ചിലവ് കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്ത വാസ്തുശില്‍പിയായ ലാറി ബേക്കര്‍ 1917 മാര്‍ച്ച് 2ന് ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ ജനിച്ചു. ലോറന്‍സ് ബേക്കര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്  (ഇംഗ്ലീഷ്: Laurence Baker). ബര്‍മിങ്ഹാം സ്‌ക്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച അദ്ദേഹം പഠനം കഴിഞ്ഞ് തൊഴില്‍പരിശീലനം ആരംഭിച്ചു.

ബർമിംഗ്ഹാം സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചർ ബിരുദം നേടിയ ശേഷം, രണ്ടാം ലോകമഹായുദ്ധത്തിൽ കലുഷിതമായിരുന്ന പ്രദേശങ്ങളിൽ അദ്ദേഹം സന്നദ്ധസേവനത്തിറങ്ങി. കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനുളള  ഒരു പദ്ധതിയുടെ നിർമാണത്തിന്റെ ഭാഗമായാണ് 1945 ൽ ബേക്കർ ഇന്ത്യയിൽ എത്തുന്നത്. 1989ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു

പിന്നീട് അരനൂറ്റാണ്ടുകാലം ഇന്ത്യയായിരുന്നു (അതിൽത്തന്നെ ഏറിയ പങ്കും കേരളമായിരുന്നു) അദ്ദേഹത്തിന്റെ കർമമേഖല. ഇന്ത്യയിലുടനീളം നിരവധി കുഷ്ഠരോഗാശുപത്രികൾ, ലക്‌നൗവിലെ സാക്ഷരഗ്രാമം, വെല്ലൂർ സിഎംസി ചാപ്പൽ, മദ്രാസിലെ അണ്ണാ യൂണിവേഴ്സ്റ്റിറ്റി കെട്ടിടം, സൂറത്തിലെ സാമൂഹികപഠനകേന്ദ്രം...കേവലം വീടുനിർമാണത്തിൽ ഒതുങ്ങാതെ സാമൂഹികകെട്ടുപണിയാണ് ബേക്കർ നിർവഹിച്ചത്. കേരളത്തിൽ മാത്രം രണ്ടായിരത്തിലേറെ വീടുകളും നിർമിതികളും അദ്ദേഹത്തിന്റെ കരസ്പർശത്താൽ ജനിച്ചു. ഭൂമി നിരപ്പാക്കിയോ, മരങ്ങള്‍ വെട്ടി മാറ്റിയോ ഉള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ അദ്ദേഹം എതിര്‍ത്തു. സുസ്ഥിരമായ വാസ്തുവിദ്യ അതായിരുന്നു ബേക്കര്‍ മാതൃക.

തിരുവനന്തപുരം നാലാഞ്ചിറയിലെ അദ്ദേഹത്തിന്റെ വസതിയായ ഹാംലറ്റ് ഇതിനുദാഹരണം.

അവസാനകാലങ്ങൾ തിരുവന്തപുരത്തായിരുന്നു അദ്ദേഹം ചെലവഴിച്ചത്. തലസ്ഥാനത്ത് ഇന്നും കാഴ്ചക്കാരെ ആകർഷിക്കുന്ന ഇന്ത്യൻ കോഫീ ഹൗസ്, ആർച്ബിഷപ്പ്സ് ഹൗസ്, പൂന്തുറയിലെ മത്സ്യഗ്രാമം, ആക്കുളത്തെ ചിത്രലേഖ ഫിലിം സ്റ്റുഡിയോ തുടങ്ങി നിരവധി നിർമിതകളുടെ ശില്പി ബേക്കറായിരുന്നു. 

പരിസ്ഥിതി സൗഹൃദ നിര്‍മാണ വസ്തുക്കള്‍ കൊണ്ടുളള ഭവനനിര്‍മാണം, ഭൂകമ്പത്തെയും സുനാമി പോലുളള പ്രകൃതിക്ഷോഭങ്ങളെയും പ്രതിരോധിക്കുന്ന നിര്‍മാണ ശൈലി, മഴവെളള സംഭരണം, തുടങ്ങിയ രീതികള്‍ക്ക് കേരളത്തില്‍ തുടക്കം കുറിച്ചത് ബേക്കര്‍ ആയിരുന്നു. കേരളത്തില്‍ മാത്രം രണ്ടായിരത്തിലേറെ വീടുകളും നിര്‍മിതികളും അദ്ദേഹത്തിന്റെ കരസ്പര്‍ശത്തില്‍ ജനിച്ചു. ബേക്കറുടെ ഭൗതിക ശരീരം വിശ്രമിക്കുന്ന പാളയം ക്രൈസ്റ്റ് ദേവാലയത്തിലെ കല്ലറയും അദ്ദേഹം തന്നെ രൂപകല്‍പന ചെയ്തതാണ്.

വികസ്വര രാജ്യങ്ങളിലെ നിർമാണസേവങ്ങൾക്ക് ഹോണററി ഡോക്ടറേറ്റുകൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1990 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 2005 ൽ കേരളസർക്കാർ അദ്ദേഹത്തിന്റെ സംഭാവനകളെ പുരസ്‌കാരം നൽകി ആദരിച്ചു.  ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് ആര്‍ക്കിടെക്റ്റ് അവാര്‍ഡ് ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് തിരുപ്പതി ശ്രീ വെങ്കടേശ്വര സര്‍വ്വകലാശാലയും സെന്‍ട്രല്‍ ഇംഗ്ലണ്ട് സര്‍വ്വകലാശാലയും ഡോക്ടേറ്റ് നല്‍കിയും കേരള സര്‍വ്വകലാശാല ഡി. ലിറ്റ് നല്‍കിയും ആദരിച്ചിട്ടുണ്ട്. 2007 ഏപ്രില്‍ 1ന് അദ്ദേഹം അന്തരിച്ചു.