Advertisement

views

Famous Personalities : Thoppil Bhasi


പ്രശസ്ത മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായിരുന്ന തോപ്പില്‍ ഭാസി 1924 ഏപ്രില്‍ 8-ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ജനിച്ചു. ഭാസ്‌കരന്‍ പിള്ള എന്നായിരുന്നു യഥാര്‍ത്ഥ നാമം. അച്ഛൻ പരമേശ്വരൻ പിള്ള, അമ്മ നാണിക്കുട്ടി അമ്മ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ചങ്ങന്‍കുളങ്ങര സംസ്‌കൃതസ്‌കൂളില്‍ നിന്നും ശാസ്ത്രി പരീക്ഷ വിജയിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ആയുര്‍വേദകോളജില്‍ നിന്നു വൈദ്യകലാനിധി പാസ്സായി.

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു തോപ്പില്‍ ഭാസി. ഒന്നാം കേരളനിയമസഭയില്‍ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന ഒറ്റ നാടകത്തിലൂടെ കേരളത്തിലെ രാഷ്ട്രീയ-കലാ രംഗത്തെ മഹാരഥനാണ് തോപ്പിൽ ഭാസി. ഒളിവില്‍ കഴിയുന്ന സമയത്താണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം തോപ്പില്‍ ഭാസി എഴുതുന്നത്. നാടകം, തിരക്കഥ, ചെറുകഥ, ആത്മകഥ, ചലച്ചിത്രസംവിധാനം എന്നീ മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

പഠനകാലത്ത് വിദ്യാർഥി കോൺഗ്രസിൽ അംഗമായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുണ്ട്. 1946-ലെ പുന്നപ്ര വയലാർ സമരത്തോടെ കോൺഗ്രസിൽനിന്ന്‌ അകന്ന്‌ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. ഭൂവുടമകൾക്കുനേരെ കർഷകരെ അണിച്ചേർത്ത് നടത്തിയ സമരത്തിന്റെ ഭാഗമായ കേസിൽ പ്രതിചേർക്കപ്പെട്ട് ഒളിവിൽ കഴിയുന്ന സമയത്താണ് ആദ്യ നാടകമായ ‘മുന്നേറ്റം’ രണ്ടാമത്തെ നാടകമായ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്നിവ എഴുതുന്നത്. 

കെ.പി.എ.സിയുടെ ആഭിമുഖ്യത്തില്‍ 1952 ഡിസംബര്‍ 6-ന് കൊല്ലം ജില്ലയിലെ ചവറയിലാണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ആദ്യമായി അരങ്ങേറിയത്.  പിന്നീട് 4000-ത്തോളം വേദികളിൽ ഈ നാടകം അവതരിപ്പിച്ചു. 1945-ല്‍ ആദ്യ നാടകമായ  ‘മുന്നേറ്റം’ അരങ്ങേറി. ‘ശൂദ്രകന്റെ മൃച്ഛകടികം’ പുതിയ രീതിയില്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ അഭിജ്ഞാനശാകുന്തളം ‘ശകുന്തള’ എന്ന പേരില്‍ ഗദ്യനാടകമായി അവതരിപ്പിച്ചു. രചനയ്ക്കും സംവിധാനത്തിനും നിരവധി സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

സർവേക്കല്ല്, വിശക്കുന്ന കരിങ്കാലി, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം, ശരശയ്യ, കൂട്ടുകുടുംബം, തുലാഭാരം, യുദ്ധകാണ്ഡം, ഇന്നലെ ഇന്ന് നാളെ, കൈയും തലയും പുറത്തിടരുത്, സൂക്ഷിക്കുക ഇടതുവശം ചേർന്ന് പോകുക, മൃച്ഛകടികം, പാഞ്ചാലി, രജനി, ഒളിവിലെ ഓർമകൾ എന്നിവ തോപ്പിൽ ഭാസിയുടെ പ്രധാന നാടകങ്ങളാണ്. പല നാടകങ്ങളും ചലച്ചിത്രങ്ങളാക്കിയിട്ടുണ്ട്.

ഏതാനും ചെറുകഥകളും ‘ഒളിവിലെ ഓര്‍മകള്‍’ എന്ന ആത്മകഥയും രചിച്ചിട്ടുണ്ട്. നൂറിലേറെ ചലച്ചിത്രങ്ങള്‍ക്ക് തോപ്പില്‍ ഭാസി തിരക്കഥയെഴുതിയിട്ടുണ്ട്. പതിനാറ് സിനിമകള്‍ സംവിധാനം ചെയ്തു.  മുടിയനായ പുത്രൻ (1961), പുതിയ ആകാശം പുതിയ ഭൂമി (1962), കാട്ടുതുളസി (1965), ജയിൽ (1966), അവൾ (1967), കസവുത്തട്ടം (1967), കുടുംബം (1967) തുടങ്ങിയവ തോപ്പിൽ ഭാസിയുടെ കഥയിൽ അണിയിച്ചൊരുക്കിയ സിനിമകളാണ്.

നാടകരചന, സംവിധാനം എന്നീ മേഖലകളിൽ  കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡുകളുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി എന്നീ നാടകങ്ങൾ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടി. 1981-ൽ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചു. സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡും പ്രൊഫസർ എൻ. കൃഷ്ണപിള്ള അവാർഡും ലഭിച്ചു.

1992 ഡിസംബര്‍ 8-ന് അദ്ദേഹം അന്തരിച്ചു


Post a Comment

0 Comments