ഇസ്രായേലിന്റെ രൂപീകരണം 

ഇസ്രായേൽ എന്ന രാഷ്ട്രത്തിന്റെ പിറവിയുടെ പേരിൽ പശ്ചിമേഷ്യ സംഘർഷഭൂമിയായി മാറിയിട്ട് ഏഴ് നൂറ്റാണ്ടുകളാകുന്നു. അറബ് മേഖലയാണ് പശ്ചിമേഷ്യ അവിടെ ഇസ്രായേൽ എന്നൊരു ജൂതരാഷ്ട്രത്തിന്ടെ പിറവിക്ക് വഴി വെച്ചതിൽ രാഷ്ട്രീയത്തിനൊപ്പം ജൂത മതവിശ്വാസവുമായി ബന്ധപ്പെട്ട വൈകാരികതയ്ക്കു കൂടി സ്ഥാനമുണ്ട്.

ബൈബിൾ പഴയ നിയമത്തിലെ അബ്രഹാമിൽ നിന്ന് തുടങ്ങുന്നതാണ് തങ്ങളുടെ പരമ്പരയെന്നാണ് ജൂതരുടെ വിശ്വാസം. ഇന്ന് ഇറാഖ് എന്നറിയപ്പെടുന്ന പഴയ മെസപ്പൊട്ടേമിയയിലെ ഊർ മേഖലയിൽ നിന്ന് കനാൻ ദേശത്തേക്കുള്ള (ഇപ്പോഴത്തെ ഇസ്രായേൽ) അബ്രഹാമിന്റെ സഞ്ചാരത്തോടെ തുടങ്ങുന്നു അത്. അബ്രഹാമിന്റെ മകനാണ് ഇസ്ഹാഖ്. ഇസ്ഹാഖിന്റെ മകൻ യാക്കോബ്. യാക്കോബിന് പന്ത്രണ്ട് മക്കൾ. യാക്കോബിന്‌ ദൈവം നൽകിയ പേരാണ് ഇസ്രായേൽ. യാക്കോബും പന്ത്രണ്ടു മക്കളും പിന്നീട് ഈജിപ്റ്റിൽ താമസമാക്കി.അവർ പന്ത്രണ്ട് ഗോത്രങ്ങളായി വികസിപ്പിച്ചു. പക്ഷേ, കുറച്ചു കാലം കഴിഞ്ഞപ്പോൾ ഈജിപ്തിലെ ഫറോവമാരിലൊരാൾ ഇസ്രായേൽ ജനതയെ അടിമകളാക്കി  പീഡിപ്പിച്ചു. മോസസിന്റെ നേതൃത്വത്തിൽ ഇസ്രായേൽ ജനം തങ്ങളുടെ മാതൃദേശമായ കനാനിലേക്ക് പുറപ്പാട് (പുറപ്പാട് പുസ്തകത്തിൽ പറയുന്നത്) നടത്തി. വര്ഷങ്ങളോളം ഒരു ഭൂമിയിൽ അലഞ്ഞ അവർ ഒടുവിൽ കനാൻ ദേശത്തെത്തി ജോഷ്വയുടെ (യോശുവ) നേതൃത്വത്തിൽ അവിടെ പാർപ്പുറപ്പിച്ചു. എന്നിട്ട് പന്ത്രണ്ട് ഗോത്രങ്ങളായി ഭൂമി പങ്കിട്ടു. പിന്നീട് ശൗലിന്റെ (സൗൾ) നേതൃത്വത്തിൽ ഇസ്രായേൽ എന്നൊരു രാജവംശം സ്ഥാപിക്കുകയും ദാവീദിന്റെ കാലത്ത് ഇസ്രായേലിനെ ഒരു രാഷ്ട്രമാക്കുകയും ജറുസലേം കീഴടക്കി തലസ്ഥാനമാക്കുകയും ചെയ്തു. സോളമൻ രാജാവിന്റെ കാലശേഷം ഈ രാഷ്ട്രം ഇസ്രായേൽ എന്നും ജൂദാ എന്നും രണ്ടായി പിളർന്നു. ഇങ്ങനെയൊക്കെയാണ് വിശ്വാസം പോകുന്നത്. 

