Advertisement

views

Famous Personalities : S. K. Pottekkatt

ജ്ഞാനപീഠപുരസ്‌കാരം നേടിയ മലയാള നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരന്‍കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട്ട്. അദ്ദേഹം 1913 മാര്‍ച്ച് മാസം 14-ാം തീയതി കുഞ്ഞിരാമന്‍ പൊറ്റെക്കാടിന്റെ മകനായി കോഴിക്കോട് ജനിക്കുകയും 1982 ഓഗസ്റ്റ് മാസം ആറാം തീയതി മരിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുറം ഗണപത് സ്‌കൂളില്‍ നിന്നും പൂര്‍ത്തീകരിച്ചതിനുശേഷം കോഴിക്കോട് സാമൂതിരി കോളജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസായി. തുടര്‍ന്ന് കോഴിക്കോട് ഗുജറാത്തി വിദ്യാലയത്തില്‍ 1937 മുതല്‍ 1939 വരെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. എസ് കെ പൊറ്റെക്കാട്ട് അധ്യാപകനായി പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന് യാത്രകളില്‍ താല്‍പര്യം ജനിക്കുന്നത്. 1939 ല്‍ ബോംബെയിലേക്കുള്ള യാത്രയില്‍ നിന്നാണ് പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ കീര്‍ത്തിക്ക് കാരണമായ ‘ലോകസഞ്ചാരങ്ങള്‍’ ആരംഭിക്കുന്നത്. ബോംബെയില്‍ കുറച്ചുകാലം ജോലിചെയ്തിരുന്ന സമയത്താണ് ഇന്ത്യയിലുടനീളം സഞ്ചരിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചത്.

1949 ല്‍ കപ്പല്‍ മാര്‍ഗം ആദ്യത്തെ വിദേശയാത്ര അദ്ദേഹം നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും നിരവധി തവണ അദ്ദേഹം സന്ദര്‍ശിക്കുകയും ഓരോ സ്ഥലത്തേയും സാധാരണ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. വളരെ വിപുലമായ ഒരു സാഹിത്യ സമ്പത്ത് മലയാളത്തിന് സംഭാവനചെയ്ത അദ്ദേഹത്തിന്റെ രചനാജീവിതം എങ്ങനെ ആരംഭിക്കുന്നുവെന്ന് ‘ഞാന്‍ കഥാകാരനായ കഥ’യിലൂടെ തുറന്നുകാട്ടുന്നു. നേപ്പാള്‍ യാത്ര, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, ബാലിദ്വീപ് എന്നിവ ഈ യാത്രകളുടെ ഫലമായി മലയാള ഭാഷയ്ക്ക് എസ്.കെ.പൊറ്റെക്കാട്ടില്‍ നിന്നു ലഭിച്ച ഈടുറ്റ സഞ്ചാരകൃതികളാണ്. സഞ്ചാര സാഹിത്യം എഴുത്തുകാരന്റെ ആത്മാംശം കലര്‍ന്നതാകയാല്‍ അത് ആത്മകഥ കൂടിയാണെന്നു പറയാറുണ്ട്.

1928ലാണ് ആദ്യത്തെ കഥ പ്രസിദ്ധപ്പെടുത്തുന്നത്. സാമൂതിരി കോളേജ് മാഗസിനില്‍ വന്ന 'രാജനീതി' എന്ന കഥയായിരുന്നു അത്. 1929ല്‍ കോഴിക്കോട്ടുനിന്നുള്ള ആത്മവിദ്യാകാഹളത്തില്‍ മകനെ കൊന്ന മദ്യം എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931ല്‍ എറണാകുളത്തുനിന്നു മൂര്‍ക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം എന്ന മാസികയില്‍ ഹിന്ദു-മുസ്ലിം മൈത്രി എന്ന കഥയും പുറത്തുവന്നു. 1939 ല്‍ ബോംബെയില്‍ വച്ച് എഴുതി പ്രസിദ്ധീകരിച്ച ആദ്യ നോവലാണ് ‘നാടന്‍ പ്രേമം’. 1940 ല്‍ മലബാറിലേക്കുള്ള തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു.

