Advertisement


Indus Valley Civilization | Kerala PSC GK | Study Material

സിന്ധു നാഗരികത

എൽ.ഡി.സി. പരീക്ഷയിൽ ചരിത്രവുമായി ബന്ധപ്പെട്ട് ചോദ്യം വരുന്ന മേഖലയാണ് സിന്ധു നാഗരികത. മുൻ പരീക്ഷകളിൽ ചോദിച്ച വസ്തുതകൾ കോർത്തിണക്കി തയ്യാറാക്കിയതാണ് ഇന്ത്യയുടെ ചരിത്ര പഠനത്തിലെ ഈ ആദ്യ പാഠങ്ങൾ. 

ഇന്ത്യയുടെ എഴുതപ്പെട്ട ചരിത്രം തുടങ്ങുന്നത് സിന്ധു നദീതട നാഗരികതയിൽ നിന്നാണ്. ലോകത്തെ ഏറ്റവും പ്രാചീന സംസ്കൃതികളിലൊന്നാണിത്. ആധുനിക ഇന്ത്യൻ സംസ്കാരത്തിന് അടിത്തറ പാകിയതും സിന്ധുനദീതട നാഗരികതയാണ് (ഇന്ഡസ് വാലി സിവിലൈസേഷൻ) സിന്ധു നദിയുടെയും പോഷക നദികളുടെയും തീരങ്ങളിൽ നിന്ന് ഉദിച്ചുയർന്ന ഈ നാഗരിക സംസ്കൃതിയുടെ പുഷ്കലകാലം 2700 ബി.സി.ക്കും 1700 ബി.സി.ക്കും ഇടയ്ക്കായിരിക്കും. ഗുജറാത്ത് മുതൽ അഫ്ഘാനിസ്ഥാൻ വരെ വ്യാപിച്ചിരുന്ന മഹാനഗരികതയായിരുന്നു ഇത്. ഹാരപ്പയിലും മോഹൻജൊദാരോയിലുമാണ് ഈ നാഗരികതയുടെ അവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തിയത് എന്നതിനാൽ ഈ സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയാണ് സിന്ധു നാഗരികതയെ പൊതുവെ പറയാറുള്ളത്. ഹാരപ്പൻ സംസ്കാരം, സൈന്ധവ നാഗരികത എന്നൊക്കെ സിന്ധു നദീതട സംസ്കാരത്തെ വിളിച്ചു വരുന്നു.

മോഹൻജൊദാരോയും ഹാരപ്പയും പാകിസ്ഥാനിലാണ്. ഇന്ത്യയിൽ ഗുജറാത്തിൽ നിന്നാണ് ഏറെയും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കാളിബംഗൻ,റോപാർ, ലോത്തൽ, ധോളാവീരാ, രാഖീഗഢി തുടങ്ങിയവ സിന്ധു നാഗരികതയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഇന്ത്യൻ പ്രദേശങ്ങളാണ്.

സൈന്ധവ നാഗരികരിൽ ഭൂരിഭാഗവും കൃഷിക്കാരായിരുന്നു വെന്നാണ് ലഭ്യമായ തെളിവുകൾ പറയുന്നത്. ഇവർ മൃഗങ്ങളെ വളർത്തുന്നവരുമായിരുന്നു. നല്ല പോലെ ആസൂത്രണം ചെയ്ത തെരുവുകളും ശുചീകരണത്തിന് ഓവുചാൽ അടക്കമുള്ള സംവിധാനങ്ങളും ഈ നഗരങ്ങളിൽ ഉണ്ടായിരുന്നു. 

സമകാലികമായ ഈജിപ്ഷ്യൻ, സുമേറിയൻ നാഗരികതകളുമായി തട്ടിച്ചു നോക്കിയാൽ സിന്ധു നദീതടത്തിലെ നഗരാസൂത്രണം ഏറെ ഉന്നതമായിരുന്നു. നാഗരിക സമ്പദ് വ്യവസ്ഥയോടൊപ്പം വിദേശ വ്യാപാരം കൂടിയുണ്ടായിരുന്ന വികസിത സംസ്കാരമായിരുന്നു സിന്ധുവിലേത്.'അമ്മ ദൈവത്തെയും  ശിവൻ, ലിംഗം തുടങ്ങിയ ദേവരൂപങ്ങളെയും ഇന്ത്യക്കാർ ആരാധിക്കാൻ തുടങ്ങിയത് ഇക്കാലത്താണെന്നും ലഭ്യമായ തെളിവുകൾ പറയുന്നു.മനുഷ്യരെ വർണാടിസ്ഥാനത്തിൽ വിഭജിച്ചിരുന്നില്ലെങ്കിലും അക്കാലത്തും പല ജനവിഭാഗങ്ങൾ ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. പുരോഹിതന്മാർ, ഭിഷഗ്വരന്മാർ, ജ്യോതിഷികൾ, എന്നിവരടങ്ങുന്നതായിരുന്നു ഒരു വിഭാഗം. പോരാളികളും കച്ചവടക്കാരും കൈവേലക്കാരും കലാകാരന്മാരും രണ്ടാമത്തെ വിഭാഗവും തൊഴിലാളികൾ  മൂന്നാമത്തെ വിഭാഗവുമായി സമൂഹത്തെ വിഭജിച്ചിരുന്നു എന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. 