ബി സി 6,8 നൂറ്റാണ്ടുകളിലായി അസീറിയിൻ ഭരണാധികാരിയായ ഷൽമാ നൈസർ അഞ്ചാമൻ ഇസ്രയേലും ബാബിലോണിയൻ സേന ജൂദായും കീഴടക്കി. ജൂദായിലുള്ളവർ ബാബിലോണിയയിലേക്ക് പലായനം ചെയ്തു (ബാബിലോണിയൻ അടിമത്തം). എഴുപതു വർഷങ്ങൾക്കു ശേഷം പേർഷ്യക്കാർ ബാബിലോണിയ കീഴടക്കിയ ശേഷമാണ് ഇവർ മടങ്ങിയെത്തുന്നത്. റോമാ സാമ്രാജ്യത്തിന്റെ കാലത്ത് ജൂതർക്ക് വീണ്ടും കഷ്ടകാലമായി. എ.ഡി.രണ്ടാം നൂറ്റാണ്ടിൽ റോമൻ ചക്രവർത്തി ഹഡ്രിയൻ  ജൂതമതാരാധനകൾക്ക് വിലക്ക് ഏർപ്പെടുത്തി. സൈമൺ ബാർ കോച് ബയുടെ നേതൃത്വത്തിൽ  ജൂതർ കലാപത്തിനിറങ്ങി. അഞ്ച് ലക്ഷത്തോളം ജൂതർ കൊല്ലപ്പെട്ടു. ജറുസലേമിൽ നിന്നും ജൂതർ പുറത്താക്കപ്പെട്ടു. ഒട്ടനവധി ജൂതരെ അടിമകളാക്കി വിറ്റു. അതോടെ ഇസ്രായേൽ ജനതയുടെ തകർച്ച പൂർണമായി. സ്വന്തം ദേശം നഷ്ടപ്പെട്ട അവർ ലോകത്തിന്റെ മറ്റു ദിക്കുകളിലേക്ക് അഭയം തേടി പോകാൻ തുടങ്ങി. ജൂയിഷ് ഡയസ്പോറ എന്ന വാക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് ജൂതജനത  ഇങ്ങനെ ചിതറിപ്പോയതിനെ കുറിക്കുന്നു.

ഒരു മനുഷ്യ സമൂഹത്തിനും സംഭവിക്കാൻ പാടില്ലാത്ത ദുരവസ്ഥകളിലൂടെയാണ് പിന്നീടങ്ങോട്ടുള്ള നൂറ്റാണ്ടുകളിൽ ഇവർ അനുഭവിച്ചത്, കൊടിയ പീഡനങ്ങൾക്കും വംശീയ കൂട്ടക്കൊലകൾക്കും അടിമത്തത്തിനും ഇവർ ഇരയായി. മധ്യകാലത്ത് യൂറോപ്പിൽ കത്തോലിക്കാ സഭ വേരുറപ്പിച്ചപ്പോൾ ജൂതർ കുറ്റവിചാരണകൾക്കും ശിക്ഷകൾക്കും ഇരയായി. കുരിശുയുദ്ധക്കാർ ഇവരെ ആക്രമിച്ചു. പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങളിൽ ഇവർക്ക് പ്രത്യേകം വേർതിരിച്ച ഗെറ്റോകളിൽ കഴിച്ചു കൂട്ടേണ്ടിവന്നു.

എന്നാൽ 18 -ആം നൂറ്റാണ്ടിൽ ജൂതജനത വിവേചനങ്ങൾക്കെതിരെ പ്രതിഷേധിച്ചു തുടങ്ങി. ഹസ്‌കലാ എന്ന ജൂത പ്രസ്ഥാനം ഇവരിൽ സ്വത്വ ബോധം ഉണർത്തി. ഹസീദി ജൂഡായിസം എന്ന കടുത്ത മതാത്മക പ്രസ്ഥാനവും ഇക്കാലത്ത് ഉണ്ടായി. എന്നാൽ മതവിശ്വാസം ശക്തമായിരിക്കുമ്പോഴും മതനിരപേക്ഷവും ശാസ്ത്രീയവുമായി  വിദ്യാഭ്യാസത്തെ സ്വീകരിച്ചു കൊണ്ട് ജൂതർ ഭൗതികമായും മെച്ചപ്പെടാൻ തുടങ്ങി.

