മലയാള മഹാകവിയും , കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണമേനോൻ . ആധുനികമലയാള കവിത്രയത്തിൽ ശബ്ദ സുന്ദരനും, സർഗ്ഗാത്മകകൊണ്ട് അനുഗ്രഹിത നുമായിരുന്നു മഹാകവി വള്ളത്തോൾ നാരായണമേനോൻ.

1878 ഒക്‌ടോബര്‍ 16ന് മലപ്പുറം ജില്ലയിലെ തിരൂരില്‍ മംഗലം എന്ന ഗ്രാമത്തിലാണ് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ ജനിച്ചത്. കടുങ്ങോട്ട് മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റെയും കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും മകനായി ജനിച്ച വള്ളത്തോളിന് കുട്ടിക്കാലത്തു വലിയ വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ല. എന്നാല്‍ സംസ്‌കൃതത്തില്‍ അദ്ദേഹം നല്ലതുപോലെ പ്രാവീണ്യം നേടി. തുടര്‍ന്ന് അദ്ദേഹം അഷ്ഠാംഗഹൃദയം പഠിക്കുകയുണ്ടായി. ജീവിച്ചിരുന്ന കാലഘട്ടത്തില്‍ മലയാള ഭാഷയ്ക്ക് തന്നാലാവുന്നതെന്തും നല്‍കി പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ അന്തര്‍ധാനം ചെയ്തത്.

മലയാളത്തിന്റെ ദേശീയകവിയായും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചാലകശക്തിയായും അറിയപ്പെടുന്ന കവിയാണ് വള്ളത്തോള്‍ നാരായണമേനോന്‍. വെണ്മണി പാരമ്പര്യത്തില്‍ വളര്‍ന്ന വള്ളത്തോളിന്റെ സൗന്ദര്യാരാധനയ്ക്ക് അല്‍പ്പം ശൃംഗാരച്ചുവ കാണാം. പില്‍ക്കാലത്ത് ദേശീയബോധം തുടിക്കുന്ന കവിതകളിലൂടെയും ഭാഷാസ്‌നേഹം വഴിയുന്ന സുന്ദര കവനങ്ങളിലൂടെയും വള്ളത്തോള്‍ ആ പരിമിതികളെ ശരിക്കും ഉല്ലംഘിച്ചു.

ഋതുവിലാസമാണ് അദ്ദേഹത്തിന്റെ ആദ്യ കൃതി. 1907 ല്‍ വാല്മീകി രാമായണ പരിഭാഷ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് അസുഖം പിടിപെടുകയും ബധിരനാവുകയും ചെയ്തു. രോഗം പിടിപ്പെട്ട് ബധിരനായി തീര്‍ന്ന ശേഷം അദ്ദേഹം രചിച്ച ‘ബധിരവിലാപം’ എന്ന ഖണ്ഡകാവ്യം വളരെ പ്രസിദ്ധമാണ്. ഇതിനുശേഷം അദ്ദേഹം രചിച്ച ഖണ്ഡകാവ്യങ്ങളാണ് ബന്ധനസ്ഥനായ അനിരുദ്ധന്‍, ഗണപതി, മഗ്ദലനമറിയം, ശിഷ്യനും മകനും, കൊച്ചുസീത, അച്ഛനും മകനും തുടങ്ങിയവ. ബധിരവിലാപം എന്ന ഖണ്ഡകാവ്യം രചിച്ച് ഏതാണ്ട് നാലഞ്ച് വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം തന്നെ മഹാകവിയായി അറിയപ്പെടാന്‍ ഇടയാക്കിയ ‘ചിത്രയോഗം’ എന്ന മഹാകാവ്യം പൂര്‍ത്തീകരിച്ചത്. ഇതിന്റെ പ്രസിദ്ധീകരണത്തോടെ വള്ളത്തോള്‍ മഹാകവിയായി അറിയപ്പെടാന്‍ തുടങ്ങി. മന്ദാരവതീ സുന്ദരസേനാ കഥയാണ് (കഥാസരിത് സാഗരം) ‘ചിത്രയോഗ’ത്തിനു പ്രതിപാദ്യമായത്.

