്മായവും ശർക്കരയും മുട്ടവെള്ളയും ചേർത്തൊരുക്കിയ സൂറക്കി മിശ്രിതം ഉപയോഗിച്ച് ചെങ്കല്ലിലാണ് കോട്ട പണിതുയർത്തിയിട്ടുള്ളത്.
  3. വിജയനഗര സാമ്രാജ്യത്തിലെ മന്ത്രി നരസിംഹ റാവു അൽമേഡയെ സന്ദർശിക്കാനെത്തിയതും രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയിയായ അൽബുക്കർക്കിനെ തടവിലാക്കിയതും കണ്ണൂർ കോട്ടയിലാണ്.
  4. 1663 ൽ ഡച്ചുകാർ നിയന്ത്രണം ഏറ്റെടുക്കുകയും 1772 ൽ അറയ്ക്കൽ രാജവംശത്തിന് വിൽക്കുകയും ചെയ്ത കോട്ട. 1790 ൽ ബ്രിട്ടീഷ് ജനറൽ ആംബർ കോംബ്രിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ കൈവശപ്പെടുത്തി.
  5. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് നിലവിൽ കണ്ണൂർ കോട്ട 2015 ൽ കണ്ണൂർ കോട്ടയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ ഉല്ഖനനത്തിനിടെയാണ് നാല്പതിനായിരത്തോളം വരുന്ന പീരങ്കിയുണ്ടകൾ കണ്ടെത്തിയത്.
Palakkad Fort
പാലക്കാട് കോട്ട
പാലക്കാട് നഗരത്തിലാണ് ടിപ്പുവിന്റെ കോട്ട എന്നുമറിയപ്പെടുന്ന പാലക്കാട് കോട്ട സ്ഥിതി ചെയ്യുന്നത്. 1766 ൽ മൈസൂർ ഭരണാധികാരിയായ ഹൈദരാലിയാണ് കോട്ട പണികഴിപ്പിച്ചത്.
  1. ഫ്രഞ്ച് ശില്പികളുടെ വൈദഗ്ത്യം പ്രയോജനപ്പെടുത്തി കരിങ്കല്ലിലാണ് 40 അടി ഉയരവും ഒൻപത് കൊത്തളങ്ങളുമുള്ള പാലക്കാട് കോട്ട നിർമിച്ചിട്ടുള്ളത്.
  2. 1784 ൽ ബ്രിട്ടീഷുകാർ പിടിച്ചെടുത്ത കോട്ടയുടെ ചുമതല സാമൂതിരിയുടെ സൈന്യത്തെ ഏൽപ്പിച്ചെങ്കിലും മൈസൂർ സൈന്യം വീണ്ടും ആധിപത്യം നേടി 1790 ൽ ബ്രിട്ടീഷുകാർ കോട്ട തിരിച്ചു പിടിച്ചു.
  3. 1788 ൽ കൊച്ചി രാജാവ് രാമവർമ ശക്തൻ തമ്പുരാനുമായി ടിപ്പു സുൽത്താൻ കൂടിക്കാഴ്ച നടത്തിയത് പാലക്കാട് കോട്ടയിലാണ്. ബ്രിട്ടീഷ് ഭരണകാലത്ത് സർക്കാർ ഭരണകേന്ദ്രമായും കോട്ട മാറി.
  4. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ കോട്ട. പാലക്കാട് കോട്ടയ്ക്കും ടൗൺ ഹാളിനും മധ്യേയുള്ള വിശാലമായ ഗ്രൗണ്ടാണ് കോട്ട മൈതാനം.
നെടുംകോട്ട Nedumkotta
നെടുങ്കോട്ട
മൈസൂർ ആക്രമണത്തെ ചെറുക്കാൻ ടിപ്പു സുൽത്താന്റെ സൈന്യം നെടുങ്കോട്ടയുടെ വടക്കേ അതിർത്തക്കൻ തിരുവിതാംകൂറിന്റെ വടക്കേ അതിർത്തികളിൽ കെട്ടിപ്പൊക്കിയ കൂറ്റൻ കോട്ടയാണ് തിരുവിതാംകൂർ ലൈൻസ് എന്ന പേരിലും അറിയപ്പെടുന്ന നെടുങ്കോട്ട.