1796 ൽ ഫ്രാൻ‌സിൽ തുല്യ നീതി അനുവദിച്ചതുൾപ്പെടെ പലയിടത്തും ജൂതപ്രതിഷേധത്തിന് ഫലം കണ്ടു. പക്ഷെ, കിഴക്കൻ യൂറോപ്പിൽ മാറ്റമുണ്ടായില്ല. ജൂതരെ ഭൂമുഖത്തു നിന്ന് തന്നെ ഉന്മൂലനം ചെയ്യാനുള്ള പരിപാടികൾ അവിടെ ശക്തപ്പെട്ടു. ജൂതനായിരുന്ന പട്ടാള ഓഫീസർ ആൽഫ്രഡ്‌ ഡ്രയ്ഫസ് സൈനിക രഹസ്യങ്ങൾ ജർമനിക്ക് ചോർത്തിക്കൊടുത്തു വെന്ന കെട്ടിച്ചമച്ച കേസ് വന്നതോടെ ഫ്രാൻ‌സിൽ വീണ്ടും ജൂതപീഡനത്തിനും വഴി തുറന്നു. ഫ്രാൻസിലെ ഈ സംഭവ ഗതികളാണ് സയോണിസത്തിനു വിത്ത് പാകിയത്. വാഗ്‌ദത്ത ഭൂമിയായ ഇസ്രായേലിൽ ജൂതർക്ക് ജന്മദേശം വീണ്ടെടുക്കണമെന്ന ആശയം സയോണിസ്റ്റുകൾ ഉയർത്തി. ബൈബിളിൽ ജറുസലേമിനു പറയുന്ന പേരുകളിൽ ഒന്നായ സയോണിൽ നിന്നാണ് സയണിസം എന്ന വാക്കുണ്ടായത്. ഹംഗേറിയൻ പത്രപ്രവർത്തകനായ തിയഡോർ ഹെർട്സ്എൽ ആയിരുന്നു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. നതാൻ ബിൻബോം എന്ന യുവ പ്രസാധകൻ 1890 -ൽ തന്ടെ സെൽഫ് ഇമാൻസിപ്പേഷൻ എന്ന പ്രസിദ്ധീകരണത്തിൽ ജൂത ദേശീയതാവാദത്തിന്ടെ പര്യായമായി സയോണിസം എന്ന് വാക്ക് ഉപയോഗിച്ചു. ഓട്ടോമൻ ദുൽത്താനായിരുന്ന അബ്ദുൽ ഹമീദ് രണ്ടാമനിൽ നിന്ന് പലസ്തീനിൽ ജൂതർക്ക് സ്ഥിരം വാസകേന്ദ്രം അനുവദിപ്പിക്കുകയായിരുന്നു സയോണിസ്റ്റുകളുടെ ആദ്യ ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ ഒന്നാം ലോകയുദ്ധത്തോടെ ഓട്ടോമൻ സാമ്രാജ്യം തകർന്നു.പലസ്തീനിൻടെ നിയന്ത്രണം ലീഗ് ഓഫ് നാഷൻസ് ബ്രിട്ടന് നൽകി. അതോടെ സയോണിസം സജീവമാവുകയും യൂറോപ്യൻ ജൂതർ പലസ്തീനിലേക്ക് പ്രവഹിച്ച് അവിടെ വേരുറപ്പിക്കുകയും ചെയ്തു. ഈ കുടിയേറ്റത്തെ തദ്ദേശവാസികളായ അറബികൾ എതിർത്തു. 

രണ്ടാം ലോകയുദ്ധത്തിലേക്ക് യൂറോപ്പിലും വടക്കൻ ആഫ്രിക്കയിലും   ജൂതർ വീണ്ടും ക്രൂരമായ പീഡനങ്ങൾക്കിരയായി. ഹിറ്റ്ലറുടെ നാസി ജർമനിയും കൂട്ടാളികളുമായിരുന്നു അന്ന് ജൂതരെ ഉന്മൂലനം ചെയ്തവർ. ഹോളോകോസ്റ്റ് എന്ന് ഇത് അറിയപ്പെടുന്നു. ജൂതപ്രശ്നത്തിനുള്ള അവസാന പരിഹാരം എന്ന ക്രൂരമായ നിലയിലായിരുന്നു ഹിറ്റ്ലർ നടത്തിയ ജൂതകൂട്ടക്കുരുതി. ലക്ഷക്കണക്കിന് ജൂതർ ഗ്യാസ് ചേമ്പറുകളിലും കോൺസൻട്രേഷൻ ക്യാമ്പുകളിലും പിടഞ്ഞു മരിച്ചു. കരുതിക്കൂട്ടി ഒരു വംശത്തെ കൂട്ടക്കൊല ചെയ്യുക എന്ന അർഥം വരുന്ന ജിനോസൈഡ് എന്ന വാക്കിന്റെ ഉത്ഭവം പോലും ഈ ജൂത ഉന്മൂലനത്തിൽ നിന്നാണ്. 70 ലക്ഷത്തോളം ജൂതർ ഇക്കാലത്ത് മരിച്ചുവെന്നാണ് ഏകദേശ കണക്ക്, പോളണ്ട്, ജർമനി, ഹംഗറി, റുമേനിയ, ഹോളണ്ട് എന്നീ രാജ്യങ്ങളിലൊക്കെ ജൂതർ നിർദയം വധിക്കപ്പെട്ടു.