ചരിത്രം തിരുത്തിയ കണ്ടെത്തൽ 

1921-23 കാലയളവിൽ ഇന്ത്യൻ പുരാവസ്തു വകുപ്പ് നടത്തിയ ഉത്‌ഖനങ്ങളിലൂടെയാണ് ഈ സംസ്കാരത്തെക്കുറിച്ച് ലോകം അറിഞ്ഞു തുടങ്ങിയത്. ഇപ്പോൾ പാകിസ്താനിലുള്ള ഹാരപ്പ നഗരത്തിൽ നിന്നാണ് ഇതിന്ടെ ആദ്യ തെളിവുകൾ നരവംശ - പുരാവസ്തു ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. അതുവരെ ഇന്ത്യയിൽ രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും പഴക്കം ചെന്ന പുരാവസ്തു രേഖ അലക്‌സാണ്ടർ ചക്രവർത്തിയുടെ ആക്രമണ കാലത്തേതായിരുന്നു. ബി.സി.356-ലേത്. അതിൽ നിന്ന് ചരിത്രത്തെ വീണ്ടും ഒരു 3000  വർഷങ്ങളോളം പുറകിലേക്കെത്തിച്ചു ഹാരപ്പയിലെ കണ്ടെത്തൽ. വേദകാലഘട്ടമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനവാസ ചരിത്രത്തിൽ ഏറ്റവും പുരാതനമായ കാലഘട്ടമെന്നാണ് അത്രയും കാലം ചരിത്രകാരന്മാർ കരുതിയിരുന്നത്. ഹാരപ്പയിലൂടെ പുതിയ കണ്ടെത്തൽ ആ നിഗമനത്തെയും തിരുത്തി.

സിന്ധു നദിക്കു പുറമെ, മൺസൂൺ കാലത്തു മാത്രം നീരൊഴുക്കുള്ള ഘാക്ഷർ ഹാക്രാ നദിയുടെ തടങ്ങളിലും ഈ സംസ്കൃതി നിലനിന്നിരുന്നു എന്നൊരു കണ്ടെത്തൽ ഇതിനിടെ ഉണ്ടായി. ഈ നദി, വേദങ്ങളിൽ പരാമർശിക്കുന്ന സരസ്വതിയാണ് എന്നൊരു സിദ്ധാന്തം നിലവിലുണ്ട്. അതിന്ടെ അടിസ്ഥാനത്തിൽ അടുത്ത കാലത്തായി ഇതിനെ സിന്ധു-സരസ്വതി നദീതട സംസ്കാരം എന്നും വിളിക്കുന്നുണ്ട്. എന്നാൽ, ഈ വാദം ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഉത്ഖനനങ്ങൾ 

1826-1838 കാലത്ത്, ചാൾസ് മോസൺ എന്ന സഞ്ചാരിയായ ചരിത്രകാരൻ തന്ടെ യാത്രയിൽ ബലൂചിസ്ഥാൻ, പഞ്ചാബ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ പഴയ നാഗരികതകളുടെ അവശിഷ്ടങ്ങൾ കണ്ടതായി രേഖപ്പെടുത്തിയിരുന്നു. 1850 കാലത്ത് കറാച്ചി-ലാഹോർ റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ബ്രിട്ടീഷ് എൻജിനീയർമാരായ ജോൺ ബ്രണ്ടൻ, വില്യം ബ്രണ്ടൻ എന്നിവർ ഈ പ്രദേശങ്ങളിൽ വളരെ പഴക്കം തോന്നിച്ചിരുന്ന ചൂടുകട്ടകൾ ധാരാളമായി ലഭ്യമാണെന്നത്  ശ്രദ്ധിച്ചിരുന്നു. എന്നാൽ അവയുടെ ചരിത്രപ്രാധാന്യം അവർക്കറിയില്ലായിരുന്നു. അതിനാൽ റെയിൽപ്പാത നിർമാണത്തിന് അവരതെടുത്ത് ഉപയോഗിച്ചു. 

1853-ൽ അലക്‌സാണ്ടർ കണ്ണിങ്ഹാം ഹാരപ്പയിൽ നിന്ന് മുദ്രകൾ കണ്ടെടുക്കുകയുണ്ടായി. ഇവ 1875 -ൽ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. പക്ഷെ, അത് ബ്രാഹ്മി ലിപിയാണെന്നാണ് അദ്ദേഹം കരുതിയത്. പിന്നീട ഒരു അൻപത് വർഷം കൂടി കഴിഞ്ഞു ജെ.ഫ്‌ളീറ്റ് എന്ന ചരിത്രകാരൻ ഇവിടങ്ങളിൽ നിന്ന് ശിലാചിത്രങ്ങൾ കണ്ടെത്തി. അതോടെയാണ് പുരാവസ്തു ഗവേഷകരുടെ ശ്രദ്ധ ഇങ്ങോട്ട് തിരിഞ്ഞത്. 

ബ്രിട്ടീഷ് സർക്കാരിന്റെ പുരാവസ്തു വകുപ്പ് 1920 മുതൽ ഹാരപ്പയിൽ വിസ്തരിച്ച് ഉത്ഖനനം നടത്തി. 1921-ൽ റാവു ബഹാദൂർ ദയാറാം സാഹ്നി എന്ന പുരാവസ്തു ശാസ്ത്രജ്ഞൻ ഹാരപ്പയിലെ സങ്കേതം കണ്ടെത്തി. തുടർന്ന് താഴേക്ക് ഖനനം നടത്തിയപ്പോൾ ഏഴു തട്ടുകളിലായി ബൃഹത്തായ  ഒരു നഗരത്തിന്ടെ അവശിഷ്ടങ്ങൾ തെളിഞ്ഞു വരുകയായിരുന്നു.അവയ്ക്ക് ക്രിസ്തുവിനു മുൻപ് 2500 വർഷമെങ്കിലും പഴക്കമുണ്ടെന്നായിരുന്നു അന്നു കരുതിയിരുന്നത്. ഒരു വർഷത്തിന് ശേഷം ആർ.ഡി.ബാനർജി മോഹൻജൊദാരോ എന്ന സ്ഥലത്തും ഇത്തരമൊരു നാഗരികതയുടെ അവശിഷ്ടങ്ങൾ ഉത്ഖനനത്തിലൂടെ കണ്ടെടുത്തു. തുടർന്ന് 1933 വരെ ചെറുതും വലുതുമായ ധാരാളം ഉത്ഖനനങ്ങൾ നടന്നു.