  1. മാർത്താണ്ഡവർമയുടെ മരണശേഷം തിരുവിതാംകൂർ മഹാരാജാവായ ധർമരാജ കാർത്തിക തിരുനാളിന്റെ കാലത്താണ് സഹ്യപർവ്വതം മുതൽ വൈപ്പിൻ ദ്വീപ് വരെയായി 50 കിലോമീറ്ററോളം നീളത്തിൽ നെടുങ്കോട്ട പണി കഴിപ്പിച്ചത്.
  2. ചാലക്കുടിക്ക് സമീപമുള്ള കോനൂർ കോട്ടയായിരുന്നു നെടുങ്കോട്ടയുടെ പ്രധാന ഭാഗം. സൈന്യത്തിന് താമസത്തിനായി അറുപതോളം താവളങ്ങൾ ഉൾപ്പെടെ ഒട്ടേറെ സവിശേഷതകൾ നിറഞ്ഞ ഒന്നായിരുന്നു നെടുങ്കോട്ട.
  3. 1789 ഡിസംബറിൽ ടിപ്പു സുൽത്താന്റെ സൈന്യം നെടുങ്കോട്ടയുടെ വടക്കേ അതിർത്തിയിൽ ആക്രമണം നടത്തി. വൈക്കം പദ്മനാഭ പിള്ള നയിച്ച 'പറവൂർ ബറ്റാലിയൻ' എന്ന തിരുവിതാംകൂർ സൈനിക വിഭാഗം ഈ ആക്രമണത്തിൽ ടിപ്പുവിന്റെ വൻ സൈന്യത്തെ കീഴടക്കി. അന്ന് പരുക്കേറ്റ പിൻവാങ്ങിയെങ്കിലും 1790 ൽ വീണ്ടും യുദ്ധത്തിനെത്തി ടിപ്പു കോട്ട കീഴടക്കി.
ചാലിയം കോട്ട
ചാലിയം കോട്ട
കോഴിക്കോട് ജില്ലയിലെ ബേപ്പൂരിന് സമീപം ചാലിയത്താണ് ചാലിയം കോട്ട നില കൊള്ളുന്നത്. 1531 ൽ സാമൂതിരിയുടെ അനുവാദത്തോടെ പോർച്ചുഗീസുകാരാണ് ചാലിയം കോട്ട നിർമിച്ചത്.
  1. 'സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെട്ടത് ബേപ്പൂർ നദീതീരത്തെ ചാലിയം കോട്ടയാണ്.
  2. 1569 ൽ സാമൂതിരി ചാലിയം കോട്ട ആക്രമിച്ചു ഭക്ഷണം കിട്ടാതെ വലഞ്ഞ പോർച്ചുഗീസുകാർ അവസാനം സന്ധിക്ക് അപേക്ഷിച്ചു. കോട്ടയിലെ തോക്കുകളും പീരങ്കികളും എടുത്ത ശേഷം സാമൂതിരി ചാലിയം കോട്ട പൂർണമായും പൊളിച്ചു.
പ്രധാന കോട്ടകളിലൂടെ
  1. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ കോട്ടയാണ് വൈപ്പിൻ ദ്വീപിലെ പള്ളിപ്പുറം കോട്ട. ആയക്കോട്ട, അഴിക്കോട്ട, അയിക്കോട്ട എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന ഈ കോട്ട 1503 ൽ പോർച്ചുഗീസ് ഭരണാധികാരി അൽബുക്കർക്ക് ആണ് പണികഴിപ്പിച്ചത്.
  2. ബ്രിട്ടീഷുകാർ കേരളത്തിൽ നിർമിച്ച ആദ്യ കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട. ആദ്യത്തെ സംഘടിത കലാപമായ ആറ്റിങ്ങൽ കലാപം ഈ കോട്ടയുമായി ബന്ധപ്പെട്ടാണ്.
  3. 1747 ൽ മാർത്താണ്ഡവർമയുടെ കാലത്തു 11320 അടി ചുറ്റളവിൽ നിർമിച്ചതാണ് തിരുവനന്തപുരം കോട്ട. 15 അടി ഉയരത്തിൽ നഗരത്തെ ചുറ്റി നിൽക്കുന്ന കോട്ടയ്ക്ക് കിഴക്കേ കോട്ട, വടക്കേ കോട്ട, പടിഞ്ഞാറേ കോട്ട, തെക്കേ കോട്ട എന്നീ ഉപ പേരുകളും നൽകിയിരിക്കുന്നു.