വിവര്‍ത്തകനെന്ന നിലയിലും വള്ളത്തോളിന്റെ സംഭാവനകള്‍ മഹത്താണ്. വാല്മീകിരാമായണത്തിന് പുറമെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാര്‍ക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം വിവര്‍ത്തനം ചെയ്തു. ഗാന്ധിജിയുടെ മരണത്തില്‍ ദുഃഖിച്ചെഴുതിയ വിലാപകാവ്യം ‘ബാപ്പുജി’ പ്രശസ്തമാണ്. വിവര്‍ത്തനംകൊണ്ട് ‘കേരള വാല്മീകി’യെന്നും കഥകളിയുടെ സമുദ്ധര്‍ത്താവ് എന്ന നിലയില്‍ ‘കേരള ടാഗോര്‍’ എന്നും വള്ളത്തോള്‍ വിളിക്കപ്പെട്ടു.

കഥകളിയോട് അടങ്ങാത്ത കമ്പം വെച്ചുപുലര്‍ത്തിയ വള്ളത്തോള്‍ ഈ കലയെ പുനരുദ്ധരിക്കാന്‍ ചെയ്ത ശ്രമങ്ങള്‍ ഏറെയാണ്. 1930ല്‍ വള്ളത്തോള്‍ കുന്നംകുളത്ത് കഥകളിവിദ്യാലയം സ്ഥാപിച്ചു. ഇതാണ് പിന്നീട് കേരള കലാമണ്ഡലമായത്. ആസ്ഥാനം പിന്നീട് ചെറുതുരുത്തിയായി. കലാമണ്ഡലത്തിന്റെ ധനശേഖരണാര്‍ഥം ഇന്ത്യയൊട്ടുക്കും നിരവധി വിദേശരാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തി. 1948ല്‍ മദ്രാസ് സര്‍ക്കാര്‍ വള്ളത്തോളിനെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷം അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. 1955ലാണ് മഹാകവിക്ക് പദ്മഭൂഷണ്‍ ബഹുമതി ലഭിച്ചത്. സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷന്‍, കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷന്‍ എന്നീ പദവികളും വള്ളത്തോള്‍ വഹിച്ചിട്ടുണ്ട്. 1958 മാര്‍ച്ച് 13 മലയാളത്തിന്റെ എന്നത്തേയും ആത്മാഭിമാനമായിരുന്ന മഹാകവി വള്ളത്തോളിന്റെ ചരമദിനമായിരുന്നു.

പ്രകൃതി സ്‌നേഹിയായിരുന്ന മഹാകവി
”പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവച്ചും
സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപദാനം പൂണ്ടും
പള്ളികൊണ്ടീടുന്നതില്‍ പാര്‍ശ്വയുഗ്മത്തെ കാത്തു
കൊള്ളുന്നു കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ.”

അദ്ദേഹത്തിന്റെ സാഹിത്യമഞ്ജരി എന്ന കവിതയിലെ ഭാഗങ്ങള്‍.
”ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോരനമുക്കു ഞരമ്പുകളില്‍”

അദ്ദേഹത്തിന്റെ ‘എന്റെ ഗുരുനാഥന്‍’ എന്ന കൃതി വളരെ പ്രസിദ്ധമാണ്.
”ലോകമേ തറവാടു തനിക്കീച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍”