ഇന്ത്യ വിഭജനത്തിനു ശേഷം 1950-ൽ മോർട്ടീമർ വീലർ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ബലൂചിസ്ഥാനിലെ സൂട് കാഗൻ ദോർ മുതൽ ഗുജറാത്തിലെ ലോത്തൽ വരെ വ്യാപിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ പഠനങ്ങൾ നടന്നു.

വിസ്തൃതമായ  നാഗരികത

നൈൽ,യൂഫ്രട്ടീസ്, ടൈഗ്രിസ് നദീതട സംസ്കാരങ്ങളെക്കാളും വിശാലമായിരുന്നു സിന്ധു നദീതട സംസ്കൃതി. ഏതാണ്ട് 8,00,000 ച.കി.മീ.പ്രദേശത്ത് വ്യാപിച്ചിരുന്നു ഇത്. ടിബറ്റിൽ നിന്നുത്ഭവിച്ച് ഇന്ത്യ വഴി ഇന്നത്തെ പാകിസ്ഥാനിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നതാണ് സിന്ധുനദി. ഈ നദിയുടെ താഴെപ്പകുതിയിലെ തടങ്ങളിൽ രൂപം കൊണ്ട മനുഷ്യാവാസ വ്യവസ്ഥയാണ് സിന്ധൂനദീ തട നാഗരികത. എന്നാൽ, ഇതിന്ടെ സംസ്കൃതി വിദൂര പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്.വടക്ക്-കിഴക്ക് രൂപാർ, മണ്ഡ എന്നിവിടങ്ങൾ വരെയും തെക്കോട്ട് നർമദ നദീതടത്തിലെ മെഹ്‌ഗം, തേലോധ്, ഭഗത്രാവ് എന്നീ സ്ഥലങ്ങൾ വരെയും ഈ സംസ്കാരം വ്യാപിച്ചിരുന്നു. പടിഞ്ഞാറോട്ട് മക്രാൻ തീരത്തുനിന്ന് സുത് കാജദോർ വരെയാണ് ഈ നാഗരികതയുടെ പ്രചാരം.

സിന്ധൂ തടത്തിനു കിഴക്കോട്ട് ഈ നാഗരികത വ്യാപിച്ചിട്ടില്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പക്ഷെ, രാജസ്ഥാനിലെ കാലിബംഗനിൽ നിന്ന് അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ അത് തെറ്റാണെന്ന് തെളിഞ്ഞു. ഗംഗാ യമുനാ തടങ്ങളിലേക്ക് ഹാരപ്പൻ സംസ്കൃതി വ്യാപിച്ചിരുന്നുവോ എന്ന കാര്യത്തിൽ അപ്പോഴും സംശയം ബാക്കിയായിരുന്നു. യമുനാതടത്തിൽ ഡൽഹിയ്ക്ക് സമീപമുള്ള അലാംഗിപൂർ എന്ന സ്ഥലത്തു നിന്ന് 1958-ൽ അവശിഷ്ടങ്ങൾ കണ്ടെടുത്തതോടെ ആ സംശയവും തീർന്നു.

നഗരങ്ങൾ 

വൈദഗ്ധ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ട നഗര നിർമിതിയാണ് സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സമകാലിക സംസ്കൃതികളിൽ മറ്റെങ്ങും കണ്ടിട്ടില്ലാത്തതാണിത്. ഹാരപ്പയിൽ രവി നദിക്കരയിലായാണ് നഗരം നിർമിച്ചിരുന്നത്. ഗതാഗത സൗകര്യത്തിനും വ്യാപാരം എളുപ്പമാക്കാനുമാവണം ഇതെന്ന് കരുതുന്നു. നഗരങ്ങൾ ഒന്നിനുമീതെ ഒന്നായി ഒൻപത് അടുക്കുകളിലായാണ് കാണപ്പെടുന്നത്. നദിയിൽ ഇടയ്ക്കിടെ ഉണ്ടാകുമായിരുന്ന പ്രളയത്തിൽ മൂടപ്പെട്ടുപോകുന്ന നഗരത്തിന്റെ അതേ  മാതൃകയിൽ തന്നെ പുതിയ നഗരം പിന്നീട് അതേ സ്ഥലത്തു തന്നെ പണിതതായിരിക്കാമെന്നാണ് കരുതുന്നത്. പഴയ മാതൃക അതേപടി നിലനിർത്താൻ ഓരോ തവണയും ശ്രമിച്ചിരുന്നു. മോഹൻജൊദാരോയിലും ഇങ്ങനെ നഗരങ്ങൾ ഒന്നിന് മീതെ മറ്റൊന്നായി നിർമ്മിച്ചതിന്ടെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

മോഹൻജൊദാരോയിൽ ഒൻപത് അടുക്കുകളിലായും ഹാരപ്പയിൽ ആറ് അടുക്കുകളിലുമായാണ് നഗരാവശിഷ്ടങ്ങൾ കണ്ടെത്തിയത് .