തെരഞ്ഞെടുപ്പിലൂടെ ലോകസഭയിലെത്തിയ അപൂര്‍വം സാഹിത്യകാരന്മാരില്‍ ഒരാളായിരുന്നു എസ് കെ പൊറ്റെക്കാട്ട്.  1957ല്‍ തലശ്ശേരിയില്‍ നിന്നും ലോകസഭയിലേക്കു മല്‍സരിച്ചെങ്കിലും 1000 വോട്ടിനു പരാജയപ്പെട്ടു. 1962ല്‍ തലശ്ശേരിയില്‍ നിന്നു തന്നെ സുകുമാര്‍ അഴീക്കോടിനെ 66,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
മദിരാശി സര്‍ക്കാരിന്റെ പുരസ്‌കാരം - വിഷകന്യക
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1962) - ഒരു തെരുവിന്റെ കഥ
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1973) - ഒരുദേശത്തിന്റെ കഥ
സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ് (1977)
ജ്ഞാനപീഠം പുരസ്‌കാരം (1980).

പ്രധാനകൃതികള്‍ നോവല്‍
വല്ലികാദേവി (1937)
നാടന്‍ പ്രേമം (1941)
പ്രേമശിക്ഷ (1945)
മൂടുപടം (1948)
വിഷകന്യക (1948)
കറാമ്പൂ (1950)
ഒരു തെരുവിന്റെ കഥ (1960)
ഒരുദേശത്തിന്റെ കഥ (1971)
കുരുമുളക് (1974)
കബീന (1979)
നോര്‍ത്ത് അവന്യു.

ചെറുകഥകള്‍
ചന്ദ്രകാന്തം (1944)
മണിമാളിക (1944)
രാജമല്ലി (1945)
നിശാഗന്ധി (1945)
പുള്ളിമാന്‍ (1945)
മേഘകാല (1945)
ജലതരംഗം (1946)
വൈജയന്തി (1946)
പൗര്‍ണമി (1947)
ഇന്ദ്രനീലം (1947)
ഹിമവാഹിനി (1948)
പ്രേതഭൂമി (1949)
രംഗമണ്ഡപം (1949)
യവനികയ്ക്കു പിന്നില്‍ (1952)
കള്ളിപ്പൂക്കള്‍ (1954)
വനകൗമുദി (1954)
കനകാംബരം (1955)
അന്തര്‍വാഹിനി (1960)
ഏഴിലംപാല (1962)
തെരഞ്ഞെടുത്ത കഥകള്‍ (1967)
വൃന്ദാവനം (1968)
കാട്ടുചെമ്പകം (1970)
ഒട്ടകം
അന്തകന്റെ തോട്ടി
നദീതീരത്തില്‍
കടവുതോണി
മെയില്‍ റണ്ണര്‍
രഹസ്യം
മലയാളത്തിന്റെ ചോര
ജയില്‍

യാത്രാവിവരണം
കശ്മീര്‍ (1947)
യാത്രാസ്മരണകള്‍ (1949)
കാപ്പിരികളുടെ നാട്ടില്‍ (1951)
സിംഹഭൂമി (1954)
നൈല്‍ഡയറി (1954)
മലയനാടുകളില്‍ (1954)
ഇന്നത്തെ യൂറോപ്പ് (1955)
ഇന്തോനേഷ്യന്‍ ഡയറി (1955)
സോവിയറ്റ് ഡയറി (1955)
പാതിരാസൂര്യന്റെ നാട്ടില്‍ (1956)
ബാലിദ്വീപ് (1958)
ബൊഹേമിയന്‍ ചിത്രങ്ങള്‍ (1960)
ഹിമാലയസാമ്രാജ്യത്തില്‍ (1967)
നേപ്പാള്‍ യാത്ര (1969)
ലണ്ടന്‍ നോട്ട് ബുക്ക് (1960)
കെയ്‌റോ കഥകള്‍ (1974)
ക്ലിയോപാട്രയുടെ നാട്ടില്‍ (1977)
ആഫ്രിക്ക (1976)
യൂറോപ്പ് (1977)
ഏഷ്യ (1977)

കവിതാസമാഹാരം
പ്രഭാകാന്തി
സഞ്ചാരികളുടെ ഗീതങ്ങള്‍
പ്രേമശില്‍പി.

അത്മകഥ
എന്റെ വഴിയമ്പലങ്ങള്‍


Post a Comment

0 Comments