  4. സമചതുരാകൃതിയിലുള്ള കരിങ്കല്ലും ചീക്കല്ലും ഉപയോഗിച്ച് തിരുവനന്തപുരം നഗരത്തിൽ നിർമിച്ച കോട്ടയാണ് കിഴക്കേ കോട്ട. പദ്മനാഭ സ്വാമി ക്ഷേത്രവും കൊട്ടാരവും അഗ്രഹാരങ്ങളും മറ്റും ഈ കോട്ടയ്ക്കുള്ളിലാണ്.
  5. തിരുവനന്തപുരത്ത് കിഴക്കേ കോട്ടയുടെ സമീപത്തായി സ്ഥിതി ചെയ്യുന്നതാണ് വെട്ടിമുറിച്ച കോട്ട കോട്ടയ്ക്കുള്ളിലെ കൊട്ടാരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമാണിത്. ഇന്ന് കാണുന്ന പരിഷ്കരിച്ച കോട്ട നിർമിച്ചത് ശ്രീമൂലം തിരുനാൾ മഹാരാജാവാണ്.
  6. കടലിൽ നിന്നുള്ള ആക്രമണം ചെറുക്കാൻ മാർത്താണ്ഡവർമ്മയുടെ സൈന്യാധിപനായ ഡിലനോയിയുടെ മേൽനോട്ടത്തിൽ നിർമിച്ചതാണ് വട്ടക്കോട്ട. നിലവിൽ കന്യാകുമാരി ജില്ലയിൽ നിലകൊള്ളുന്ന അതിർത്തിയിലെ കോട്ട എന്നർത്ഥം വരുന്ന വട്ടക്കോട്ടയുടെ വാതിലിൽ തിരുവിതാംകൂർ രാജവംശത്തിന്ടെ ശംഖുമുദ്ര കാണാം.
  7. 1519 ൽ പോർച്ചുഗീസുകാർ കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ പണിത കോട്ടയാണ് സെൻറ് തോമസ് കോട്ട. പോർച്ചുഗീസുകാരും ഡച്ചുകാരും മാറിമാറി അവകാശം സ്ഥാപിച്ച കോട്ടയുടെ സമീപത്താണ് ജനറൽ ലൈറ്റ് ഹൗസ് വിഭാഗത്തിലുള്ള കേരളത്തിലെ ആദ്യത്തേതും ഏറ്റവും ഉയരം കൂടിയതുമായ തങ്കശേരി ലൈറ്റ് ഹൗസ്.
  8. കേരളത്തിൽ ഏറ്റവും കൂടുതൽ കോട്ടകളുള്ള കാസർകോട് ജില്ലയിലെ പ്രധാന കോട്ടകളിലൊന്നാണ് ചന്ദ്രഗിരി കോട്ട. ഇക്കേരി വംശത്തിലെ ശിവപ്പ നായിക് പണികഴിപ്പിച്ച ചന്ദ്രഗിരി കോട്ട കീഴൂർ കോട്ട എന്നും അറിയപ്പെടുന്നു.
  9. ഇക്കേരി രാജവംശത്തിലെ വെങ്കിടപ്പ നായിക് പണികഴിപ്പിച്ച കുമ്പള ആരിക്കാടി കോട്ട, സോമശേഖര നായിക് പണി കഴിപ്പിച്ച ഹോസ് ദുർഗ് (കാഞ്ഞങ്ങാട് കോട്ട) എന്ന പുതിയ കോട്ട, പൊവ്വൽ കോട്ട എന്നിവയും കാസർകോട് ജില്ലയിലെ പ്രധാന കോട്ടകളാണ്.
  10. വളപട്ടണം കോട്ട, ധർമടം കോട്ട, ഏഴിമല കോട്ട, മാടായി കോട്ട എന്നിവ കണ്ണൂർ ജില്ലയിലെ പ്രധാന കോട്ടകളായിരുന്നു.
  11. 1523 ൽ പോർച്ചുഗീസുകാർ നിർമിച്ചതാണ് കൊടുങ്ങല്ലൂർ കോട്ട. കോട്ടപ്പുറം കോട്ട എന്ന പേരിലും ഇതറിയപ്പെടുന്നു.