വള്ളത്തോള്‍- പ്രധാന കൃതികള്‍
- അച്ഛനും മകളും
- അഭിവാദ്യം
- ഇന്ത്യയുടെ കരച്ചിൽ
- ഋതുവിലാസം
- എന്റെ ഗുരുനാഥൻ
- ഒരു കത്ത് അഥവാ രുഗ്മിയുടെ പശ്ചാത്താപം
- ഓണപ്പുടവ
- ഔഷധാഹരണം
- കാവ്യാമൃതം
- കൈരളീകടാക്ഷം
- കൈരളീകന്ദളം
- കൊച്ചുസീത
- കോമള ശിശുക്കൾ
- ഖണ്ഡകൃതികൾ
- ഗണപതി
- ചിത്രയോഗം അഥവാ താരാവലീ ചന്ദ്രസേനം
- ദണ്ഡകാരണ്യം 1960
- ദിവാസ്വപ്നം പി 1944
- നാഗില വ 1962
- പത്മദളം 1949
- പരലോകം
- ബധിരവിലാപം
- ബന്ധനസ്ഥനായ അനിരുദ്ധൻ 1918
- ബാപ്പുജി
- ഭഗവൽസ്തോത്രമാല
- മഗ്ദലനമറിയം അഥവാ പശ്ചാത്താപം - 1921
- രണ്ടക്ഷരം
- രാക്ഷസകൃത്യം
- വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങൾ
- വള്ളത്തോളിന്റെ പദ്യകൃതികൾ ഒന്നാം ഭാഗം
- വള്ളത്തോളിന്റെ പദ്യകൃതികൾ രണ്ടാം ഭാഗം
- വള്ളത്തോൾ
- വള്ളത്തോൾ സുധ 1962
- വിലാസലതിക
- വിഷുക്കണി 1941
- വീരശൃംഖല
- ശരണമയ്യപ്പാ 1942
- ശിഷ്യനും മകനും
- സാഹിത്യമഞ്ജരി-ഒന്നാം ഭാഗം
- സാഹിത്യമഞ്ജരി-രണ്ടാം ഭാഗം
- സാഹിത്യമഞ്ജരി-മൂന്നാം ഭാഗം
- സാഹിത്യമഞ്ജരി-നാലാം ഭാഗം
- സാഹിത്യമഞ്ജരി-അഞ്ചാം ഭാഗം 1926
- സാഹിത്യമഞ്ജരി-ആറാം ഭാഗം 1934
- സാഹിത്യമഞ്ജരി-ഏഴാം ഭാഗം 1935
- സാഹിത്യമഞ്ജരി-എട്ടാം ഭാഗം 1951
- സാഹിത്യമഞ്ജരി-ഒമ്പതാം ഭാഗം
- സാഹിത്യമഞ്ജരി-പത്താം ഭാഗം
- സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗം
- സ്ത്രീ
- റഷ്യയിൽ
- ഗ്രന്ഥവിചാരം
- പ്രസംഗവേദിയിൽ
- വള്ളത്തോളിന്റെ ഗ്രന്ഥനിരൂപണങ്ങളും പ്രസംഗങ്ങളും

വള്ളത്തോൾ പുരസ്കാരം
വള്ളത്തോളിന്റെ പേരിൽ വള്ളത്തോൾ സാഹിത്യസമിതി ഏർപ്പെടുത്തിയ പുരസ്കാരമാണ് വള്ളത്തോൾ പുരസ്കാരം. 1,11,111 രൂപയും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് ഈ പുരസ്കാരം.

വള്ളത്തോൾ പുരസ്കാരം നേടിയവർ
1991 - പാലാ നാരായണൻ നായർ
1992 – ശൂരനാട്കുഞ്ഞൻ പിള്ള
1993 – ബാലാമണിയമ്മ, വൈക്കംമുഹമ്മദ് ബഷീർ
1994 – പൊൻകുന്നം വർക്കി
1995 – എം.പി.അപ്പൻ
1996 – തകഴിശിവശങ്കരപ്പിള്ള
1997 – അക്കിത്തംഅച്യുതൻനമ്പൂതിരി
1998 – കെ.എം.ജോർജ്ജ്
1999 – എസ്.ഗുപ്തൻ നായർ
2000 – പി.ഭാസ്കരൻ
2001 – ടി.പത്മനാഭൻ
2002 – ഡോ.എം.ലീലാവതി
2003 – സുഗതകുമാരി
2004 – കെ.അയ്യപ്പപ്പണിക്കർ
2005 – എം.ടി.വാസുദേവൻനായർ
2006 – ഒ.എൻ.വി.കുറുപ്പ്
2007 – സുകുമാർ അഴീക്കോട്
2008 – പുതുശ്ശേരി രാമചന്ദ്രൻ
2009 – കാവാലം നാരായണപണിക്കർ
2010 – വിഷ്ണുനാരായണൻനമ്പൂതരി
2011 – സി.രാധാകൃഷ്ണൻ
2012 – യൂസഫലി കേച്ചേരി
2013 – പെരുമ്പടവം ശ്രീധരൻ
2014 – പി.നാരായണക്കുറുപ്പ്
2015 – ആനന്ദ്
2016 – ശ്രീകുമാരൻ തമ്പി
2017 – പ്രഭാവർമ്മ
2018 – എം.മുകുന്ദൻ
2019 - സക്കറിയ