രണ്ടാം ലോകയുദ്ധം തീരുമ്പോഴേക്കും പലസ്തീനിൽ പാർപ്പ് തുടങ്ങിയ ജൂതരുടെ എണ്ണം പെരുകിയിരുന്നു. അതോടെ ഇവിടെ ജൂതരും അറബികളുമായുള്ള ഏറ്റുമുട്ടലും നിരന്തരമുണ്ടായി. പലസ്തീനിൽ നിന്നും പിൻവാങ്ങാൻ 1947 -ൽ ബ്രിട്ടൺ തീരുമാനമെടുത്തു. പലസ്തീനിൽ ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള ഉദ്ദേശ്യം അതിനു മുൻപ് ബാൽഫർ പ്രഖ്യാപനത്തിലൂടെ ബ്രിട്ടൺ വെളിപ്പെടുത്തിയിരുന്നു. പലസ്തീൻ ജൂതർക്കും അറബികൾക്കുമായി പകുത്തു നൽകാൻ 1947 നവംബർ 29- ന് യു.എൻ. ജനറൽ അസ്സെംബ്ലി തീരുമാനിച്ചു. ജൂതർ ഇത് അംഗീകരിച്ചു. പക്ഷേ, തങ്ങളുടെ ദേശം കവർന്നെടുത്ത്, തങ്ങളെ വഞ്ചിച്ചുവെന്ന പ്രതീതിയാണ് അറബികളിൽ ഇത് ഉണ്ടാക്കിയത്. അതിനാൽ അറബ് രാജ്യങ്ങൾക്ക് ഇത് സ്വീകാര്യമായില്ല,അറബികളുടെ എതിർപ്പ് വക വെയ്ക്കാതെ, യു.എൻ. തീരുമാനമെന്ന മട്ടിൽ 1948 മെയ് 14 ന്   ഇസ്രായേൽ രാഷ്ട്രം സ്ഥാപിതമായി.

അറേബ്യൻ ഭൂപടത്തിൽ നിന്നും ജൂത രാഷ്ട്രത്തെ തുടച്ചു നീക്കുമെന്ന് അറബ് രാജ്യങ്ങൾ പ്രഖ്യാപിച്ചു. ഈ വക്കിൽ പിടിച്ച് ജൂതരെ അറബികൾക്കെതിരെ തിരിക്കാൻ ഇസ്രയേലിനു കഴിഞ്ഞു. ജൂത കുടിയേറ്റം, ലക്ഷക്കണക്കിന് പലസ്തീൻ അറബികളുടെ പലായനം, അറബ് - ഇസ്രായേൽ യുദ്ധം. പി എൽ ഒ യുടെ വിമോചനപ്പോരാട്ടം, മ്യൂണിക്ക് ഒളിംപിക്‌സ് നാളുകളിൽ നടന്ന കൂട്ടക്കൊല തുടങ്ങിയ സംഭവങ്ങളിലൂടെ കൊണ്ടും കൊടുത്തും വൈരം വളർന്നു. സമാധാന ഉടമ്പടികൾ പലതുമുണ്ടായെങ്കിലും സമാധാനം മാത്രം അന്യമായി. 

യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയോടെ ഇസ്രായേൽ സൈനികമായ കരുത്തു നേടി. ശത്രുക്കൾക്കു നടുവിലാണ് കിടക്കുന്നതെന്ന് അറിയാവുന്ന ജൂതർ 'ചാരക്കണ്ണുകൾ' തുറന്നുവെച്ച് ഓരോ ഇലയനക്കങ്ങളെയും നിരീക്ഷിച്ചു വരുന്നു.

ജൂതരാഷ്ട്ര പിറവിയെക്കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ന്യായങ്ങളുണ്ട്. നൂറ്റാണ്ടുകളായി നരകയാതന അനുഭവിച്ച ഒരു ജനത, അവരിൽ കൂട്ടക്കൊലകളെ അതിജീവിച്ചവർ വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങിയെത്തുന്നു. അവർക്ക് ഇത്തിരിപ്പോന്ന ഒരു രാജ്യം ലഭിക്കുന്നു. അവരെ ഇനി അവിടെ നിന്നും തുടച്ചു നീക്കാൻ ശ്രമിക്കുന്നത് തെറ്റാണെന്നാണ് ഇസ്രായേൽ അനുകൂലികളുടെ വാദം.

എന്നാൽ ഇസ്രായേൽ എന്ന രാഷ്ട്ര സ്ഥാപനം തന്നെ ഏകപക്ഷീയമായിരുന്നുവെന്നാണ് എതിർവാദം. ജൂതരുടെ വാഗ്ദത്ത ഭൂമി എന്നത് ചരിത്രപരമായ ശരികളെക്കാൾ മത വിശ്വാസവുമായി ബന്ധപ്പെട്ടതാണ് , ജൂതരെ പീഡനത്തിനിരയാക്കിയത് യുറോപ്യന്മാരാണ്, അതിന്ടെ ഭാരം പേറേണ്ടത് അറബികളല്ല - ഇസ്രായേൽ രാഷ്ട്രപ്പിറവിയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.