നഗരങ്ങൾ രണ്ടു ഭാഗങ്ങളായിട്ടാണ് കാണപ്പെട്ടത് . ഒന്ന് പടിഞ്ഞാറ് ഭാഗത്തെ ഉയർന്ന കോട്ടയും, മറ്റൊന്ന് അതിനു കിഴക്കും താഴെയുമായുള്ള അങ്ങാടികൾ. താഴെയുള്ള അങ്ങാടിക്ക് സമീപമാണ് സാധാരണക്കാരുടെ പാർപ്പിടങ്ങളും പണിയാലകളും കച്ചവട സ്ഥലങ്ങളുമെല്ലാം മൺകട്ടകൾ ചൂട് കട്ടകൾ എന്നിവ  ഉപയോഗിച്ചാണ് കെട്ടിടനിർമാണം.

ആസൂത്രിതമായ തെരുവുകളാണ് ഇവിടെ ഉണ്ടായിരുന്നത്. പരസ്പരം കുറുകെ മുറിക്കുന്ന വിധമാണ് തെരുവ് വീഥികൾ. ഇങ്ങനെ വഴികൾ മുറിഞ്ഞു പോവുന്നതിനിടയ്ക്കുള്ള കള്ളികളിലായിരുന്നു വീടുകൾ, പടിഞ്ഞാറുള്ള കോട്ടയിലോ അതിനോട് ചേർന്നോ ആണ് നഗര മുഖ്യന്മാരുടെ വസതികളും കലവറകളും ആരാധനാലയങ്ങളും കോട്ടയ്ക്ക് ചതുരാകൃതിയിലുള്ള ഗോപുരങ്ങളും കൊത്തളങ്ങളും ഉണ്ട്. മോഹൻജൊദാരോവിലെ മേലെ അങ്ങാടിക്കടുത്ത് വലിയ ഒരു ജലാശയവും കണ്ടെത്തിയിട്ടുണ്ട്.

ഒന്നാന്തരം വീടുകൾ

ഒറ്റമുറി വീടുകൾ മുതൽ പല നിലകളും തട്ടുകളും ഉള്ള മാളികകൾ വരെ അതിൽപ്പെടും. ചില വീടുകളുടെ ഉള്ളിൽ നടുമുറ്റവും നടുമുറ്റത്തിനു ചുറ്റുമായി അടുക്കള, കലവറ, കുളിമുറി എന്നിവയും കാണാം. വീടുകൾക്കെല്ലാം സമാനമായ രൂപകല്പനയാണ് കാണുന്നത്. മുറികൾ നടുമുറ്റത്തേക്ക് തുറക്കുന്ന തരത്തിലുമാണ് മിക്ക വീടുകളും. വീട് നിർമ്മാണത്തിന് ചൂളയിൽ ചുട്ടെടുത്ത ചൂട് കട്ടകൾ ഉപയോഗിച്ചിരുന്നു. ചില വീടുകൾ കൂറ്റൻ തറകൾക്ക് മുകളിലാണ് പണിതിരിക്കുന്നത്. വീടുകൾക്ക് വിശാലമായ വരാന്തകൾ ഉണ്ടായിരുന്നു. പവിത്രമായ മരം ചില വീടുകളിൽ നട്ടിരുന്നു. കിണർ എല്ലാ വീടുകളിലും ഉണ്ട്. വെള്ളം സംഭരിക്കാൻ വലിയ സംഭരണികളും ഉണ്ടായിരുന്നു.

കൃഷി

നനവാർന്ന എക്കൽ മണ്ണിലായിരുന്നു സൈന്ധവരുടെ കൃഷി, ചോളം, ഗോതമ്പ്, ബാർലി, പരുത്തി,പയർ തുടങ്ങിയവയായിരുന്നു പ്രധാന വിളകൾ, ഒരേ സ്ഥലത്ത് നിരന്തരമായി കൃഷി ചെയ്തതുമൂലം വളക്കൂറ് നഷ്ടപ്പെട്ട് തരിശായത് ഈ സംസ്കാരത്തിന്റെ നാശത്തിന് കാരണമായെന്നും ഒരു അനുമാനമുണ്ട്.

വീടുകളിൽ കോഴിയെ വളർത്തിയിരുന്നു. കോലാട്,ചെമ്മരിയാട്,പോത്ത് എന്നിവരെയും ഇണക്കി വളർത്തി. മോഹൻജൊദാരോവിൽ നിന്ന് കിട്ടിയ ഒരു കളിമണ്ണിൽ പൂച്ചയുടെയും നായയുടെയും കാലടയാളം പതിഞ്ഞിട്ടുണ്ട്. ചുമട്ടു മൃഗങ്ങളായി ഒട്ടകത്തെയും കഴുതയെയും ഉപയോഗിച്ചു. കുതിരയെപ്പറ്റി സൂചനകളൊന്നുമില്ല.

ഇരുമ്പിനെ അറിയാത്തവർ 

ഇരുമ്പ് എന്താണെന്നറിയാത്തവരായിരുന്നു സൈന്ധവ നാഗരികതയിലെ മനുഷ്യർ. ഇരുമ്പായുധങ്ങൾ ഒന്ന് പോലും അവിടത്തെ ഉത്ഖനനത്തിൽ കണ്ടെത്തിയിട്ടില്ലാത്തതിനാലാണ് ഈ അനുമാനം. സ്വർണ്ണം, വെള്ളി, ചെമ്പ്,വെങ്കലം, വെളുത്തീയം, കാരീയം എന്നീ ലോഹങ്ങളാണ് അവർ ഉപയോഗിച്ചിരുന്നത്. 

ചെമ്പും വെങ്കലവും ഉപയോഗിച്ചുണ്ടാക്കിയ മഴു, കഠാര, അമ്പും വില്ലും, ഗദ, കവണ തുടങ്ങിയവയെല്ലാം അവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ആയുധങ്ങൾക്കൊന്നും വലിയ ഉറപ്പോ ഉപരോധ സ്വഭാവമോ ഉണ്ടായിരുന്നില്ല. അതിനാൽ, അവർ സമാധാന പ്രിയരായിരുന്നു എന്നും കരുതുന്നു. 

രാജസ്ഥാനിലെ ഖനികളിൽ നിന്ന് വന്നതായിരിക്കണം ചെമ്പ് എന്ന് കരുതുന്നു. ഇതിനാലാവണം മോഹൻജൊദാരോവിൽ പരിമിതമായിരുന്നു അവയുടെ ഉപയോഗം. ചാണകവും കരിയും കത്തിച്ചാണ് ഉലകൾ പ്രവർത്തിച്ചിരുന്നത്.

തൊഴിലുകൾ

മൺപാത്ര നിർമ്മാണമായിരുന്നു മുഖ്യ തൊഴിലുകളിൽ ഒന്ന്. കൈ കൊണ്ട് ഉണ്ടാക്കിയതും തികിരി (പാത്രനിര്മാണത്തിനു ഉപയോഗിക്കുന്ന ചക്രം) ഉപയോഗിച്ച് നിർമിച്ചതുമായ പാത്രങ്ങൾ  കണ്ടെത്തിയിട്ടുണ്ട്. അലങ്കാര പണികൾ ചെയ്ത പാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഇഷ്ടിക നിർമാണമായിരുന്നു മറ്റൊരു പ്രധാന തൊഴിൽ. ചൂളകളിൽ ചുട്ടെടുത്തവയും അതല്ലാതെ വെയിലത്ത് ഉണക്കിയെടുത്തവയുമായ ഇഷ്ടികകൾ ഇവിടെ നിന്ന് കണ്ടു കിട്ടിയിട്ടുണ്ട്. അവയുടെ പ്രത്യേകത വലുപ്പത്തിലെ കൃത്യതയാണ്.

രത്നക്കല്ലുകൾ കൊണ്ടുള്ള ആഭരണ നിർമാണമായിരുന്നു മറ്റൊരു തൊഴിൽ, കല്ലുകൾ അഫ്ഗാനിസ്ഥാൻ, പേർഷ്യ, ഖോറെസാൻ, തുർക്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വന്നതായിരിക്കണം ഉറപ്പു കുറഞ്ഞ സ്റ്റീറൈറ്റ് എന്ന കല്ലിൽ ചിത്രങ്ങളും ലിപികളും കൊത്തുന്ന വിദ്യ പ്രചാരത്തിലുണ്ടായിരുന്നു. പരുത്തിത്തുണി നെയ്ത്തും രോമങ്ങൾ കൊണ്ടുള്ള വസ്ത്രനിർമ്മാണവും ഉണ്ടായിരുന്നു.

ശുചിത്വ നഗരം

ഹാരപ്പൻ നഗരങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത അവയുടെ കൃത്യതയാർന്ന ശുചിത്വ സംവിധാനമാണ്. വീടുകൾക്കെല്ലാം പ്രത്യേകം കുളിമുറിയും ശുചിമുറിയും ഇവയ്‌ക്കെല്ലാം പൊതുവായ ഓവ് ചാലും ഉണ്ടായിരുന്നു.ഓവ് ചാലുകളെല്ലാം തെരുവുകളിലേക്ക് എത്തിയിരുന്നു. അഴുക്കു വെള്ളം ചോർന്ന് കുടിവെള്ളവുമായി കലരാതെ സംരക്ഷിക്കാൻ ഓവ് ചാലുകളിൽ മണ്ണ് കൊണ്ടുണ്ടാക്കിയ നാളികളും കണ്ടെത്തിയിട്ടുണ്ട്. രണ്ടു നില വീടുകളിൽ മുകളിലത്തെ നിലയിലെ കുളിമുറികളിലെ അഴുക്കു വെള്ളം ഇത്തരം നാളികൾ വഴി തെരുവുകളിലെ ഓവ് ചാലുകളിൽ എത്തിച്ചിരുന്നു. കുളിക്കുന്ന വെള്ളം കിണറ്റിലേക്ക് ഒഴുകാതിരിക്കാൻ പ്രത്യേക ഓവ് ചാൽ കെട്ടിയിരുന്നു. കുളിക്കുന്ന സ്ഥലം തറക്കെട്ടി പൊക്കുകയും ചെയ്തിരുന്നു.

ചപ്പ് ചവറുകൾ, ശേഖരിക്കാൻ എല്ലാ വീടുകളിലും പ്രത്യേകം പാത്രങ്ങൾ വെച്ചിരുന്നു. അഴുക്കു ചാലുകൾ വൃത്തിയാക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നു. മാലിന്യങ്ങൾ നിക്ഷേപിക്കാനായി പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. 

വായിക്കാനാവാതെ അക്ഷരങ്ങൾ

ഹാരപ്പൻ സംസ്കാരവുമായി ബന്ധപ്പെട്ട മുദ്രകളുടെ ചെറിയ ഖണ്ഡങ്ങൾ ആണ് ഇൻഡസ് ലിപി ( ഹാരപ്പൻ ലിപി). ലിപി എന്ന പേരിൽ ഹാരപ്പൻ സംസ്കൃതിയുടേതായി പരക്കെ അറിയപ്പെടുന്നത്. സീലുകൾ അഥവാ മുദ്രക്കട്ടകൾ ആണ്. ഏതാണ്ട് 60 ഇടങ്ങളിൽ നിന്നായി രണ്ടായിരത്തിലേറെ മുദ്രക്കട്ടകൾ കിട്ടുകയുണ്ടായി. പക്ഷെ, അവ ഇതുവരെ കൃത്യമായി വായിച്ചെടുക്കാനായിട്ടില്ല. സുമേറിയൻ ക്യൂണിഫോം, ഈജിപ്ഷ്യൻ ഹൈറോഗ്ലിഫിക്സ് ,ഇന്ത്യൻ താന്ത്രിക ചിഹ്നങ്ങൾ എന്നവയെല്ലാമായി ഈ അക്ഷരങ്ങളെ താരതമ്യം ചെയ്തു നോക്കിയിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. കച്ചവടക്കണക്കുകളും മറ്റു രേഖകളുമായിരിക്കണം ഇവ എന്നാണ് അനുമാനിക്കുന്നത്. കളിമണ്ണ് പരത്തിയെടുത്തോ, മൃദുവായ കല്ലുകളിൽ കൊത്തിയെടുത്തതോ, ചെമ്പു തകിടുകളിലോ നിർമിച്ചതോ ആയ ധാരാളം സീലുകൾ സിന്ധു തട പ്രദേശത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. അവയിൽ മിക്കതിലും മൃഗങ്ങളുടെയോ മനുഷ്യരുടെയോ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.

മോഹൻജൊദാരോ
 1. മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്നത്  മോഹൻജൊദാരോയാണ് 
 2. ആർ.ഡി.ബാനർജീ 1922-ലാണ് മോഹൻജൊദാരോ കണ്ടെത്തിയത്. പഞ്ചാബിലെ സിന്ധിൽ സ്ഥിതി ചെയ്യുന്നു.
 3. മഹസ്നാനഘട്ടം,അസ്സെംബ്ലി ഹാൾ, വലിയ ധാന്യപ്പുര, നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ, പശുപതി മഹാദേവന്റെ രൂപം, പുരോഹിതനെന്നു കരുതുന്ന ഒരു താടിക്കാരന്റെ രൂപം, എരുമയുടെ വെങ്കല പ്രതിമ എന്നിവ മോഹൻജൊദാരോയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കണ്ടെത്തലുകൾ, ആദ്യം കണ്ടെത്തിയ സ്ഥലം
 1. ഉഴവ് ചാൽ പാടങ്ങൾ - കാളിബംഗൻ 
 2. ആരാധനാലയ മാതൃകകൾ - മോഹൻജൊദാരോ 
 3. തുറമുഖം - ലോത്തൽ 
 4. കപ്പലുകളും നൗകകളും - ലോത്തൽ 
 5. ധാന്യപ്പുരകൾ - ഹാരപ്പ, മോഹൻജൊദാരോ 
 6. ചിതാഭസ്മം  അടക്കം ചെയ്ത പെട്ടി - സുത് കാഗെൻ ഡോർ 
 7. ലോഹ ഫാക്ടറി - ചാൻഹു ദാരോ, ലോത്തൽ 
 8. വ്യാപാര ഭവനങ്ങൾ - ലോത്തൽ 
 9. ചുട്ടെടുക്കുന്ന അടുപ്പ് - ഹാരപ്പ 
 10. ചെമ്പ് മഴു - റോപാർ 
 11. ചെമ്പിൽ തീർത്ത ആന - ദിംബാദ് 
 12. കുളിക്കടവ് - മോഹൻജൊദാരോ 
 13. ഒട്ടകത്തിന്റെ എല്ലുകൾ - കാളിബംഗൻ 
 14. ചെസ്സ്‌ബോട് - ലോത്തൽ 
 15. സ്ത്രീയുടെ ശിലാമാതൃക - ഹാരപ്പ 
 16. കൂട്ട ശവമടക്കിന്ടെ തെളിവുകൾ - ലോത്തൽ 
 17.  നൃത്തം ചെയ്യുന്ന പെൺകുട്ടി - മോഹൻജൊദാരോ
 18. മാലിന്യ സംസ്കരണ കേന്ദ്രം - മോഹൻജൊദാരോ, ലോത്തൽ, ചാൻഹു ദാരോ 
ഹാരപ്പ വേറിട്ട വിവരങ്ങൾ 
 1. സിന്ധു നദീ തട സംസ്കാര അവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തിയ സ്ഥലമാണ് ഹാരപ്പ.
 2. 1921 -ൽ ദയാറാം സാഹ്നിയാണ് ഹാരപ്പ കണ്ടെത്തിയത്.
 3. രവി നദിക്കരയിലാണ് ഹാരപ്പ 
 4. പടിഞ്ഞാറൻ പഞ്ചാബിലെ സാഹിവാൾ ജില്ലയിൽ ഉൾപ്പെടുന്ന സ്ഥലമാണ് ഹാരപ്പ.
 5. സൈന്ധവ ജനത മൃതദേഹങ്ങൾ പെട്ടികളിലാക്കി അടക്കം ചെയ്തിരുന്നു എന്നതിന് തെളിവുകൾ നൽകുന്ന ഒരേയൊരു സ്ഥലമാണ് ഹാരപ്പ. 
 6. രണ്ട് നിരകൾ വീതമുള്ള ആറ് ധാന്യപ്പുരകൾ, തൊഴിൽ ശാലകൾ, മീനിനെ പട്ടി വേട്ടയാടുന്ന രൂപം, ചെറിയ കാളവണ്ടിയുടെ രൂപം എന്നിവ  കണ്ടെത്തിയത് ഹാരപ്പയിൽ നിന്നാണ്.
 7. ഇംഗ്ലീഷിലെ എച്ച് മാതൃകയിലുള്ള സെമിത്തേരികൾ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
 8. വലിയ ധാന്യക്കലവറ കണ്ടെത്തിയതും ഹാരപ്പയിലാണ്. ഇതിലെ ഏതാനും അറകളാക്കി തിരിച്ചിരുന്നു.
സിന്ധു നാഗരിക കേന്ദ്രങ്ങളും നദികളും
 1. ഹാരപ്പ - രവി 
 2. മോഹൻജൊദാരോ - സിന്ധു 
 3. ചാൻഹു ദാരോ - സിന്ധു 
 4. ലോത്തൽ - സാബർമതിയുടെയും സോഗ് വായുടെയും സംഗമതീരം 
 5. കാളിബംഗൻ - സരസ്വതി, ലഹാർ 
 6. ബൻവായി - സരസ്വതി 
 7. മിത്തൽ - യമുന 
 8. കോട്ട് സിജി - സിന്ധു 
സിന്ധു നദീതട കേന്ദ്രങ്ങൾ, കണ്ടെത്തിയവർ, കണ്ടെത്തിയ വർഷം
 1. ഹാരപ്പ - ദയാറാം സാഹ്നി - 1921 
 2. മോഹൻജൊദാരോ - ആർ.ഡി.ബാനർജി - 1922 
 3. സത്കഗെൻഡോർ - ആർ.എൽ.സ്റ്റെയ്ൻ - 1927 
 4. അമ് റി - എം.ജി.മാജ്ഉംദർ - 1929 
 5. രംഗ്പൂർ - എം.വാട്സ് - 1953 
 6. ചാൻഹു ദാരോ - എൻ.ജി.മാജ്ഉംദർ - 1931 
 7. കോട്ട് സിജി - ഗുറൈ - 1935 
 8. റോപാർ - വൈ.ഡി.ശർമ്മ - 1935 
 9. കാളിബംഗൻ - എ.ഘോഷ് - 1953 
 10. ലോത്തൽ - എസ്.ആർ.റാവു - 1957 
 11. സുർകോതാഡാ - ജഗത്പതി ജോഷി - 1972 
 12. ബൻവാലി - ആർ.എസ്.ബിഷ്ട് -1973 
ധോളവീര 
 1. ഗുജറാത്തിൽ കച്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
 2. ബി.സി.2900 മുതൽ 2100 വരെ സമ്പന്നമായ സിന്ധുതട കേന്ദ്രമായിരുന്നു ഇത്.
 3. ഇഷ്ടികയും കല്ലും ഉപയോഗിച്ചുള്ള നിർമിതികൾ കണ്ടെത്തി. 
 4. 1967-68 കാലത്ത് ജെ.പി.ജോഷിയുടെ നേതൃത്വത്തിൽ നടന്ന ഉത്ഖനനത്തിലാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്.
 5. ഈ അവശിഷ്ടങ്ങൾ ഇവിടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ച മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
 6. ഏകീകൃത ജലസേചന സംവിധാനമുണ്ടായിരുന്ന നഗരമായിരുന്നു ധോളവീര. 
ലോത്തൽ 
 1. സിന്ധു നദീ സംസ്കാരത്തിന്റെ ഭാഗമായ തുറമുഖ നഗരമാണ് ലോത്തൽ.
 2. ഗുജറാത്തിലാണ് ലോത്തൽ സ്ഥിതി ചെയ്യുന്നത്.
 3. എസ്.ആർ.റാവു 1955-ലാണ് ലോത്തൽ കണ്ടെത്തിയത്.
 4. മനുഷ്യ നിർമിത തുറമുഖം, മുത്തുകൾ നിർമിക്കുന്ന വ്യവസായശാലകൾ, പുരുഷനെയും സ്ത്രീയെയും ഒന്നിച്ച് അടക്കം ചെയ്തതിന്റെ തെളിവുകൾ എന്നിവ ലോത്തലിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
 5. ധാന്യപ്പുരകൾ,വ്യാപാരഭവനങ്ങൾ, കൂട്ടശവമടക്കിന്ടെ തെളിവുകൾ എന്നിവ ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
 6. സൈന്ധവ നാഗരികാവശിഷ്ടങ്ങളിൽ നിന്ന് ചെസ് ബോഡ് കണ്ടെത്തിയത് ഇവിടെ നിന്നാണ്.
 7. ഗ്രീക്കുകാർക്കും 2000 വർഷങ്ങൾക്ക് മുൻപ് ഈ നാട്ടുകാർ സമുദ്രങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു.
സിന്ധുനദീതട സംസ്കാരം ഒറ്റനോട്ടത്തിൽ
 1. 3000 ബി.സി.ക്കും 1500 ബി.സി.ക്കും ഇടയിൽ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു. 
 2. സിന്ധു നദീതടത്തിൽ നിന്ന് വളർന്നു വികസിച്ചതിനാലാണ് സിന്ധു നദീതട സംസ്കാരം എന്നറിയപ്പെടുന്നത്. 
 3. ഹാരപ്പൻ സംസ്കാരം എന്നും ഇത് അറിയപ്പെടുന്നു.
 4. ലോകത്തിലെ ഏറ്റവും ഉത്കൃഷ്ട സംസ്കാരങ്ങളിലൊന്നായിരുന്നു ഇത്.
 5. സിന്ധുനദീതട സംസ്കാര കേന്ദ്രത്തിനു ആ പേര് നിർദേശിച്ച പൂർവസ്തു ശാസ്ത്രജ്ഞൻ - സർ ജോൺ മാർഷൽ 
 6. മരിച്ചവരുടെ കുന്ന് അല്ലെങ്കിൽ സ്ഥലം എന്നറിയപ്പെടുന്ന സിന്ധു നദീതട സംസ്കാര കേന്ദ്രം - മോഹൻജൊദാരോ 
 7. ഏറ്റവും വലിയ സിന്ധുനദീതട സംസ്കാര കേന്ദ്രം - ഹാരപ്പ 
 8. ദ്രാവിഡരാണ് സിന്ധുനദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കളെന്നാണ് ഭൂരിപക്ഷാഭിപ്രായം. 
 9. നഗരാസൂത്രണവും നഗരവത്കരണവും ഈ സംസ്കാരത്തിന്റെ മുഖ്യ സവിശേഷതയായിരുന്നു.
 10. സിന്ധു നദീതട സംസ്കാരം വെങ്കല യുഗ സംസ്കാരം എന്നുമറിയപ്പെടുന്നു.
 11. സിന്ധു നദീതട സംസ്കാരത്തെക്കുറിച്ച് ആദ്യം സൂചന നൽകിയാൽ ചാൾസ് മേഴ്‌സനാണ്.
 12. സിന്ധു നദീതട നിവാസികൾക്ക് അജ്ഞാതമായിരുന്ന ലോഹമായിരുന്നു ഇരുമ്പ്.
 13. സിന്ധു നദീതട ജനത ആരാധിച്ചിരുന്ന മൃഗമായിരിന്നു കാള. 
 14. നായയെ ഇണക്കി വളർത്തിയിരുന്നു ഇവർ.
 15. സിന്ധുനദീതട ജനതയ്ക്ക് അറിവില്ലാതിരുന്ന മൃഗമായിരുന്നു കുതിര.
 16. അവളുതൂക്ക ആവശ്യങ്ങൾക്കായി സിന്ധു നദീതട ജനത ഉപയോഗിച്ചിരുന്ന പ്രധാന സംഖ്യയായിരുന്നു 16.
 17. പശുപതിയും മാതൃ ദേവതയും ഹാരപ്പൻ ജനതയുടെ വിശേഷപ്പെട്ട ആരാധനാമൂർത്തികളായിരുന്നു.
 18. സിന്ധു നദീതട ജനതയെ മെലൂഹ എന്നായിരുന്നു സുമേറിയക്കാർ വിളിച്ചിരുന്നത്.
 19. ഹാരപ്പൻ ജനതയുടെ പ്രധാനപ്പെട്ട നിർമാണ വസ്തുവായിരുന്നു ഇഷ്ടിക 
 20. ഗോതമ്പും ബാർലിയുമായിരുന്നു പ്രധാനപ്പെട്ട ഭക്ഷണ വിഭവങ്ങൾ. 
 21. ലോത്തലായിരുന്നു പ്രധാന കച്ചവടകേന്ദ്രം.
 22. ഇന്ത്യ സ്വതന്ത്രമായ ശേഷം ആദ്യമായി കണ്ടെത്തിയ ഹാരപ്പൻ നഗരം പഞ്ചാബിലെ ർ റോപാറാണ്.
 23. സിന്ധു നദീതട കാലത്ത് ഒഴുകിയിരുന്നതും എന്നാൽ ഇപ്പോൾ ഭൂമിക്കടിയിലായി എന്ന് കരുതുന്നതുമായ നദിയാണ് സരസ്വതി.
 24. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിന്ധുനദീതട കേന്ദ്രങ്ങൾ കാണപ്പെടുന്ന സംസ്ഥാനമാണ് ഗുജറാത്ത്. 
 25. പരുത്തികൃഷിക്ക് തുടക്കമിട്ടവരാണ് ഹാരപ്പൻ ജനത.
 26. വിഖ്യാതമായ നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ ശിൽപം കണ്ടെടുത്തത് - മോഹൻജൊദാരോ 
 27. ഹാരപ്പൻ മുദ്രകളും അളവുതൂക്കങ്ങളും ഹാരപ്പൻ ജനത അഭ്യസ്ത വിദ്യരായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. 
 28. സൈന്ധവ ജനത മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്നു. 
 29. മൃതദേഹം കുഴിച്ചിടുക, പക്ഷി മൃഗാദികൾക്ക് ഭക്ഷിക്കാനായി സമർപ്പിക്കുക, ശവശരീരത്തോടൊപ്പം വീട്ടുപകരണങ്ങളും ആഭരണങ്ങളും അടക്കം ചെയ്യുക എന്നീ രീതികളുണ്ടായിരുന്നു.
 30. മഹത്തായ പത്തായപ്പുര, ബൃഹത്തായ നീന്തൽകുളം എന്നിവ സ്ഥിതി ചെയ്യുന്ന സിന്ധുനദീതട സംസ്കാര കേന്ദ്രം മോഹൻജൊദാരോ.
 31. ആര്യന്മാരുടെ ആഗമന ഫലമായോ പ്രകൃതി ക്ഷോഭത്താലോ ആവാം സിന്ധു നദീതട സംസ്കാരം ഇല്ലാതായതെന്നാണ് നിഗമനം.
 32. ആര്യന്മാരുടെ ആഗമനമാണ് ഇതിന് കാരണമെന്ന് അഭിപ്രായപ്പെട്ടത് മോർട്ടിമർ വീലറാണ്.
 33. പ്രകൃതി ദുരന്തങ്ങൾ നിമിത്തമാണ് ഹാരപ്പൻ സംസ്കാരം തകർന്നതെന്ന് അഭിപ്രായപ്പെട്ടത് ജി.എഫ്.ഡെൽസിയാണ്.

Post a Comment

0 Comments