മുഹമ്മദ് അലി

ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി (74) 2016 ജൂൺ 4-ന് അരിസോണയിലെ ഫീനിക്സിൽ അന്തരിച്ചു. അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസ് വില്ലയിൽ 1942 -ലായിരുന്നു ജനനം. കാഷ്യസ് ക്ലേ ജൂനിയർ എന്നായിരുന്നു ആദ്യ കാല പേര്.1954 -ൽ 12-ആം വയസ്സിൽ ബോക്സിങ് താരമായി. 1960 -ൽ 18-ആം വയസ്സിൽ അമേരിക്കയ്ക്ക് വേണ്ടി റോം ഒളിംപിക്സിൽ സ്വർണം നേടി. 1964 -ൽ 22- ആമത്തെ വയസ്സിൽ സോണി ലിസ്റ്റനെ തോൽപ്പിച്ച് ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ആയി. ഇതിനു ശേഷമാണ് ഇസ്‌ലാം മതം സ്വീകരിച്ച് മുഹമ്മദ് അലി എന്ന് പേര് മാറ്റിയത്.

മൂന്ന് ഹെവി വെയ്റ്റ്കിരീടത്തിനുടമയായ ആദ്യ ബോക്സറാണ് മുഹമ്മദ് അലി. ഇടിക്കൂട്ടിൽ ചിത്രശലഭത്തെപ്പോലെ പാറി നടക്കുകയും തേനീച്ചയെ പോലെ കുത്തുകയും ചെയ്യുന്ന ബോക്‌സർ എന്നാണ് മുഹമ്മദ് അലിയെ വിശേഷിപ്പിക്കാറുള്ളത്. 61 പ്രൊഫഷണൽ പോരാട്ടങ്ങളിൽ 56-ലും വിജയം നേടിയ താരം കൂടിയാണ് അലി. തലയ്‌ക്കേറ്റ ഇടികളുടെ ആഘാതത്തിൽ ചെറുപ്പത്തിൽ തന്നെ പാർക്കിൻസൺ രോഗബാധിതനായിരുന്നു. 1967-ലെ വിയറ്റ്നാം യുദ്ധത്തിൽ നിർബന്ധിത സൈനിക സേവനത്തിനു വിസമ്മതിച്ചതിന്ടെ പേരിൽ ബോക്സിങ് ലൈസൻസ് റദ്ദായി. കിരീടങ്ങൾ പിൻവലിക്കുകയും അഞ്ചു വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. പിന്നീട് പിഴയടച്ചു ശിക്ഷയിൽ നിന്ന് ഇളവ് നേടി. 1971-ലാണ് കോടതി വിധിയെത്തുടർന്ന് ബോക്സിങ് ലൈസൻസ് തിരിച്ചു കിട്ടിയത്. 1979-ൽ മത്സര രംഗത്തു നിന്ന് വിരമിച്ചു. 1980-ൽ റിട്ടയർമെൻറ് റദ്ധാക്കി റിങ്ങിൽ തിരിച്ചെത്തിയെങ്കിലും നിരന്തരമായ തോൽവിയെത്തുർന്ന് 1981-ൽ വീണ്ടും വിരമിച്ചു. 1984 -ഓടെ പാർക്കിൻസൺ രോഗത്തിനടിമയായി. 2005-ൽ അമേരിക്കയുടെ പരമോന്നത ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചു.